2021 March 09 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എല്ലാ ആളുകളുമായും ചര്‍ച്ച നടത്തണം

ന്യൂഡല്‍ഹി: കശ്മിരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് എല്ലാ വിഭാഗം ആളുകളുമായും ചര്‍ച്ചനടത്താന്‍ സര്‍വകക്ഷിയോഗം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
വളരെ സൗമ്യമായ രീതിയില്‍ പ്രശ്‌നം കൈകാര്യംചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതായി യോഗം വിലയിരുത്തി. പ്രശ്‌നം പരിഹരിക്കുന്നതിനു ഞായറാഴ്ചയും തിങ്കളാഴ്ചയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള എം.പിമാരുടെ സര്‍വകക്ഷിസംഘം കശ്മിര്‍ സന്ദര്‍ശിച്ചിരുന്നു.
താഴ്‌വരയില്‍ നിര്‍ണായക സ്വാധീനമുള്ള ഹുര്‍റിയ്യത്ത് കോണ്‍ഫറന്‍സ് നേതാക്കളെ ചര്‍ച്ചയ്ക്കു കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ട സംഘം, എടുത്തുപറയത്തക്ക നേട്ടമില്ലാതെയാണു മടങ്ങിയത്. സംഘാംഗങ്ങള്‍ നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പങ്കുവയ്ക്കാനും നിലവിലെ സാഹചര്യം അവലോകനം ചെയ്യാനുമാണ് ഇന്നലെ സര്‍വകക്ഷി സംഘത്തില്‍പ്പെട്ടവര്‍ യോഗം ചേര്‍ന്നത്.
വിവിധ രാഷ്ട്രീയകക്ഷികളുമായും പൊതുജനങ്ങളുമായും പൗരപ്രതിനിധികളുമായും വ്യാപാര, വാണിജ്യ, അഭിഭാഷക, മറ്റു സംഘടനാ നേതാക്കളുമായും നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ യോഗത്തില്‍ വിലയിരുത്തി.
ചൊവ്വാഴ്ച സര്‍വകക്ഷി സംഘത്തിന്റെ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങളും താഴ്‌വരയിലെ സാഹചര്യങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാജ്‌നാഥ് സിങ് ധരിപ്പിച്ചിരുന്നു. സംസ്ഥാനത്തെ സാഹചര്യം അതീവഗുരുതരമാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അന്നു രാത്രിയോടെ മുതിര്‍ന്ന കേന്ദ്ര മന്ത്രിമാരും ബി.ജെ.പി നേതാക്കളും സംഭവം എങ്ങനെ നേരിടണമെന്ന് ആലോചിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇന്നലത്തെ യോഗം. ഹുര്‍റിയ്യത്തിന്റെ പേരു പരാമര്‍ശിക്കാതെ എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ചവേണമെന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രമേയം യോഗത്തില്‍ ഏകകണ്ഠമായി പാസാക്കി.
ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിക്കുന്ന വിഘടനവാദികളെ ഒറ്റപ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നു. താഴ്‌വരയിലെ നിലവിലെ സാഹചര്യങ്ങള്‍ അതീവ ഗുരുതരമാണെന്നു വിലയിരുത്തിയ യോഗം, രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും വ്യക്തമാക്കി. മൂന്നു മണിക്കൂറോളമാണ് യോഗം നീണ്ടത്.
അതേസമയം, സര്‍വകക്ഷിസംഘത്തിന്റെ തുടര്‍ച്ചയെന്നോണം 2010ലേതു പോലെ ചര്‍ച്ചകള്‍ക്കായി മധ്യസ്ഥസംഘം രൂപീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഹുര്‍റിയ്യത്ത് ഉള്‍പ്പെടെയുള്ളവരുമായി ഇവര്‍ ചര്‍ച്ചനടത്തും. ഇപ്പോഴത്തെ അവസ്ഥ തണുപ്പിക്കുന്നതിന്റെ ഭാഗമായി വിഘടനവാദി നേതാക്കള്‍ക്കെതിരേ ഉടന്‍ കടുത്ത നടപടികള്‍ ഉണ്ടാവില്ല.
നേരത്തെ, വിഘടനവാദികളുമായി ചര്‍ച്ചപോലും വേണ്ടെന്നായിരുന്നു സര്‍ക്കാരിന്റെയും ആര്‍.എസ്.എസ്സിന്റെയും നിലപാട്. എന്നാല്‍ കശ്മിരിലെ സാഹചര്യങ്ങള്‍ നേരിട്ടുകണ്ട സര്‍വകക്ഷി സംഘത്തിന്റെ ഇന്നലത്തെ യോഗത്തില്‍ അവരോടു ചര്‍ച്ചയാവാമെന്നതുള്‍പ്പെടെയുള്ള നിലപാടിനു മേല്‍ക്കൈ ലഭിക്കുകയായിരുന്നു.
വിഘടനവാദി നേതാക്കളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്ന് രാജ്‌നാഥ് പറഞ്ഞു. മുന്‍കാലങ്ങളില്‍ ഹുര്‍റിയ്യത്ത് നേതാക്കള്‍ ഉള്‍പ്പെടെയുള്ള വിഘടനവാദി നേതാക്കള്‍ക്കു നല്‍കിയിരുന്ന വിശേഷ പരിഗണനകളെല്ലാം പിന്‍വലിക്കുമെന്നും പാസ്‌പോര്‍ട്ട് അനുവദിക്കില്ലെന്നും വാര്‍ത്തകള്‍ വന്നിരുന്നു. സമാന അഭിപ്രായം സര്‍വകക്ഷി യോഗത്തില്‍ ചില എം.പിമാര്‍ ഉന്നയിച്ചെങ്കിലും അത്തരത്തിലുള്ള തീരുമാനങ്ങളിലേക്ക് യോഗം കടന്നില്ല.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.