കുറ്റിപ്പുറം: യു.പി സ്‌കൂള്‍ അധ്യാപക പരീക്ഷയ്ക്കുനല്‍കിയ അപേക്ഷകള്‍ അപ്രത്യക്ഷമായതിനുപിന്നാലെ എല്‍.പി അധ്യാപക പരീക്ഷയുടെ അപേക്ഷകളും കാണാനില്ലെന്ന പരാതികളുമായി നിരവധി ഉദ്യോഗാര്‍ഥികള്‍ രംഗത്തെത്തി. പി.എസ്.സി 2020 നവംബര്‍ ഏഴിന് നടത്തുന്ന പരീക്ഷയ്ക്ക് എല്‍.പി സ്‌കൂള്‍ അധ്യാപക തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കിയവരുടെ അപേക്ഷകളാണ് പ്രൊഫൈലുകളില്‍നിന്ന് അപ്രത്യക്ഷമായിരിക്കുന്നത്.
ഇതോടെ കണ്‍ഫര്‍മേഷന്‍ മെസേജ് നല്‍കാന്‍ കഴിയാതെ നിരവധി ഉദ്യോഗാര്‍ഥികളാണ് വെട്ടിലായിരിക്കുന്നത്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍നിന്നുള്ള എല്‍.പി.എസ്.എ അപേക്ഷകരാണ് കണ്‍ഫര്‍മേഷന്‍ മെസേജ് നല്‍കാനാകാതെ കുഴയുന്നത്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് ഇവര്‍ അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നത്. ഈ മാസം 11നകം കണ്‍ഫര്‍മേഷന്‍ നല്‍കണം. കണ്‍ഫര്‍മേഷന്‍ നല്‍കാനായി പ്രൊഫൈല്‍ തുറന്നുനോക്കിയ ഉദ്യോഗാര്‍ഥികളാണ് അപേക്ഷകള്‍ അപ്രത്യക്ഷമായതുകണ്ട് അമ്പരന്നത്.
യു.പി.എസ്.എ ഉദ്യോഗാര്‍ഥികളും കഴിഞ്ഞ ദിവസം സമാനമായ രീതിയിലുളള പരാതികളുമായി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് മുന്നൂറോളം യു.പി.എസ്.എ ഉദ്യോഗാര്‍ഥികളുടെ അപേക്ഷകളാണ് കാണാനില്ലാത്തത്. പരാതിക്കാരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത.
പി.എസ്.സിയുടെ ജില്ലാ ആസ്ഥാന ഓഫിസുകളിലും ജനപ്രതിനിധികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ ഇന്നലെ പരാതികള്‍ നല്‍കി. ചില ജില്ലാ ആസ്ഥാന ഓഫിസുകളില്‍ പരാതി നേരിട്ട് സ്വീകരിക്കാതെ പെട്ടിയില്‍ നിക്ഷേപിക്കാന്‍ പറഞ്ഞത് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധത്തിനിടയാക്കി. അതേസമയം, അപേക്ഷ സമര്‍പ്പിച്ചതിന്റെ പ്രിന്റൗട്ട് ചോദിക്കുകയാണ് പരാതിപ്പെടുന്ന ഉദ്യോഗാര്‍ഥികളോട് പി എസ് സി അധികൃതര്‍. പി.എസ്.സിയുടെ വെബ് സൈറ്റിലെ സാങ്കേതിക തകരാര്‍ പരിശോധിക്കാതെ പ്രിന്റൗട്ട് ചോദിക്കുന്നതിനെതിരെയും കടുത്ത പ്രതിഷേധമാണുയരുന്നത്. പി.എസ്.സിയുടെ സര്‍വര്‍ പരിശോധിക്കണമെന്നും തങ്ങളുടെ അപേക്ഷകള്‍ വീണ്ടെടുക്കാന്‍ നടപടി ഉണ്ടാകണമെന്നും ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ പി.എസ്.സിയുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
Comments are closed for this post.