പ്രത്യേക ലേഖകൻ
തിരുവനന്തപുരം • സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതോടെ എം.വി ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവച്ചു. എക്‌സൈസ്, തദ്ദേശ വകുപ്പ് മന്ത്രിയായിരുന്ന എം.വി ഗോവിന്ദന് പകരം സ്പീക്കറും തൃത്താല എം.എൽ.എയും സി.പി.എം സംസ്ഥാന സമിതിയംഗവുമായ എം.ബി രാജേഷിനെ മന്ത്രിയാക്കാൻ ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. തലശേരി എം.എൽ.എയും സി.പി.എം സംസ്ഥാന സമിതി അംഗവുമായ എ.എൻ ഷംസീറിനെ സ്പീക്കറാക്കാനും സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്. ഇവരുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നടക്കും. ഭരണഘടനയ്ക്കെതിരായ വിവാദ പരാമർശത്തെ തുടർന്നു മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന സജി ചെറിയാനു പകരം പുതിയ മന്ത്രി തൽക്കാലം വേണ്ടെന്നും സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
എം.വി ഗോവിന്ദൻ കണ്ണൂർ ജില്ലയിൽ നിന്നുള്ള മന്ത്രിയാണ്. അദ്ദേഹം മന്ത്രിസ്ഥാനം ഒഴിയുമ്പോൾ കണ്ണൂർ ജില്ലയിൽ നിന്നുതന്നെയുള്ള ഒരു എം.എൽ.എ മന്ത്രിയാകുമെന്നു തീർച്ചയായിരുന്നു. ഇതോടെ കോടിയേരിയുടെ വിശ്വസ്തൻ കൂടിയായ ഷംസീറിന്റെ സാധ്യത വർധിക്കുകയും ചെയ്തു. എന്നാൽ ഷംസീറിനെ സ്പീക്കറാക്കാനാണ് സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചത്.
മന്ത്രി എം.വി ഗോവിന്ദൻ രാജിക്കത്ത് ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
Comments are closed for this post.