മ്യാന്മര് സേന റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കു നേരെ നടത്തിയ നിഷ്ഠൂരമായ നരനായാട്ട് സംബന്ധിച്ച യു.എന്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കയാണ്. യു.എന്‍ മനുഷ്യാവകാശ കമ്മിഷണര്‍ സെയ്ദ് റഅദ് അല്‍ഹുസൈന്റെ നേതൃത്വത്തില്‍ യു.എന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് മ്യാന്മര് സേനയുടെ രക്തം ഉറഞ്ഞുപോകുന്ന അതി ക്രൂരമായ ആക്രമണങ്ങളുടെ വിവരണങ്ങള്‍ അടങ്ങിയിട്ടുള്ളത്. ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിംഗ്യന്‍ മുസ്ലിംകള് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.
അമ്മമാരുടെ മാറില്‍ നിന്നു കൈകുഞ്ഞുങ്ങളെ പറിച്ചെടുത്ത് പൈശാചികമായി കുത്തിക്കൊല്ലുകയായിരുന്നു സേന. റോഹിംഗ്യന്‍ ഗ്രാമങ്ങളില്‍ ഇരച്ചുകയറിയ സൈന്യം വീടുകള്‍ അഗ്നിക്കിരയാക്കുകയും മുലകുടി മാറാത്ത കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊല്ലുകയും സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊന്നൊടുക്കുകയും ചെയ്തുവെന്ന അതി ഭീകരസംഭവങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. മുലപ്പാലിനുവേണ്ടി കരയുന്ന കുഞ്ഞുങ്ങളുടെ വായിലേക്ക് കഠാര കുത്തിയിറക്കുന്നത് എന്തുതരം ഭീകര പ്രവര്‍ത്തനമാണെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ റഅദ് അല്‍ ഹുസൈന് വികാരഭരിതനായി ചോദിക്കുന്നു. ഒക്ടോബറില്‍ തുടങ്ങിയതാണ് റോഹിംഗ്യന്‍ ഗ്രാമങ്ങളിലെ മ്യാന്മര് സേനയുടെ ക്രൂരതകള്‍.
ലോകത്ത് ഏറ്റവും കൂടുതല്‍ പീഡനം അനുഭവിക്കുന്ന ജനതയെന്ന് ഐക്യരാഷ്ട്രസഭ തന്നെ വിശേഷിപ്പിച്ച ജനവിഭാഗമാണ് റോഹിംഗ്യന്‍ മുസ്ലിംകള്. വോട്ടവകാശമില്ലാതെ, പൗരാവകാശമില്ലാതെ അക്ഷരാര്‍ഥത്തില്‍ തന്നെ നിരാലംബരായാണ് ഈ ജനത റോഹിംഗ്യയില്‍ കഴിഞ്ഞുപോരുന്നത്. മ്യാന്മറിന്റെ ആദിരൂപമാണ് ബര്‍മ.
ബ്രിട്ടന്റെ അധീനതയിലിരുന്ന ബര്‍മയിലെ റോഹിംഗ്യന്‍ ഗ്രാമങ്ങള്‍ക്ക് സ്വയം നിര്‍ണയാവകാശം ബ്രിട്ടിഷ് സര്‍ക്കാര്‍ നല്‍കിയിരുന്നു. ബ്രിട്ടിനില്‍ നിന്നു ബര്‍മ സ്വാതന്ത്ര്യം നേടിയപ്പോള്‍ അധികാരത്തില്‍ വന്നത് ബുദ്ധമതത്തിന് സ്വാധീനമുള്ള ഭരണകൂടവും സൈനിക നേതൃത്വവുമാണ്. റോഹിംഗ്യന്‍ പ്രദേശത്തുള്ളവരുടെ പൗരാവകാശങ്ങളും സ്വയം നിര്‍ണയാവകാശവും ഭരണകൂടം എടുത്തുകളഞ്ഞു. ഇതോടെ പൗരത്വമില്ലാത്ത ജനതയായി ലോകത്ത് ഒറ്റപ്പെട്ടു റോഹിംഗ്യന്‍ മുസ്്ലിംകള്‍.
മ്യാന്മറിലെ ബുദ്ധമത ഭൂരിപക്ഷത്തിന്റെയും സൈന്യത്തിന്റെയും ക്രൂരതകള്‍ക്ക് ഇരയായാണ് വര്‍ഷങ്ങളിലൂടെ ഈ ജനത കഴിഞ്ഞുപോരുന്നത്. മ്യാന്മറില് ജനിച്ച റോഹിംഗ്യന്‍ ജനത ബംഗ്ലാദേശില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവരാണെന്ന അടിസ്ഥാനരഹിതവും ചരിത്രത്തിന്റെ പിന്‍ബലമില്ലാത്തതുമായ ബാലിശമായ വാദങ്ങളാണ് ഭരണകൂടവും സൈന്യവും ഉന്നയിക്കുന്നത്. വോട്ടവകാശമില്ലാതെ, മതിയായ വിദ്യാഭ്യാസമില്ലാതെ, തൊഴിലില്ലാതെ, ഭൂമിയില്ലാതെ ഭൗതികമായ സൗകര്യങ്ങളില്ലാതെ മൃഗതുല്യം ജീവിക്കേണ്ടി വരുന്ന ഇവരെപ്പോലെ മറ്റേതെങ്കിലും ഒരു വിഭാഗം ലോകത്തുണ്ടാകുമോ എന്ന് സംശയമാണ്. അതിനാല്‍ തന്നെയാണ് ഐക്യരാഷ്ട്രസഭ റോഹിംഗ്യന്‍ ജനതയെ ലോകത്ത് ഏറ്റവുമധികം പീഡനം അനുഭവിക്കുന്നവരെന്ന് വിശേഷിപ്പിച്ചത്.
പീഡിതര്‍ക്കൊപ്പം നില്‍ക്കുകയും ലോകം ആദരിക്കുകയും ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ആങ് സാന്സൂക്കിയുടെ പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോഴെങ്കിലും റോഹിംഗ്യന്‍ ജനതയുടെ ദുരിതങ്ങള്‍ക്ക് അറുതിയുണ്ടാകുമെന്ന് ലോകം പ്രതീക്ഷിച്ചു. സംഭവിച്ചത് റോഹിംഗ്യന്‍ ജനതക്ക് നേരെയുള്ള ക്രൂരതയുടെ വേലിയേറ്റമായിരുന്നു. 25 വര്‍ഷത്തിനുശേഷമാണ് പട്ടാളഭരണകൂടം 2015 നവംബറില്‍ അധികാരം വിട്ടൊഴിഞ്ഞത്. യു.എന്‍ സോളിഡാരിറ്റി ആന്റ് ഡവലപ്മെന്റ് പാര്‍ട്ടിയായിരുന്നു ഭരണതലപ്പത്തുണ്ടായിരുന്നതെങ്കിലും ഭരണം നിയന്ത്രിച്ചിരുന്നത് പട്ടാളമായിരുന്നു. സൂക്കിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി(എന്‍.എല്‍.ഡി) അധികാരത്തില്‍ വന്നിട്ടും സൈന്യത്തിന്റെ ക്രൂരതകള്‍ക്ക് അറുതിയായില്ല. 1990ല്‍ സൂക്കിയുടെ എന്‍.എല്‍.ഡി ഒറ്റക്ക് ഭൂരിപക്ഷം നേടിയിട്ടും പട്ടാളം ഭരണം കൈമാറാന്‍ തയ്യാറായില്ല. പട്ടാളത്തിന് ഇപ്പോഴും മ്യാന്മര് ഭരണകൂടത്തില്‍ നിര്‍ണായക സ്വാധീനമാണുള്ളത്.
അതിനാലാണ് സൂക്കിയുടെ പാര്‍ട്ടി അധികാരത്തിലേറിയിട്ടും റോഹിംഗ്യന്‍ മുസ്്ലിംകളുടെ കഷ്ടപ്പാട് അറ്റമില്ലാതെ തുടരുന്നത്. സമാധാനത്തിനുള്ള നൊബേല്‍ പ്രൈസ് നേടിയ വ്യക്തികൂടിയാണ് ആങ്സാങ്സൂക്കി. അവരുടെ തെരെഞ്ഞെടുപ്പ് വിജയം മുസ്്ലിംകള്‍ക്ക് തുണയാവുമെന്ന പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്. ഈ വേളയിലാണ് യു.എന്‍ മനുഷ്യാവകാശ കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. റിപ്പോര്‍ട്ടിലെ ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാമെന്ന് സൂക്കി യു.എന്‍ മനുഷ്യാവകാശ സംഘടനക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും റോഹിംഗ്യന്‍ ജനതയുടെ ദുരിതകാലത്തിന് അവസാനം എന്ന് ഉണ്ടാകുമെന്നതിന് ഇപ്പോഴും ഒരു ഉറപ്പുമില്ല.