
തിരുവനന്തപുരം: അന്താരാഷ്ടാ വിമാനത്താവള പരിസരത്ത് സര്‍വിസ് നടത്തുന്ന കള്ളടാക്സികള്ക്കെതിരേ കര്‍ശന നടപടിയുമായി മോട്ടോര്‍വാഹനവകുപ്പ്. സ്വതന്ത്ര മോട്ടോര്‍ ടാക്സി ഡ്രൈവേഴ്സ് കൂട്ടായ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ അന്‍പതോളം വാഹനങ്ങള്‍ക്കെതിരേ നടപടിയെടുത്തു. ഇതില്‍ മുപ്പതോളം വാഹനങ്ങള്‍ക്ക് പിഴ ചുമത്തി.
രാത്രി കാലങ്ങളില്‍ എയര്‍പോര്‍ട്ട് പരിസരത്ത്് അനധികൃതമായി നിരവധിപേര്‍ ടാക്സി സര്‍വിസ് നടത്തുന്നുണ്ടെന്ന് ടാക്സി ഡ്രൈവേഴ്സ് കൂട്ടായ്മ പ്രതിനിധികള്‍ പറയുന്നു. എയര്‍പോര്‍ട്ടിലും പാര്‍ക്കിങ് പരിസരങ്ങളിലും തമ്പടിച്ചിട്ടാണ് സ്വകാര്യ വാഹനങ്ങള്‍ ടാക്സി സര്‍വിസ് നടത്തുന്നത്.
ഇവയുടെ ഫോട്ടോയും വിഡിയോയും പകര്‍ത്തിയാണ് ഡ്രൈവേഴ്സ് കൂട്ടായ്മ മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്‍കിയത്. തിരുവനന്തപുരം ആര്.ടി.ഒയിലെ സേഫ് കേരള എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലെ എം.വി.ഐ നിധീഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വരുംദിവസങ്ങളിലും പരിശോധന തുടരാനാണ് അധികൃതരുടെ തീരുമാനം.