2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എലിപ്പനി: അതീവ ജാഗ്രത; മരണസംഖ്യ ഉയരുന്നു- 39

തിരുവനന്തപുരം: എലിപ്പനി പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 13 ജില്ലകളില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എലിപ്പനി മരണങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് കഴിഞ്ഞദിവസം ചികിത്സാ പ്രോട്ടോക്കോള്‍ പുറത്തിറക്കിയിരുന്നു. രക്ഷാപ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും ആഴ്ചയിലൊരിക്കല്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണമെന്നാണ് പ്രോട്ടോക്കോളിലുള്ളത്.

എലിപ്പനിബാധിതരെ കിടത്താന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വെന്റിലേറ്റര്‍ അടക്കമുള്ള സൗകര്യങ്ങളും ആശുപത്രികളിലൊരുക്കി. പ്രതിരോധമരുന്നായ ഡോക്‌സിസൈക്ലിനും ചികിത്സക്ക് ആവശ്യമായ പെന്‍സിലിനും എല്ലാ ആശുപത്രികളിലും ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ശ്വാസകോശത്തെ ബാധിക്കുന്ന എലിപ്പനിയാണ് പടരുന്നതെന്നതിനാല്‍ മരണനിരക്ക് കൂടിയേക്കുമെന്ന് ആരോഗ്യവകുപ്പിന്റെ അറിയിപ്പിലുണ്ട്. കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്.
എലിപ്പനി ബാധിച്ചു സംസ്ഥാനത്ത് ഇന്നലെ ഏഴുപേര്‍ കൂടി മരിച്ചു. ഇതോടെ മരണ സംഖ്യ 39 ആയി ഉയര്‍ന്നു.
ഇന്നലെ കോഴിക്കോട്ടു മൂന്നും എറണാകുളത്തു രണ്ടും മലപ്പുറത്തും പാലക്കാടും ഓരോ മരണങ്ങളുമാണ് ഉണ്ടായത്.
കോഴിക്കോട് ജില്ലയില്‍ ഇന്നലെ രണ്ടുപേര്‍ കൂടി എലിപ്പനി ബാധിച്ച് മരിച്ചു. 13 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 25 സംശയാസ്പദമായ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മുക്കം വല്ലത്തായ്പ്പാറ കവളോറ പരേതനായ ചെലപ്പുറത്ത് ഹുസൈന്റെ മകന്‍ സലിംഷാ (42), വടകര കുട്ടോത്ത് ഓലയാട്ട് താഴെ ഉജേഷ് (38) എന്നിവരാണ് മരിച്ചത്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയാണ് സലിംഷാ മരിച്ചത്.
മാതാവ്: പാത്തുമ്മ. ഭാര്യ: ജമീല (ഒഴുകൂര്‍). മകള്‍: തസ്ലീമ. സഹോദരങ്ങള്‍: സി.പി അബു, മുഹമ്മദ്, കദീജ, മറിയം, സൈനബ. പരേതരായ ബാലന്റെയും ജാനുവിന്റെയും മകനാണ് ഉജേഷ്. സഹോദരങ്ങള്‍: ഉഷ, ഉമ, ഉമേഷ്.
മലപ്പുറത്ത് ചമ്രവട്ടം ചെറുകുളത്ത് ശ്രീദേവി, എറണാകുളത്ത് പെരുമ്പാവൂര്‍ അയ്മുറി ചാമക്കാല ഷാജിയുടെ ഭാര്യ കുമാരി (51) എന്നിവരാണ് മരിച്ചത്. കുമാരി കുടുംബശ്രീ പ്രവര്‍ത്തകരോടൊപ്പം കൂവപ്പടി, നെടുമ്പാശേരി മേഖലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പനി ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പാലക്കാട്ട് മുണ്ടൂര്‍ എഴക്കാട് ചെമ്പക്കര നിര്‍മല (50)യാണ് മരിച്ചത്.
പെരുമ്പാവൂരില്‍ പ്രളയക്കെടുതിയെ തുടര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന മധ്യവയസ്‌ക ഏലിപ്പനി ബാധിച്ച് മരിച്ചു.
അയ്മുറി ചാമക്കാല ഷാജിയുടെ ഭാര്യ കുമാരി (51)യാണ് മരിച്ചത്. കുടുംബശ്രീ പ്രവര്‍ത്തകരോടൊപ്പം കൂവപ്പടി മേഖലയിലും സ്വന്തം നാടായ നെടുമ്പാശ്ശേരിയിലും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. പനി ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുമാരി ശനിയാഴ്ച രാത്രിയോടെയാണ് മരിച്ചത്. മകന്‍: മിഥുന്‍.
എറണാകുളത്ത് പനി ബാധിച്ച് തമിഴ്‌നാട് സ്വദേശി രാജ (48) മരിച്ചു. 12 പേര്‍ എലിപ്പനി രോഗലക്ഷണങ്ങളുമായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.
മുളവുകാട്, മട്ടാഞ്ചേരി, പള്ളുരുത്തി, പറവൂര്‍, ചൂര്‍ണിക്കര, കടുങ്ങല്ലൂര്‍, കാക്കനാട്, കളമശ്ശേരി, മഴുവന്നൂര്‍, ഇടപ്പള്ളി, ആലുവ, വരാപ്പുഴ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് എലിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടിയത്. ഡെങ്കിപ്പനി രോഗലക്ഷണങ്ങളുമായി രണ്ടുപേരും ചികിത്സ തേടി.
എറണാകുളം ജില്ലയിലെ വിവിധ ആശുപത്രികളിലെ ഒ.പി വിഭാഗങ്ങളില്‍ പനി ബാധിച്ച് 266 പേരാണ് ചികിത്സ തേടിയത്.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.