2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക: സൗഹൃദ സംഗമവേദിയാകാന്‍ ഒരുങ്ങി പഴയന്നൂര്‍

തൃശൂര്‍: ദേശസ്‌നേഹത്തിന്റെ വിളംബരവുമായി മാനവ സൗഹാര്‍ദ്ദത്തിന്റെ പുതിയ സ്‌നേഹ ഗാഥകള്‍ രചിച്ച് തൃശൂര്‍ ജില്ലാ മനുഷ്യജാലിക നാളെ വൈകിട്ട് നാലിന് മാനവ സൗഹൃദത്തിന് ഏറെ പേരുകേട്ട പഴയന്നൂരില്‍ നടക്കും. വര്‍ഗീയത താണ്ഡവ നൃത്തമാടുന്ന ഭാരതത്തിന്റെ മണ്ണില്‍ രാജ്യത്തിന്റെ പൈതൃകം നിലനിര്‍ത്താനും കഴിഞ്ഞ കാലത്തിന്റെ സുകൃതങ്ങളെ തിരിച്ചു കൊണ്ടുവരാനുമാണ് ‘രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍’ എന്ന പ്രമേയത്തില്‍ മനുഷ്യജാലിക അരങ്ങേറുന്നത്.
ജാതിമതഭേദങ്ങള്‍ക്കതീതമായി ഭാരതീയര്‍ രാജ്യത്തിന്റെ നന്മക്കും ഐക്യത്തിനും വേണ്ടി നിലകൊള്ളാനും രാജ്യത്തിന്റെ പവിത്രമായ പൈതൃകം കാത്തുസൂക്ഷിക്കാനും പൗരന്മാര്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കുന്ന ഛിദ്രശക്തികളെ ഒറ്റപ്പെടുത്താനും ജാലികയില്‍ അണിചേരുന്ന നാനാജാതി മതസ്ഥരായ പുരുഷാരം ദൃഢപ്രതിജ്ഞ ചെയ്യും. ഇത് 13-ാം തവണയാണ് എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ റിപ്പബ്ലിക്ക് ദിനത്തില്‍ കേരളത്തിന്റെ എല്ലാ ജില്ലകള്‍ക്കും പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ആസാം, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, മുംബൈ, ജമ്മു കാശ്മീര്‍, ബീഹാര്‍ എന്നിവിടങ്ങളിലും വിദേശത്ത് യു.എ.ഇയിലെ വിവിധ സംസ്ഥാനങ്ങള്‍, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍, സൗദി, മലേഷ്യ, ലണ്ടന്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും മനുഷ്യജാലിക നടക്കുന്നുണ്ട്.
രാജ്യത്തിന്റെ പാരമ്പര്യത്തെ ഓര്‍മപ്പെടുത്തുകയും എല്ലാതരത്തിലുമുള്ള വിഭാഗീയ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും നിരുത്സാഹപ്പെടുത്തുകയുമാണ് എസ്.കെ.എസ്.എസ്.എഫ് മനുഷ്യാജാലികയിലൂടെ ചെയ്തു കൊണ്ടിരിക്കുന്നത്. വര്‍ഗീയ ചിന്തകള്‍ക്ക് പ്രചാരം ലഭിക്കുകയും പാരമ്പര്യമായി കാത്തുസൂക്ഷിച്ച സൗഹൃദങ്ങള്‍ക്ക് വിള്ളലേല്‍ക്കുകയും ചെയ്യുന്നതാണ് മനുഷ്യജാലികയെ ഇത്രയേറെ പ്രസക്തവും ജനകീയവുമാക്കുന്നത്.
നാളെ രാവിലെ ഒന്‍പതിന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മഅ്‌റൂഫ് വാഫി പതാക ഉയര്‍ത്തും. വൈകിട്ട് നാലിന് ആലത്തൂര്‍ റോഡില്‍ പഴയന്നൂര്‍ പൊലിസ് സ്റ്റേഷന്‍ കഴിഞ്ഞ് പാറക്കുളം നിസ്‌കാരപ്പള്ളിക്ക് പരിസരത്ത് നിന്നും ദേശീയോദ്ഗ്രഥന സന്ദേശവുമായി മനുഷ്യജാലിക ഘോഷയാത്ര ആരംഭിക്കും.
സമസ്ത ജില്ലാ ജനറല്‍ പ്രസിഡന്റ് ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്‌ലിയാര്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. നഗരം ചുറ്റി പഴയന്നൂര്‍ ടൗണിലെ മീസാന്‍ പാലസിന് സമീപമുള്ള ഗ്രൗണ്ടില്‍ സംഗമിക്കുന്ന മനുഷ്യാജാലിക സമ്മേളനം പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി.ടി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ പ്രാര്‍ഥന നിര്‍വഹിക്കും.
സംഘാടക സമിതി അധ്യക്ഷന്‍ യു.ആര്‍ പ്രദീപ് എം.എല്‍.എ അധ്യക്ഷനാകും. കെ.എന്‍.എ ഖദര്‍ എം.എല്‍.എ മുഖ്യാതിഥിയാകും. അഡ്വ. ഹനീഫ് ഹുദവി ദേലംപാടി പ്രമേയ പ്രഭാഷണം നടത്തും. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എം.എം മുഹ്‌യുദ്ദീന്‍ മൗലവി ആലുവ, സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാന്‍ സുലൈമാന്‍ ദാരിമി ഏലംകുളം തുടങ്ങിയവര്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കും.
ജനറല്‍ സെക്രട്ടറി അഡ്വ ഹാഫിള് അബൂബക്കര്‍ സിദ്ദീഖ് സ്വാഗത പ്രഭാഷണം നിര്‍വഹിക്കും. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ പി.വൈ ഇബ്രാഹിം അന്‍വരി പഴയന്നൂര്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ ഇ വേണുഗോപാല മേനോന്‍, പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പത്മകുമാര്‍, പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റ് കെ.പി ശ്രീജയന്‍, ഗ്രാമപഞ്ചായത്ത് മെംബര്‍ പി.കെ മുരളീധരന്‍, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ സാഹിബ്, പഴയന്നൂര്‍ സെന്റ് ഡൊമനിക്ക് കാത്തോലിക്ക പള്ളി വികാരി ഫാ. നിബിന്‍ തളിയത്ത്, സുപ്രഭാതം ഡയരക്ടര്‍ എന്‍.എസ് അബ്ദുറഹ്മാന്‍ ഹാജി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റംഗം ഷെഹീര്‍ ദേശമംഗലം, ജില്ലാ ട്രഷറര്‍ അമീന്‍ കൊരട്ടിക്കര, വര്‍ക്കിങ് സെക്രട്ടറി ഷാഹുല്‍ പഴുന്നാന തുടങ്ങിയവര്‍ സംസാരിക്കും.
നാസര്‍ ഫൈസി തിരുവത്ര, ഉസ്താദ് ഹംസ ബിന്‍ ജമാല്‍ റംലി, കരീം ഫൈസി പൈങ്കണ്ണിയൂര്‍, ഷറഫുദ്ദീന്‍ മൗലവി വെന്മേനാട്, ഇല്യാസ് ഫൈസി, മുഹമ്മദ് കുട്ടി ബാഖവി അരിയന്നൂര്‍, ത്രീസ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി, സി.എ ലത്തീഫ് ദാരിമി അല്‍ ഹൈത്തമി, ഇസ്മായില്‍ റഹ്മാനി തുടങ്ങിയ സമസ്ത പോഷക ഘടകങ്ങളുടെ നേതാക്കളും എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഭാരവാഹികളും റാലിക്ക് നേതൃത്വം നല്‍കും.
അറിയിപ്പ്
വാഹനങ്ങള്‍ പാറക്കുളം നിസ്‌കാരപ്പള്ളിക്ക് സമീപം ആളെ ഇറക്കി തിരിച്ച് വന്ന് മനുഷ്യജാലിക നടക്കുന്ന പഴയന്നൂര്‍ ടൗണിലെ മീസാന്‍ പാലസിനു സമീപമുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. മനുഷ്യജാലികയില്‍ പങ്കെടുക്കുന്നവര്‍ 3:30ന് മുന്‍പായി പാറക്കുളം നിസ്‌കാരപ്പള്ളിക്ക് സമീപം എത്തിച്ചേരേണ്ടതാണ്.
റാലിയില്‍ മേഖലാ കമ്മിറ്റികളും വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും സ്വന്തം ബാനറിന് പിന്നിലാണ് അണിനിരക്കേണ്ടത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.