
അങ്കമാലി: നഗരസഭയിലെ ഭരണകക്ഷിയായ എല്‍.ഡി.എഫില്‍ തര്‍ക്കം രൂക്ഷം. അധികാര തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സ്ഥാനം ജനതാദളിലെ ബിജു പൗലോസ് രാജിവച്ചു.
വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് സ്റ്റാന്റിങ് കമ്മിറ്റി സ്ഥാനം രാജിവച്ചതെന്ന് ബിജു പൗലോസ് പറയുന്നുണ്ടങ്കിലും അങ്കമാലി നഗരസഭ ചെയര്‍പേഴ്സണുമായുള്ള അഭിപ്രായ വിത്യാസമാണ് രാജിയ്ക്ക് കാരണമെന്ന് പറയപ്പെടുന്നു. കൗണ്‍സിലില്‍ കൂട്ടായ് എടുക്കുന്ന തീരുമാനങ്ങള്‍ ചെയര്‍പേഴ്സണ്‍ നടപ്പിലാക്കാന്‍ തയാറാകുന്നില്ലന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.
പാര്‍ട്ടി തലത്തിലും മുന്നണി തലത്തിലും പല ചര്‍ച്ചകള്‍ നടന്നുവെങ്കിലും അതൊന്നും നടപ്പിലാക്കാനും ചെയര്‍പേഴ്സണ്‍ തയാറാകുന്നില്ലന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. എല്‍.ഡി.എഫിന് ഭരണം കിട്ടിയതിനെ തുടര്‍ന്ന് ബിജു പൗലോസ് ആദ്യ രണ്ട് വര്‍ഷം വൈസ് ചെയര്മാന് ആയിരുന്നു. മുന്‍ധാരണ പ്രകാരം രണ്ട് വര്‍ഷം തികഞ്ഞതിനെ തുടര്‍ന്ന് വൈസ് ചെയര്മാന് സ്ഥാനം രാജിവെച്ചതോടെയാണ് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സ്ഥാനം ബിജു പൗലോസിന് ലഭിച്ചത്.
രാജി വെച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനത്തേയ്ക്ക് ഉടന്‍ തെരഞ്ഞെടുപ്പ് നടക്കും.