2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

എജ്യു വിജില്‍ പദ്ധതി ഫലപ്രദമാകണം


സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ തലവരിപ്പണവും നിയമനക്കോഴയും അവസാനിപ്പിക്കാന്‍ എജ്യു വിജില്‍ എന്നപേരില്‍ പുതിയൊരു പദ്ധതിയാവിഷ്‌കരിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത് നല്ലകാര്യമാണ്. സമൂഹത്തില്‍ പടര്‍ന്നുപിടിച്ച അഴിമതിയും കള്ളപ്പണവും നിര്‍മാര്‍ജനം ചെയ്യാന്‍ ഇത്തരം പദ്ധതികള്‍ ഒരളവോളം സഹായകരമാകും.

ഇതുസംബന്ധിച്ചു വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സംസ്ഥാനത്തെ മുഴുവന്‍ വിജിലന്‍സ് ഓഫിസുകളിലേയ്ക്കും സര്‍ക്കുലര്‍ അയച്ചുകഴിഞ്ഞു.
സ്വകാര്യസ്‌കൂളുകളിലും കോളജുകളിലുമടക്കം പ്രവേശനത്തിനു തലവരിപ്പണം വാങ്ങുന്നുവെന്നതു സത്യമാണ്. പല മാനേജ്‌മെന്റുകളും ഇതു നിഷേധിക്കുന്നുണ്ടെങ്കിലും ഈ രംഗത്ത് അഴിമതി കൊടികുത്തിവാഴുന്നുണ്ട്. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശം സ്വാഗതംചെയ്യുന്നതായി സ്വാശ്രയകോളജ് മാനേജ്‌മെന്റ് പ്രതിനിധികള്‍ പ്രതികരിച്ചു കഴിഞ്ഞു.
നമ്മുടെ നാട്ടിലെ കുട്ടികള്‍ അന്യസംസ്ഥാനങ്ങളിലെ സ്വകാര്യ എന്‍ജിനിയറിങ്-മെഡിക്കല്‍ കോളജുകളില്‍ വന്‍തുക മുടക്കി പ്രവേശനം നേടുകയും പഠനം തീരുമ്പോഴേക്കും വലിയൊരു തുക ഫീസിനത്തില്‍ ഒടുക്കേണ്ടിവരികയും ചെയ്യുന്നുവെന്ന പരാതികളെ തുടര്‍ന്നാണു സംസ്ഥാനസര്‍ക്കാരിന്റെ താല്‍പര്യപ്രകാരം അത്തരം സ്ഥാപനങ്ങള്‍ ഇവിടെയും ആരംഭിച്ചത്. അന്‍പതുശതമാനം സര്‍ക്കാര്‍ക്വാട്ടയില്‍ പ്രവേശനംനല്‍കണമെന്നായിരുന്നു വ്യവസ്ഥ.

എന്നാല്‍, പുത്തരിയില്‍ത്തന്നെ കല്ലുകടിച്ചു. സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍ സ്വാശ്രയമാനേജ്‌മെന്റുകള്‍ അന്നുതന്നെ അട്ടിമറിച്ചു. സര്‍ക്കാര്‍ വഞ്ചിക്കപ്പെട്ടതായി അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണി തന്നെ പരിതപിച്ചിരുന്നു. അന്യസംസ്ഥാനങ്ങളെ വെല്ലുംവിധമാണു കേരളത്തില്‍ പിന്നീടു തലവരിപ്പണം വര്‍ധിക്കന്‍ തുടങ്ങിയത്. ഏതൊരു പ്രതിസന്ധി പരിഹരിക്കാനായിരുന്നോ കേരളത്തില്‍ സ്വാശ്രയമാനേജ്‌മെന്റുകളുടെ കീഴില്‍ മെഡിക്കല്‍ എന്‍ജിനിയറിങ് സ്ഥാപനങ്ങള്‍ നിലവില്‍ വന്നത്, അതേ സ്ഥാപനങ്ങള്‍ പിന്നീടു വന്ന സര്‍ക്കാരുകള്‍ക്കൊക്കെ ഭാരമായി.

റാങ്ക് ലിസ്റ്റില്‍ ഏറ്റവും പുറകിലുള്ളവര്‍ പണത്തിന്റെ ഊക്കില്‍ മുന്നിലുള്ളവരെ വെട്ടിവീഴ്ത്തി മെഡിക്കല്‍ കോളജുകളിലും എന്‍ജിനിയറിങ് കോളജുകളിലും സീറ്റുകള്‍ തരപ്പെടുത്തി. കഴിവും പ്രാപ്തിയും അഭിരുചിയുമില്ലാത്തവര്‍ രക്ഷിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഇത്തരം സ്ഥാപനങ്ങളില്‍ ചേക്കേറി. അവര്‍ക്കും അവരെ ഡോക്ടര്‍മാരാക്കാന്‍ പണം വാരിയെറിഞ്ഞ രക്ഷിതാക്കള്‍ക്കും ലക്ഷ്യം മുടക്കുമുതലിന്റെ ഇരട്ടിയും അതിലിരട്ടിയും തിരിച്ചുപിടിക്കലായിരിക്കും. ഇതുകാരണം മെഡിക്കല്‍ രംഗത്തെ എത്തിക്‌സ് അട്ടിമറിക്കപ്പെട്ടു.
മൂല്യശോഷണവും നിലവാരത്തകര്‍ച്ചയും അഴിമതിയും കൂടിക്കുഴഞ്ഞ ഒരു പരുവത്തിലെത്തിനില്‍ക്കുന്ന സ്വാശ്രയസ്ഥാപനങ്ങളെ ചെവിക്കു പിടിക്കുവാന്‍ വിജിലന്‍സ് തയാറായത് അഭിനന്ദനീയം തന്നെ.

രാജ്യപുരോഗതിക്ക് അഴിമതിരഹിത വിദ്യാഭ്യാസസംവിധാനം അനിവാര്യമാണ്. എല്ലാ സ്വാശ്രയവിദ്യാഭ്യാസസ്ഥാപനങ്ങളിലും തലവരിപ്പണമോ നിയമനത്തിനു കോഴയോ വാങ്ങുന്നില്ലെന്ന് എഴുതി പ്രദര്‍ശിപ്പിക്കണമെന്നു വിജിലന്‍സ് ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നുണ്ട്.
അതുപക്ഷേ, ഫലപ്രദമാകണമെന്നില്ല. ആളുകള്‍ സ്ഥാപനങ്ങളില്‍ നേരിട്ടു പോയല്ലല്ലോ തലവരിപ്പണവും കോഴയും കൊടുക്കുന്നത്. പദ്ധതിയിലെ പഴുതുകള്‍ കണ്ടെത്തി അത് അടയ്ക്കാന്‍ വിജിലന്‍സിനു കഴിയേണ്ടതുണ്ട്. എങ്കില്‍ മാത്രമേ, എജ്യു വിജില്‍ പദ്ധതി കൊണ്ടുദ്ദേശിക്കുന്ന യഥാര്‍ഥ ഗുണം ലഭ്യമാകൂ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.