2022 June 30 Thursday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

Editorial

എം.പിമാര്‍ക്ക് നല്ല ദിനങ്ങള്‍; ദരിദ്രജനകോടികള്‍ക്ക് നെടുവീര്‍പ്പുകള്‍


ജനങ്ങളുടെ ആവശ്യങ്ങളും ആവലാതികളും പാര്‍ലമെന്റില്‍ ഉന്നയിച്ചു പരിഹാരം കാണാനായി തെരഞ്ഞെടുക്കപ്പെടുന്ന എം.പിമാര്‍ക്ക് 2.5 ലക്ഷം ശമ്പളമായി കിട്ടുമ്പോള്‍ ഇന്ത്യയിലെ ദരിദ്രജനവിഭാഗങ്ങള്‍ ദുരിതങ്ങളില്‍ നിന്നു ദുരിതങ്ങളിലേക്ക് ആഴ്ന്നുപോവുകയാണ്. ബി.ജെ.പി എം.പി ആദിത്യ നാഥ് അധ്യക്ഷനായ പാര്‍ലമെന്റ് സംയുക്തസമിതിയാണ് എം.പിമാര്‍ക്ക് വാരിക്കോരി ആനുകൂല്യങ്ങള്‍ നല്‍കുന്ന ശുപാര്‍ശ പ്രധാനമന്ത്രിയുടെ ഓഫിസില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ഓഫിസ് വരുന്ന ശീതകാലസമ്മേളനത്തില്‍ ശുപാര്‍ശകള്‍ പാസാക്കുമെന്ന് ഉറപ്പ്. ഇതിനെതിരേ ഒരുപക്ഷേ, സി.പി.എം ഒഴികെയുള്ള പ്രതിപക്ഷപാര്‍ട്ടികളില്‍നിന്നു ദുര്‍ബലമായ എതിര്‍പ്പുകള്‍പോലും വരാനുള്ള സാധ്യത വിരളമാണ്. ഖജനാവിലെ പണം സംയുക്തമായി വീതിച്ചെടുക്കുമ്പോള്‍ ആര് ആരോടാണു പരാതിപ്പെടേണ്ടത്. നൂറുശതമാനം വര്‍ധനവാണു സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. നിലവില്‍ ഒരു എം.പിയുടെ ശമ്പളം 50,000 രൂപയാണ്. ഇത് ഒരുലക്ഷമായി ഉയരും.

ഇതിനുപുറമേ, മണ്ഡലം അലവന്‍സ് 45,000 രൂപയില്‍ നിന്ന് 90,000 ആയും വര്‍ധിപ്പിച്ചിട്ടുണ്ട്. എല്ലാ അലവന്‍സുകളുമുള്‍പ്പെടെ ചുരുങ്ങിയത് രണ്ടര ലക്ഷം രൂപ മാസംതോറും എം.പിയുടെ കൈയില്‍ വരും. എം.പിമാരുടെ ശമ്പളവര്‍ധനയ്‌ക്കൊപ്പം ഗവര്‍ണര്‍മാരുടെയും രാഷ്ട്രപതിയുടെയും ശമ്പളം വര്‍ധിപ്പിക്കാനും ശുപാര്‍ശ നല്‍കിയിട്ടുണ്ട്. രാഷ്ട്രപതിയുടേത് 1.5 ലക്ഷത്തില്‍നിന്ന് 5 ലക്ഷമായും ഗവര്‍ണറുടേത് 1.10 ലക്ഷത്തില്‍നിന്ന് 2.5 ലക്ഷമായും വര്‍ധിപ്പിക്കാനാണു ശുപാര്‍ശ.

2015 ജൂലൈ മാസത്തില്‍ സമിതി ഇതേ ശുപാര്‍ശ സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നെങ്കിലും അന്നു പാസാക്കിയിരുന്നില്ല. എങ്കിലും ശുപാര്‍ശകളോടു സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. പൊതുജനരോഷം തണുക്കാന്‍ കാത്തിരുന്നതാവാം. 65 നിര്‍ദേശങ്ങളില്‍ അന്നു 15 എണ്ണം മാത്രമാണു സര്‍ക്കാര്‍ തള്ളിയത്. മറ്റു പലതിലും ചര്‍ച്ചയാകാമെന്നു പറഞ്ഞിരുന്നു. ചര്‍ച്ച നടന്നോ എന്നറിയില്ല. നടന്നാലുമില്ലെങ്കിലും സമിതി അംഗീകാരത്തിനായി വീണ്ടും സമര്‍പ്പിച്ച ശുപാര്‍ശ പ്രധാനമന്ത്രിയുടെ ഓഫിസ് അംഗീകരിച്ചു കഴിഞ്ഞു.
പെന്‍ഷന്‍ 75 ശതമാനമായി വര്‍ധിപ്പിക്കണമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ശമ്പള കമ്മിഷന്‍പോലുള്ള ഒരെണ്ണം എം.പിമാര്‍ക്കും വേണമെന്നും ഇതുവഴി കാലോചിതമായി ശമ്പളം പരിഷ്‌കരിക്കണമെന്നും ശുപാര്‍ശകളിലുണ്ട്. നിറച്ചുണ്ണുന്നവനെ പിന്നെയും ഊട്ടുമ്പോള്‍ ഉണ്ണാനും ഉടുക്കാനും അന്തിയുറങ്ങാനും വകയില്ലാത്ത ലക്ഷങ്ങളാണു തെരുവുകളില്‍ അലയുന്നത്.

2010 ല്‍ അതുവരെ വാങ്ങിയിരുന്നതിന്റെ മൂന്നിരട്ടിയാണു എം.പിമാരുടെ ശമ്പളം വര്‍ധിപ്പിച്ചത്. അഞ്ചുവര്‍ഷം കഴിഞ്ഞപ്പോഴേക്കും 100 ശതമാനം വര്‍ധനവുണ്ടായി. നിലവില്‍ പല ആനുകൂല്യങ്ങളുമടക്കം 1,40,000 രൂപ എം.പിമാരുടെ പോക്കറ്റില്‍ വീഴുന്നുണ്ട്. ഇതിനുമാത്രം എന്ത് അധ്വാനമാണ് ഇവര്‍ മണ്ഡലങ്ങളില്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതെന്നു മനസ്സിലാകുന്നില്ല. ഇന്ത്യയില്‍ ഒരു പൗരന്റെ ശരാശരി വരുമാനത്തിന്റെ 60 ഇരട്ടിയോളം എം.പിമാര്‍ വാങ്ങുമ്പോള്‍ അതു മതിയാകുന്നില്ലെന്നും വിമാനയാത്ര സൗജന്യമാക്കണമെന്നും പേഴ്‌സനല്‍ അസിസ്റ്റന്റുമാര്‍ക്കു തീവണ്ടിയാത്ര സൗജന്യമാക്കണമെന്നും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ പേരക്കിടാങ്ങളെവരെ ഉള്‍പ്പെടുത്തണമെന്നുമൊക്കെയാണ് അവര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

പാര്‍ലമെന്റ് കാന്റീനില്‍ 20 രൂപയ്ക്ക് മൃഷ്ടാന്ന ഭോജനം കിട്ടും. 20 രൂപ കൂടി നല്‍കിയാല്‍ ആട്ടിറച്ചി കറി കിട്ടും. ആറു രൂപയ്ക്കു മസാല ദോശ. ഇതുകൊണ്ടൊന്നും എം.പിമാരുടെ ദുരിതം തീരാത്തതിനാലായിരിക്കാം യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സമിതി 100 ശതമാനം വര്‍ധനവു ശുപാര്‍ശ ചെയ്തിരിക്കുന്നത്.
നഗരങ്ങളില്‍ എച്ചില്‍ കൂമ്പാരങ്ങളില്‍ പട്ടികളോടു മല്ലിട്ട് ഒരു നേരത്തെ ആഹാരംതേടുന്ന തെണ്ടികള്‍ നിറഞ്ഞ രാജ്യമാണിത്. അവിടെയാണ് കോടീശ്വരന്മാര്‍ ഭൂരിപക്ഷമുള്ള എം.പിമാര്‍ ഇത്രയും ആനുകൂല്യങ്ങള്‍ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ കൈയിലാക്കുന്നത്. യൂനിസെഫ് ഏറ്റവും ഒടുവില്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നത്, ലോകരാഷ്ട്രങ്ങളില്‍ ദാരിദ്ര്യത്തില്‍ ഇന്ത്യ രണ്ടാംസ്ഥാനത്താണെന്നാണ്.
പ്രതികൂല കാലാവസ്ഥ കാരണം കൃഷി നശിച്ച് ആത്മഹത്യചെയ്തുകൊണ്ടിരിക്കുന്ന കര്‍ഷകരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഒരു അഭിശപ്തകാലത്ത് ഒരക്ഷരംപോലും പാര്‍ലമെന്റില്‍ ഉരിയാടാത്ത ജനപ്രതിനിധികളെന്നു പറയുന്നവര്‍ക്കു ഖജനാവില്‍നിന്നു വാരിക്കോരി കൊടുക്കുന്നത് ഒട്ടും നീതീകരിക്കാനാവില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.