
വെഞ്ഞാറമൂട്: എം.സി റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പതിനൊന്നു പേര്‍ക്ക് പരുക്കേറ്റു. അപകടവാര്‍ത്തയറിഞ്ഞ് മരിച്ചയാളുടെ മാതാവ് കുഴഞ്ഞു വീണ് മരിച്ചു.
കഴിഞ്ഞദിവസം രാത്രി 8.45ന് എം.സി റോഡില്‍ പിരപ്പന്‍കോടിന് സമീപം മഞ്ചാടിമൂട്ടിലായിരുന്നു അപകടം. രണ്ടുകാറുകള്‍, ഒരു പിക്അപ്പ്, ഒരു മിനി ബസ്സ് എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. പത്തനംതിട്ട മല്ലപ്പള്ളി അങ്ങാടിപ്പറമ്പില്‍ വീട്ടില്‍ സുരേഷ്കുമാര്‍ (46) ആണ് മരിച്ചത്.
കരമന സ്വദേശി അനന്തു (22), പൂവാര്‍ സ്വദേശി അരുണ്‍ (25), കുറവന്‍കോണം സ്വദേശി അഷ്റഫ് (50), കന്യാകുളങ്ങര സ്വദേശി ആസിഫ് (19), നിലമേല്‍ സ്വദേശി മുഹമ്മദ് (19), കൈതോട് സ്വദേശി നിബിന്ഷാ (30), നിലമേല്‍ സ്വദേശി അനീഷ് (25), പത്തനംതിട്ട സ്വദേശികളായ ശ്രീകുമാര്‍ (38), സുരേഷ് (45), മല്ലപ്പള്ളി സ്വദേശി അജീഷ് (32) എന്നിവര്‍ക്കാണു പരുക്കേറ്റത്.
മല്ലപ്പള്ളിയില്‍ നിന്നും ഐസ്ക്രീമുമായി തിരുവനന്തപുരത്തെ ഒരു സ്ഥാപനത്തിലേക്കു വരികയായിരുന്ന സുരേഷ്കുമാര്‍ ഓടിച്ച പിക്അപ്പില്‍ തിരുവനന്തപുരത്തുനിന്ന് കിളിമാനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇടിച്ചതോടെയാണ് അപകടത്തിനു തുടക്കം. പിന്നീട് അപകടത്തില്‍പ്പെട്ട വാഹനങ്ങളില്‍ മിനിബസ്സും മറ്റൊരുകാറും ഇടിക്കുകയായിരുന്നു. ഇതിനിടയില്‍ ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട കാറുകളിലൊന്ന് ഇടിച്ചുകയറി സമീപത്തെ തട്ടുകടയിലെ സാധനങ്ങള്‍ക്കും കേടുപറ്റി.
കൂട്ടിയിടിയില്‍ ആദ്യം അപകടത്തില്‍പ്പെട്ട കാറിന്റെയും പിക്അപ്പിന്റെയും മുന്‍വശങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. അപകടത്തില്‍പെട്ടവരെ നാട്ടുകാരാണ് തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ കൊണ്ടുവന്നത്.
അതേ സമയം അപകടവാര്‍ത്തയറിഞ്ഞ് സുരേഷ്കുമാറിന്റെ മാതാവ് മണിയമ്മ (70) കുഴഞ്ഞുവീഴുകയും ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തു. സലിലയാണ് സുരേഷ്കുമാറിന്റെ ഭാര്യ. മകന്: നിതിന്‍. വെഞ്ഞാറമൂട് പൊലിസ് കേസെടുത്തു.