2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എല്‍.ഇ.ഡി ബള്‍ബുകള്‍ സ്ഥാപിക്കുന്നതില്‍ അഴിമതിയാരോപണം; കൗണ്‍സിലില്‍ ഇറങ്ങിപ്പോക്ക്

ഒറ്റപ്പാലം: നഗരസഭ പരിധിയിലെ സ്ട്രീറ്റ് ലൈറ്റുകളില്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ അഴിമതിയാരോപണവും ഇറങ്ങിപ്പോക്കും നടത്തി. ഇന്നലെ രാവിലെ ചേര്‍ന്ന ഒറ്റപ്പാലം നഗരസഭാ കൗണ്‍സിലില്‍ തെരുവ് വിളക്കുകളുടെ വാര്‍ഷിക അറ്റകുറ്റപണികളുടെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ക്വട്ടേഷന്‍ അംഗീകരിക്കാന്‍ കൗണ്‍സില്‍ മുമ്പാകെ വിഷയം അവതരിച്ചതോടെയാണ് അഴിമതി ആരോപണങ്ങളുടെ തുടക്കം.
കഴിഞ്ഞ വര്‍ഷം കൗണ്‍സില്‍ അംഗീകരിച്ചത് 25 വാട്ട് എല്‍.ഇ.ഡി ബള്‍ബുകളാണെന്നും പര്‍ച്ചേസ് ബില്ലിലും ഇതുതന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും എന്നാല്‍ ചില ബള്‍ബുകളില്‍ 24 വാട്ടും ചിലതില്‍ വാട്ട് രേഖപ്പെടുത്താതെയുമാണുള്ളതെന്ന് തെളിവ് സഹിതം കൗണ്‍സിലര്‍ പി.എം.എ ജലീല്‍ ആരോപിച്ചു. ഗുണമേന്മ കുറഞ്ഞ ബള്‍ബുകളില്‍ വിവിധ കമ്പനികളുടെ മാര്‍ക്കുകളാണ് സ്ഥാപിച്ചിട്ടുള്ളതെന്നും ഇതിന് നഗരസഭ ചെയര്‍മാന്‍ മറുപടി നല്‍കണമെന്നുമുള്ള വാദം ഇതര കൗണ്‍സിലര്‍മാരും വിഷയം ഏറ്റു പിടിക്കുകയായിരുന്നു. പത്ത് ലക്ഷം രൂപ ചെലവിട്ട എല്‍.ഇ.ഡി ബള്‍ബുകളില്‍ അഴിമതി നടന്നിട്ടുണ്ടെന്നും ആരോപണം ഉന്നയിച്ച പ്രതിപക്ഷം മുന്‍സിപ്പല്‍ എഞ്ചിനീയര്‍ക്കെതിയും രൂക്ഷ വിമര്‍ശനം നടത്തി.  സ്ട്രീറ്റ് ലൈറ്റ് പരിപാലനത്തിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 24 ലക്ഷം രൂപ ചിലവഴിച്ചെന്നും എന്നാല്‍ കുറ്റമറ്റ രീതിയില്‍ പരിപാലനം നടക്കുന്നില്ലെന്ന ആക്ഷേപങ്ങളും കൗണ്‍സിലര്‍മാര്‍ ഉന്നയിച്ചു. നഗരസഭ നേരിട്ട് സ്ട്രീറ്റ് ലൈറ്റുകളുടെ പരിപാലനം നടത്തുമെന്ന് കഴിഞ്ഞ വര്‍ഷം ക്വാട്ടേഷന്‍ അംഗീകരിക്കുമ്പോള്‍ സമ്മതിച്ചതാണെന്നും എന്നാല്‍ ഈ തീരുമാനം അവഗണിച്ചാണ് വീണ്ടും ക്വാട്ടേഷന്‍ അംഗീകാരത്തിനായി ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. ബന്ധപ്പെട്ടവര്‍ക്ക് ഇതുസംബന്ധിച്ചു നോട്ടീസ് നല്‍കുമെന്ന് നഗരസഭാ ചെയര്‍മാന്‍ എന്‍.എം നാരായണന്‍ നമ്പൂതിരി അറിയിച്ചെങ്കിലും ചെയര്‍മാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സില്‍ ഹാളില്‍നിന്ന് പുറത്തു പോവുകയായിരുന്നു പ്രതിപക്ഷാംഗങ്ങള്‍.  തുടര്‍ന്ന് കൗണ്‍സില്‍ യോഗം പിരിച്ചുവിടുകയായിരുന്നു. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി. ലത തന്നെ എന്‍ജിനീയറിങ് വിഭാഗം കാര്യക്ഷമമല്ലെന്നും ഇങ്ങനെ തുടരാനാണ് ഉദ്ദേശ്യമെങ്കില്‍ സ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെട്ട് രംഗത്ത് വന്നു. യോഗം ആരംഭിച്ചപ്പോള്‍ തന്നെ നഗരസഭയിലെ എന്‍ജിനീയറിങ് വിഭാഗത്തിന്റെ അനാസ്ഥക്കെതിരെ രൂക്ഷ വിമര്‍ശനവുമാണുയര്‍ന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News