2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എന്‍ജിനീയറിങ്ങ് 23 കോളജുകള്‍ക്ക് കുട്ടികളെ കിട്ടാനില്ല

 

തിരുവനന്തപുരം: എന്‍ജിനീയറിങ്ങ് കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ എട്ടു ശതമാനം അധികമെന്ന് അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് 23 എന്‍ജിനീയറിങ്ങ് കോളജുകളില്‍ നാലിലൊന്നു സീറ്റില്‍ പോലും കുട്ടികളില്ല.
കഴിഞ്ഞ വര്‍ഷം 50 ശതമാനം വിദ്യാര്‍ഥികളാണ് പ്രവേശനം നേടിയപ്പോള്‍ ഈ വര്‍ഷം 57.9 ശതമാനം എന്നാണ് സാങ്കേതിക സര്‍വകലാശാലയുടെ അവകാശ വാദം. സര്‍വകലാശാലയുടെ കീഴിലുള്ള 47,268 സീറ്റുകളില്‍ 27,345 എണ്ണത്തില്‍ ഇപ്പോള്‍ പ്രവേശനം നടത്തി എന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷത്തെക്കാളും 2,857 വിദ്യാര്‍ഥികള്‍ കൂടുതല്‍ പ്രവേശനം നേടി. ഇത്തവണ കംപ്യൂട്ടര്‍ സയന്‍സിനാണ് വിദ്യാര്‍ഥികള്‍ അധികവും എത്തിയത്. കഴിഞ്ഞ വര്‍ഷം പല കോളജുകളിലും ഈ കോഴ്‌സിന് വിദ്യാര്‍ഥികളെ കിട്ടാനെ ഇല്ലായിരുന്നു.
അതേസമയം 23 സ്വകാര്യ കോളജുകളില്‍ 25 ശതമാനം സീറ്റുകളിലേയ്ക്ക് പോലും വിദ്യാര്‍ഥികളെ കിട്ടിയില്ല. നിലവാരത്തില്‍ പിറകെ നില്‍ക്കുന്ന കോളജുകളിലാണ് ഇത്തവണ കുട്ടികളെ കിട്ടാത്തതെന്നാണ് സങ്കേതിക സര്‍വകലാശാല പറയുന്നത്. 11 കോളജുകളില്‍ 17 ബാച്ചുകളില്‍ ഒറ്റ കുട്ടിയെ പോലും കിട്ടിയില്ല. 9 കോളജുകളില്‍ വിദ്യാര്‍ഥികളുടെ പ്രവേശനം 10 ശതമാനത്തിന് താഴെയാണ്. സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളജുകളില്‍ 2,240 സീറ്റിലേയ്ക്ക് വിദ്യാര്‍ഥികളെ കിട്ടിയില്ല. ഒമ്പത് സര്‍ക്കാര്‍ എന്‍ജിനീയറിങ്ങ് കോളജിലെ 3,330 സീറ്റില്‍ 66ഉം മൂന്ന് എയ്ഡഡ് കോളജുകളിലെ 1,770 സീറ്റില്‍ 76 എണ്ണവും ഒഴിഞ്ഞു കിടക്കുകയാണ്. 100 ശതമാനം സീറ്റുകളിലേയ്ക്ക് പ്രവേശനം നേടിയത് വെറും എട്ടു കോളജുകളില്‍ മാത്രമാണ്. ഇതില്‍ ആറെണ്ണം സര്‍ക്കാര്‍ കോളജുകളും ഒന്ന് സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളജും ഒന്ന് എയ്ഡഡ് കോളജുമാണ്. കൊല്ലം ടി.കെ.എം എന്‍ജിനീയറിങ്ങ് കോളജില്‍ 762 സീറ്റാണ് ആകെയുള്ളത്. ഇവിടെ മുഴുവന്‍ സീറ്റിലേയ്ക്കും പ്രവേശനം നടന്നു. സംസ്ഥാനത്ത് 100 ശതമാനം പ്രവേശനം നടന്ന ഏക എയ്ഡഡ് കോളജും ടി.കെ.എമ്മാണ്. തിരുവനന്തപുരം എന്‍ജിനീയറിങ്ങ് കോളജിലെ ആകെയുള്ള 625 സീറ്റിലും കണ്ണൂര്‍ സര്‍ക്കാര്‍ എന്‍ജിനിയറിങ്ങ് കോളജിലെ 345 സീറ്റിലും, ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ കോളജിലെ 306 സീറ്റിലും ബര്‍ട്ടണ്‍ഹില്‍ സര്‍ക്കാര്‍ എന്‍ജിനിയറിങ്ങ് കോളജിലെ 304 സീറ്റിലും കോഴിക്കോട് സര്‍ക്കാര്‍ എന്‍ജിനിയറിങ്ങ് കോളജിലെ 307 സീറ്റിലും കോട്ടയം രാജീവ്ഗാന്ധി എന്‍ജിനിയറിങ്ങ് കോളജിലെ 300 സീറ്റിലും വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയതോടെ ഈ കോളജുകള്‍ 100 ശതമാനം പ്രവേശനം നേടിയ പട്ടികയില്‍ ഇടം പിടിച്ചു.
തൃക്കാക്കര മോഡല്‍ എന്‍ജിനിയറിങ്ങ് കോളജിലെ 371 സീറ്റിലേയ്ക്കും പ്രവേശനം നടന്നതോടെ സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളജുകളുടെ പട്ടികയില്‍ 100 ശതമാനം പട്ടികയില്‍ ഇടം നേടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.