
തിരുവനന്തപുരം: മൂന്നു മാസം ഗര്‍ഭിണിയായ യുവതി എസ്.എ.ടി ആശുപത്രിയില്‍ മരിച്ചു. കന്യാകുമാരി ഫാത്തിമാനഗര്‍ ലിറ്റില്‍ ഫ്ളവര്ഹൗസ് പുഷ്പഗിരി (2216)യില്‍ വിജുവിന്റെ ഭാര്യ സ്നേഹാറാണി (30) ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചത്. അധികൃതരുടെ അനാസ്ഥയും ചികിത്സാ പിഴവുമാണ് യുവതിയുടെ മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിക്കു മുന്നില്‍ പ്രതിഷേധിച്ചു. യുവതിയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് പൊലിസ് സ്റ്റേഷനില്‍ പരാതിയും നല്കി. ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ യുവതിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് മെഡിക്കല്‍ കോളജിലെ മൂന്നംഗ സംഘത്തെയും നിയോഗിച്ചു. മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ സബൂറാബീഗം, ഗൈനക്കോളജി വിഭാഗം മേധാവി ഡോ നിര്‍മ്മല, ഫോറന്‍സിക് വിഭാഗം മേധാവി ഡോ ശശികല എന്നിവരെയാണ് അന്വേഷണത്തിനു നിയോഗിച്ചിരിക്കുന്നത്. അഞ്ച് ദിവസമായി വെള്ളം കുടിച്ചിട്ട് ഇത്തിരി വെള്ളം താ അമ്മേ എന്ന് മകള്‍ പറഞ്ഞവെന്നും എന്നാല്‍, ആശുപത്രി അധികൃതര്‍ നല്കാന് അനുവദിച്ചില്ലെന്നും സ്നേഹാറാണിയുടെ അമ്മ പറഞ്ഞു. 33 ദിവസമായി സ്നേഹ റാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട്. ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
കുട്ടിയ്ക്ക് വളര്‍ച്ചയില്ലെന്ന് പറഞ്ഞിരുന്നുവെന്നും ഗര്‍ഭഛിദ്രം നടത്തേണ്ടി വരുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും ബന്ധുക്കളുടെ സമ്മതമില്ലാതെയാണ് ഇന്നലെ ഗര്‍ഭഛിദ്രം നടത്തിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇന്നലെ രാവിലെ തന്നെ യുവതി മരിച്ചെങ്കിലും വൈകിയാണ് ബന്ധുക്കളെ അറിയിച്ചതെന്നും ആരോപണമുണ്ട്.
ആശുപത്രി അധികൃതര്‍ നല്കുന്ന വിശദീകരണം:
ഗര്‍ഭത്തിന്റെ സ്ഥാനം കൃത്യമായി നിര്‍ണയിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ കഴിഞ്ഞമാസം ഒന്‍പതാം തിയതി യുവതി ആശുപത്രിയിലെത്തുന്നത്. ഹോര്‍മോണ്‍ പരിശോധനയില്‍ ഗര്‍ഭമുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ സ്കാനിംഗ് പരിശോധനയില്‍ വെസിക്കുലാര്‍ മോള് എന്ന ഗര്‍ഭം പോലുള്ള അവസ്ഥയാണെന്ന് മനസിലാക്കി ഡി ആന്റ് സി ചെയ്തു. എന്നാല്‍ വീണ്ടും ഹോര്‍മോണ്‍ പരിശോധന നടത്തിയപ്പോഴും ഹോര്‍മോണിന്റെ അളവില്‍ വ്യത്യാസമൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ട്യൂബല്‍ പ്രഗ്നന്‍സി ഉണ്ടോയെന്ന പരിശോധിച്ച് ട്യൂബിലാണ് ഗര്‍ഭമെന്ന് കണ്ടെത്തി. എന്നാല്‍ അതില്‍ നിന്നും രക്തസ്രാവമുണ്ടായി. വ്യാഴാഴ്ച രാവിലെ സ്കാന്‍ ചെയ്ത് രക്തസ്രാവമുണ്ടെന്ന കണ്ടെത്തലില്‍ ബന്ധുക്കളോട് ശസ്ത്രക്രിയ നിര്‍ദേശിക്കുകയായിരുന്നു. അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും ബന്ധുക്കളെ അറിയിച്ചിരുന്നു. രാത്രിയില്‍ വീണ്ടും സ്കാന്‍ ചെയ്തപ്പോഴും രക്തസ്രാവത്തിന്റെ അളവ് കൂടുന്നതായി മനസിലായി. തുടര്‍ന്ന് രാത്രി തന്നെ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയാ വേളയില്‍ രക്തം നല്‍കവെ യുവതിക്ക് പള്‍സ് കുറയുകയും ഹൃദയസ്തംഭനമുണ്ടാകുകയും ചെയ്തു. തുടര്‍ന്ന് തീവ്രപരിചരണവിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ ലഭ്യമാക്കി അപകടനില തരണം ചെയ്തു. വെള്ളിയാഴ്ച രാവിലെ വീണ്ടും ശക്തമായ ഹൃദയസ്തംഭനമുണ്ടായി മരിക്കുകയായിരുന്നുവെന്ന് യൂണിറ്റ് മേധാവി ഡോ. ശ്രീലത അറിയിച്ചു.