2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

എസ്.കെ.എസ്.എസ്.എഫ് ഹിസ്റ്ററി കോൺഗ്രസ് ഞായറാഴ്ച ; കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും

കോഴിക്കോട്
മലബാർ സമരത്തിൻറെ നൂറാം വാർഷികത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മലബാർ ഹിസ്റ്ററി കോൺഗ്രസ് സമാപന സമ്മേളനം 16 ന് മലപ്പുറത്ത് നടക്കും. സ്വാതന്ത്ര്യ സമരത്തിൻറെ ഭാഗമായി ബ്രിട്ടീഷുകാർക്കെതിരേ നടന്ന മലബാർ സമരത്തെ വികലമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുകയാണ് മലബാർ ഹിസ്റ്ററി കോൺഗ്രസ്. എസ്.കെ.എസ്.എസ്.എഫിൻറെ ആഭിമുഖ്യത്തിൽ ഒരു വർഷമായി നടന്നു വന്ന വിവിധ പരിപാടികളുടെ സമാപനം കൂടിയാണിത്. മലബാറിൽ നടന്ന സമര നായകന്മാരെക്കുറിച്ചുള്ള പഠനങ്ങൾ, കലാപ – പലായന പഠനങ്ങൾ, കലാപാനന്തര മലബാർ ചരിത്ര നിർമാണം, നവോത്ഥാനം; ഉലമാക്കളുടെ പങ്ക്, മലബാര്‍ സമരങ്ങളുടെ അനന്തരവും ആഘാതവും, ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ശ്രമങ്ങള്‍, ജയിൽ അനുഭവങ്ങൾ, മാപ്പിള ബൗദ്ധികതയുടെ ഉയര്‍ച്ചയും താഴ്ചയും,സ്വാതന്ത്ര്യാനന്തരം: മാപ്പിളയുടെ അതിജീവനം, ബഹുസ്വരതയെ കാത്ത നേതൃത്വം, കാഴ്ചപ്പാട്, സ്വാധീനം, സാമ്പത്തികം; ഗള്‍ഫ് പലായനം, അനന്തരം, സാംസ്‌കാരം, വിമര്‍ശനങ്ങള്‍, നിരൂപണങ്ങള്‍, പുതിയ കാലം, പുതിയ കുതിപ്പ് തുടങ്ങി 40 പ്രബന്ധങ്ങൾ സെമിനാറിൽ അവതരിപ്പിക്കും.

രാവിലെ ഒൻപതു മുതൽ മലപ്പുറം സുന്നി മഹലിൽ സജ്ജമാക്കുന്ന ഏറനാട്, വള്ളുവനാട് എന്നീ രണ്ട് വേദികളിൽ ഗവേഷണ പ്രബന്ധാവതരണങ്ങൾ നടക്കും. അധ്യാപകർ, ഗവേഷകർ, മാധ്യമ രംഗത്തെ പ്രമുഖർ, ചരിത്ര വിദ്യാർത്ഥികൾ എന്നിവരാണ് വിവിധ വിഷയങ്ങളെ അധികരിച്ച പ്രബന്ധങ്ങൾ അവതരിപ്പിക്കുക. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, അബൂബക്കർ സിദ്ധീഖ് ഐ.എ.എസ്, ഡോ. എം.എച്ച് ഇല്യാസ് തുടങ്ങിയവർ ഉദ്ഘാടന സെഷനിൽ സംബന്ധിക്കും.
വൈകിട്ട് നാലിന് മലപ്പുറം കുന്നുമ്മൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി സ്മാരക ടൗൺ ഹാളിൽ സമാപന സമ്മേളനം നടക്കും. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും.
സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, പ്രമുഖ മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജ് തുടങ്ങി സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ സംബന്ധിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.