2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

എണ്ണയില്‍നിന്ന് ഊറ്റുന്നതാര്?

ഡോ. എന്‍.പി അബ്ദുല്‍ അസീസ്

ഇന്ത്യയിലെ പെട്രോള്‍ വില വര്‍ധനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും റെക്കോഡ് രേഖപ്പെടുത്തിയാണ് ഇന്ധനവില മുന്നേറുന്നത്. ഈ കുത്തനെയുള്ള വിലവര്‍ധനവിന് കാരണം അന്താരാഷ്ട്ര അസംസ്‌കൃത വിലയിലെ മാറ്റങ്ങളാണോ, അതല്ല കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന നികുതികളാണോ? അതോ മറ്റെന്തെങ്കിലും സാമ്പത്തിക കാരണങ്ങളാണോ? എന്നിങ്ങനെ ഒരുപാട് സംശയങ്ങളാണ് പൊതുജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍, ഇപ്പോഴത്തെ (കഴിഞ്ഞ രണ്ടാഴ്ചകളിലെ) വിലവര്‍ധനവ് ഒരു പരിധിവരെ അന്താരാഷ്ട്ര ഇന്ധനവില ഉയരുന്നതിലൂടെയാണെന്ന് വിശദീകരിക്കാനാകുമെങ്കിലും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയാണ് സുപ്രധാനകാരണമെന്ന് നിസ്സംശയം തെളിയിക്കാവുന്നതാണ്.

കുതിച്ചുയരുന്ന ഇന്ധനവിലയില്‍ വിദഗ്ധര്‍ വലിയ ആശങ്കയാണ് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിയില്‍ തൊഴിലും വരുമാനവും നഷ്ടപ്പെട്ട ജനങ്ങള്‍ ഇന്ധനവില വര്‍ധനമൂലം നട്ടംതിരിയുകയാണ്. അവശ്യസാധനങ്ങള്‍ക്കുണ്ടാകുന്ന വിലക്കയറ്റമാണ് ഇന്ധനവില വര്‍ധന മൂലമുണ്ടാകുന്ന ഏറ്റവും വലിയ ഭവിഷ്യത്ത്. ഇതിനകംതന്നെ പല കച്ചവടക്കാരും കമ്പനികളും അവരുടെ സാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. കാരണം, മിക്കവാറും എല്ലാ ചരക്കുകളും ചിലഘട്ടങ്ങളില്‍ റോഡുവഴിയാണ് കൊണ്ടുപോകുന്നത് എന്നത് കണക്കിലെടുക്കുമ്പോള്‍, ഗതാഗതച്ചെലവ് വര്‍ധിക്കുന്നു. തല്‍ഫലമായി ഉത്പന്നങ്ങളുടെയും അവശ്യവസ്തുക്കളുടെയും നിര്‍മാണ-വിതരണ ചെലവിനെ സാരമായി ബാധിക്കുന്നു. അതിനാല്‍ പണപ്പെരുപ്പത്തിലേക്ക് രാജ്യം നയിക്കപ്പെടുകയും ഉപഭോക്താക്കളുടെ വാങ്ങല്‍ശേഷിയെ അത് പരിമിതപ്പെടുത്തുകയും ചെയ്യുന്നു. സാധനങ്ങള്‍ക്ക് വിലകൂടുന്നത് താഴ്ന്നവരുമാനക്കാരായ ജനങ്ങളെ പ്രത്യേകിച്ചും ദുരിതത്തിലാക്കുന്നു. സമൂഹമാധ്യമത്തില്‍ നിറഞ്ഞുനിന്ന ട്രോളില്‍ ചൂണ്ടിക്കാട്ടിയതുപോലെ ‘പെട്രോള്‍ അടിച്ചു ജോലിക്കു പോയിരുന്ന കാലം പോയി. ഇപ്പോള്‍ പെട്രോള്‍ അടിക്കാന്‍ ജോലിക്കു പോകേണ്ട അവസ്ഥയിലാണുള്ളത്’.
പെട്രോളിന്റെ വില സര്‍ക്കാര്‍ നിശ്ചയിക്കുകയും ഓരോ രണ്ടാഴ്ച കൂടുമ്പോഴും പുതുക്കുകയുമാണ് പതിവായി ചെയ്തിരുന്നത്. 2010 ജൂണില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ പെട്രോള്‍ വിലയിലെ സര്‍ക്കാര്‍ നിയന്ത്രണം എടുത്തുമാറ്റി. 2017 ജൂണ്‍ 15 മുതല്‍ ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില ഓരോ ദിവസവും രാവിലെ 6 മണിക്ക് പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങി. സൈദ്ധാന്തികമായി ഈ നിര്‍ണയരീതി, അസംസ്‌കൃത എണ്ണവില കുത്തനെ കുറയുന്നകാലത്ത് വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും വലിയ ആശ്വാസമാകുമെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍, കൊവിഡ് 19 തുടക്കത്തില്‍ അഥവാ 2020 മാര്‍ച്ചില്‍ അസംസ്‌കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയപ്പോള്‍, കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ച് ചലനാത്മക വിലനിര്‍ണയ സംവിധാനത്തെ അട്ടിമറിക്കുകയും ഉപഭോക്താക്കള്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ ഇല്ലാതാകുകയും ചെയ്തു.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ തുടങ്ങിയ എണ്ണ വിപണന കമ്പനികള്‍ അസംസ്‌കൃത എണ്ണ വില, ചരക്കുനീക്കം, വിനിമയ നിരക്ക്, നികുതി എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ പെട്രോളിന്റെ ചില്ലറ വില്‍പനവില തീരുമാനിക്കുന്നത്. എന്നാല്‍, ഇതിന് മേല്‍നോട്ടം വഹിക്കുന്നത് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലുള്ള പി.പി.എ.സി (പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനാലിസിസ് സെല്‍) ആണ്. ഡീലര്‍മാരില്‍ നിന്ന് ഈടാക്കുന്ന അടിസ്ഥാനവില, കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്ന എക്‌സൈസ് തീരുവ, ഡീലര്‍മാരുടെ കമ്മിഷന്‍, സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന മൂല്യവര്‍ധിത നികുതി (വാറ്റ്) എന്നിവയാണ് പ്രധാനമായും വിലക്കയറ്റത്തെ സ്വാധീനിക്കുന്ന നാല് ഘടകങ്ങള്‍. 2021 ഒക്ടോബര്‍ 16 ലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കണക്കനുസരിച്ച്, പെട്രോളിന് ഡല്‍ഹിയിലെ ഡീലര്‍മാരില്‍ ഈടാക്കുന്ന അടിസ്ഥാന (യഥാര്‍ഥ) വില ലിറ്ററിന് 44.37 രൂപയാണ്. നികുതിയിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ 32.90 രൂപ എക്‌സൈസ് തീരുവയായും ഡല്‍ഹി സംസ്ഥാന സര്‍ക്കാര്‍ 24.34 രൂപ മൂല്യവര്‍ധിത നികുതിയായും ഈടാക്കുന്നു. ഡീലര്‍മാരുടെ കമ്മിഷന്‍ 3.88 രൂപയുള്‍പ്പെടെ ഡല്‍ഹിയിലെ ചില്ലറ വില്‍പ്പനവില ആകെ 105.49 രൂപയായി.

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്ധനനികുതിയാണ് ഇന്ത്യ ഈടാക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അതിശയകരമെന്നു പറയട്ടെ, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പെട്രോള്‍ വില 100 രൂപ കടക്കുന്ന ഈ സമയത്ത് നമ്മുടെ അയല്‍ രാജ്യങ്ങള്‍ താരതമ്യേന കുറഞ്ഞ വിലയിലാണ് വില്‍ക്കുന്നത്. പാകിസ്താനില്‍ ലിറ്ററിന് വില 52 രൂപയാണെങ്കില്‍ ഭൂട്ടാനില്‍ 68.44 രൂപ, ശ്രീലങ്കയില്‍ 68.64 രൂപ, ബംഗ്ലാദേശില്‍ 77.92 രൂപ, നേപ്പാളില്‍ 78.23 രൂപ, ചൈനയില്‍ 85.11 രൂപ എന്നിങ്ങനെയാണ്. വെനസ്വലയിലാണ് ഏറ്റവും കുറഞ്ഞ വിലയില്‍ (1.48 രൂപ) വില്‍ക്കുന്നത്. ലോകത്തിലെ എല്ലാ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, 130 രാജ്യങ്ങളേക്കാള്‍ ഉയര്‍ന്ന വിലയാണ് ഇന്ത്യയിലുള്ളത്. ഇന്ധനങ്ങള്‍ക്ക് നികുതി ചുമത്തുന്ന സര്‍ക്കാര്‍ നയങ്ങളിലെ മാറ്റങ്ങള്‍ അനുസരിച്ച് വിലയിലും മാറ്റങ്ങള്‍ വരുന്നു. മുകളില്‍ വിശദീകരിച്ചതുപോലെ പെട്രോള്‍-ഡീസലിന് രണ്ട് പ്രധാന നികുതികളാണ് ചുമത്തുന്നത്. കേന്ദ്ര എക്‌സൈസ് തീരുവയും സംസ്ഥാന മൂല്യവര്‍ധിത നികുതിയും (വാറ്റ്). ഏകദേശം ഏഴുവര്‍ഷങ്ങള്‍ക്കുമുമ്പ്, അടിസ്ഥാനവില പെട്രോളിന്റെ ചില്ലറവിലയുടെ മൂന്നില്‍ രണ്ട് ഭാഗമായിരുന്നു. എന്നാല്‍ ഇന്ന്, കേന്ദ്ര-സംസ്ഥാന നികുതികള്‍ ഏതാണ്ട് തുല്യമാണ്. പെട്രോളിന്റെ ചില്ലറ വില്‍പന വിലയുടെ 55 ശതമാനവും ഡീസല്‍ വിലയുടെ 50 ശതമാനവും കേന്ദ്ര,സംസ്ഥാന നികുതികളാണ്. സംസ്ഥാന സര്‍ക്കാരുകളെ അപേക്ഷിച്ച് കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍-ഡീസലിന് കൂടുതല്‍ നികുതി പിരിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ ഓരോ ലിറ്റര്‍ പെട്രോളില്‍ നിന്നും ശരാശരി 20 രൂപ സംസ്ഥാന സര്‍ക്കാരും 33 രൂപ കേന്ദ്ര സര്‍ക്കാരും ശേഖരിക്കുന്നു.

നിലവില്‍ ഇന്ധനവിലയുടെ വലിയഭാഗം കേന്ദ്രനികുതിയാണ്. പെട്രോള്‍, ഡീസല്‍, പ്രകൃതി വാതകം എന്നിവയില്‍ 2014-15നും ഏപ്രില്‍- ജനുവരി 2021നും ഇടയില്‍ കേന്ദ്രസര്‍ക്കാരിന്റെ നികുതി പിരിവ് 300 ശതമാനമായാണ് വര്‍ധിച്ചത്. പെട്രോളിന്റെ എക്‌സൈസ് തീരുവ 2014ല്‍ ലിറ്ററിന് 9.48 രൂപയായിരുന്നത് ഇപ്പോള്‍ (2021 ഒക്ടോബര്‍ 16) 32.90 രൂപയായി ഉയര്‍ന്നു. ഡീസല്‍ ലിറ്ററിന് 3.56 രൂപയില്‍നിന്ന് 31.80 രൂപയും. എന്നാല്‍, 2020 മാര്‍ച്ച് 1ന് പെട്രോളിന്റെയും ഡീസലിന്റെയും സെന്‍ട്രല്‍ എക്‌സൈസ് തീരുവ ലിറ്ററിന് യഥാക്രമം 19.98, 15.83 രൂപ മാത്രമായിരുന്നു. കൊവിഡ് കാലത്തു രണ്ടു തവണയാണു കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി കൂട്ടിയത്. 2014-15 ല്‍, മോദിസര്‍ക്കാര്‍ ആദ്യമായി അധികാരത്തില്‍ വന്നപ്പോള്‍, സര്‍ക്കാര്‍ ശേഖരിച്ചത് എക്‌സൈസ് തീരുവ പെട്രോളിന് 29,279 കോടി രൂപയായിരുന്നു. ഇത് 2020 ഏപ്രില്‍ മുതല്‍ 2021 ജനുവരി വരെയുള്ള കാലയളവില്‍ 89,575 കോടിരൂപയായി ഉയര്‍ന്നു. അനുബന്ധ സമയപരിധിക്കുള്ളില്‍ ഡീസലിന് എക്‌സൈസ് തീരുവ 42,881 കോടി രൂപയില്‍നിന്ന് 2.04 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. അസംസ്‌കൃത എണ്ണയുടെ വിലയില്‍ ഇടിവ് സംഭവിച്ചിട്ടും എക്‌സൈസ് തീരുവയുടെ കുത്തനെയുള്ള വളര്‍ച്ചയാണ് രാജ്യത്തുടനീളം ഇന്ധനവില റെക്കോഡിലെത്തിച്ചത്. സര്‍ക്കാരിന് ലഭിക്കുന്ന ഉയര്‍ന്നവരുമാനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കോ മറ്റു സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കോ ചെലവഴിക്കാന്‍ കഴിയുമെന്നാണ് അനുകൂലികള്‍ അവകാശപ്പെടുന്നത്.

സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന വില്‍പ്പന നികുതി (വാറ്റ്) ഓരോ സംസ്ഥാനവും വ്യത്യസ്തരീതികളിലായിട്ടാണ് പിരിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടിയ നികുതി ഈടാക്കുന്നത്. കേരളസര്‍ക്കാര്‍ 30.08 ശതമാനം പെട്രോളിനും 22.76 ശതമാനം ഡീസലിനും ഒരു ശതമാനം സെസ്സുമാണ് ചുമത്തുന്നത് (01.10.21). കേരളത്തില്‍ പെട്രോളിന്റെ വില്‍പന വിലയുടെ 25 ശതമാനവും ഡീസലിന്റെ 20 ശതമാനവും സംസ്ഥാനസര്‍ക്കാരാണ് ശേഖരിക്കുന്നത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലാണ് പെട്രോളിനും ഡീസലിനും ഏറ്റവും കുറഞ്ഞ വില്‍പ്പന നികുതി (6 ശതമാനം) ഈടാക്കുന്നത്.

എണ്ണയുടെയും വാതകത്തിന്റെയും കാര്യത്തില്‍ ഇന്ത്യ പ്രധാനമായും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രാജ്യം 82.8 ശതമാനം ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്യുന്നത്. അതിനാലാണ് ആഗോള ഡിമാന്‍ഡിനൊപ്പം വിലയും മാറുന്നത്. തദ്ദേശീയ ക്രൂഡ്ഓയില്‍ ഉല്‍പാദനത്തില്‍നിന്ന് രാജ്യം ഏകദേശം 35.2 ദശലക്ഷം ടണ്‍ പെട്രോളും അനുബന്ധ ഉല്‍പന്നങ്ങളും മാത്രമാണ് ഉല്‍പാദിപ്പിക്കുന്നത്. അതേസമയം, ഇതിന്റെ ഉപഭോഗം 204.9 ദശലക്ഷം ടണ്‍ ആണ്. രാജ്യത്തെ പെട്രോളിയത്തിന്റെ അപര്യാപ്തത ഉയര്‍ന്ന ഇറക്കുമതിയിലേക്കാണ് നയിച്ചിട്ടുള്ളത്. യു.എസിനും ചൈനയ്ക്കും ശേഷം എണ്ണ ഉപഭോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണുള്ളത്. ഇന്ത്യ പ്രധാനമായും പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ ഓര്‍ഗനൈസേഷനില്‍ (ഒപെക്) (ഇറാഖ്, ഇറാന്‍, കുവൈത്ത്, സഊദി അറേബ്യ, വെനിസ്വേല) നിന്നാണ് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത്.

കേന്ദ്ര-സംസ്ഥാന വലിയ നികുതികള്‍ കാരണം ഉയര്‍ന്ന ഇന്ധനവിലയുടെ ഭാരം പൊതുജനങ്ങളുടെ ചുമലിലാണ്. അതിനാല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തണം. ഹ്രസ്വകാലത്തിനുള്ളില്‍ പെട്രോള്‍, ഡീസല്‍ നികുതികള്‍ കുറച്ചുകൊണ്ട് പണപ്പെരുപ്പത്തെ നിയന്ത്രിക്കുകയും ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. വോട്ടെടുപ്പില്‍ നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയില്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ നികുതിയില്‍ ചെറിയ ഇളവുകള്‍ നല്‍കാറുണ്ട്. എന്നാല്‍ ഇത് പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടുക എന്നല്ലാതെ മറ്റൊന്നുമല്ല. ഇന്ധനവിലയിലെ എക്‌സൈസ് തീരുവയുടെയും സംസ്ഥാന വരുമാന സ്രോതസായ വാറ്റിന്റെയും ആശ്രിതത്വം ദീര്‍ഘകാലാടിസ്ഥാനത്തില്‍ കുറയ്‌ക്കേണ്ടതുണ്ട്. പെട്രോളിയം ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ കൂടുതല്‍ സുസ്ഥിരവും പുനരുല്‍പ്പാദിപ്പിക്കാവുന്നതുമായ ഇതര ഊര്‍ജസ്രോതസുകള്‍ കണ്ടെത്തണം. ഇതര ഇന്ധന സ്രോതസുകള്‍, ഫോസില്‍ ഇന്ധനങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. പെട്രോളിയം ഉത്പന്നങ്ങള്‍ ചരക്ക് സേവന നികുതി(ജി.എസ്.ടി)യുടെ പരിധിയില്‍ കൊണ്ടുവരുന്നതും സര്‍ക്കാരിന് പരിഗണിക്കാവുന്നതാണ്. പക്ഷേ കേന്ദ്രവും സംസ്ഥാനവും പെട്രോളിയം ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ വിമുഖത കാണിക്കുന്നു. കാരണം അവരുടെ വരുമാന സ്രോതസുകള്‍ വളരെയധികം കുറയുമെന്നവര്‍ ഭയപ്പെടുന്നു. വരുമാനമുണ്ടാക്കാനുള്ള എളുപ്പവഴി സാധാരണക്കാരനെ ‘ഊറ്റുക’ എന്നതാണെന്ന് അവര്‍ ഒരുപോലെ കരുതുന്നു, എന്നുവേണം നാം മനസിലാക്കാന്‍.

(അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി സാമ്പത്തിക വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.