സ്വന്തം ലേഖിക
കൊച്ചി: ജനസംഖ്യാനുപാതികമായി രാജ്യത്ത് ഏറ്റവുമധികം കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എറണാകുളം ജില്ല നേരിടുന്നത് കടുത്ത വാക്‌സിന്‍ ക്ഷാമം. ഇതുകാരണം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും താളം തെറ്റുകയാണ്. വാക്‌സിനുള്ള രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനവും അവതാളത്തിലായി.
ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ 47 വാക്‌സിനേഷന്‍ കേന്ദ്രങ്ങളും സ്വകാര്യ മേഖലയില്‍ 15 കേന്ദ്രങ്ങളുമാണുള്ളത്. ഇവിടങ്ങളിലേയ്ക്ക് ആവശ്യമായ വാക്‌സിന്‍ ലഭ്യമല്ല എന്നതാണ് പ്രശ്‌നം.
ഇന്നലെ വരെയുള്ള കണക്കനുസരിച്ച് സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ 15,000 ഡോസ് വാക്‌സിനും സ്വകാര്യ മേഖലയിലെ കേന്ദ്രങ്ങളില്‍ 5,000 ഡോസ് വാക്‌സിനുമാണ് അവശേഷിച്ചിരുന്നത്.
ഈ സ്റ്റോക്ക് ഇന്നലെ വൈകുന്നേരത്തോടെ തന്നെ തീരുമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ വിശദീകരിച്ചത്.
പുതിയ സ്റ്റോക്ക് എത്തിയില്ലെങ്കില്‍ ഇന്നുമുതല്‍ വാക്‌സിന്‍ വിതരണം ജില്ലയില്‍ ഏറെക്കുറെ നിശ്ചലമാവുകയും ചെയ്യും.
വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച തന്നെ വിപുലമായ വാക്‌സിനേഷന്‍ ക്യാംപുകള്‍ നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. പിന്നീട് സര്‍ക്കാര്‍ ആശുപത്രികളിലും മറ്റുമാണ് വാക്‌സിനേഷന്‍ നടന്നിരുന്നത്.
ജില്ലയില്‍ ഇതുവരെ ഏഴരലക്ഷം പേരാണ് ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. ഇവരില്‍ മഹാഭൂരിപക്ഷവും രണ്ടാം ഡോസ് വാക്‌സിനായി കാത്തിരിക്കുകയുമാണ്.
വാക്‌സിന്‍ ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് ഞായറാഴ്ച മുതല്‍ തന്നെ രജിസ്‌ട്രേഷന്‍ പ്രക്രിയയും നിലച്ചിരുന്നു.
ഓണ്‍ലൈന്‍ ലിങ്ക് വഴി വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് ‘ഇപ്പോള്‍ സാധ്യമല്ല’ എന്ന മറുപടിയാണ് ലഭിച്ചുകൊണ്ടണ്ടിരുന്നത്.
പുതിയ സ്റ്റോക്ക് വന്നശേഷമേ രജിസ്‌ട്രേഷന്‍ സ്വീകരിച്ച് തുടങ്ങുകയുള്ളൂ എന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്.
Comments are closed for this post.