
അതിരമ്പുഴ : മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ പ്രോഗ്രാമിന്റെ സിലബസ് പരിഷ്ക്കരിക്കുന്നു.
പരിഷ്ക്കരണം ഈ അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കാനാണ് ആലോചന. സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്ന ബി.ആര്‍ക്. കോളജ് പ്രിന്‍സിപ്പല്‍മാരുടെ യോഗത്തിലുയര്‍ന്ന ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ വൈസ്ചാന്‍സലര്‍ക്ക് സമര്‍പ്പിക്കും.
ആറുവര്‍ഷം മുന്‍പാണ് ബി.ആര്‍ക്. സിലബസ് പരിഷ്ക്കരിച്ചത്. സിലബസില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുകയാണ് ലക്ഷ്യം. സിലബസ് പരിഷ്ക്കരണത്തിനായി അധ്യാപകരുടെ വിദഗ്ധസമിതിയെ നിയോഗിക്കും. പ്രത്യേക ശില്പശാല സംഘടിപ്പിക്കും. മറ്റു ബിരുദ, ബിരുദാനന്തര പ്രോഗ്രാം പരീക്ഷകള്‍ക്കു വിജയകരമായി നടപ്പാക്കിയ ചോദ്യബാങ്ക് സംവിധാനവും ബി.ആര്ക്കിന് നടപ്പാക്കും.
കോഴ്സ് സമയബന്ധിതമായി തീര്‍ക്കുന്നതിന് അക്കാദമിക-പരീക്ഷ കലണ്ടര്‍ തയാറാക്കാനും യോഗത്തില്‍ ധാരണയായി. സിന്‍ഡിക്കേറ്റ് പരീക്ഷ ഉപസമിതി കണ്‍വീനര്‍ ഡോ.ആര്. പ്രഗാഷ് യോഗം ഉദ്ഘാടനം ചെയ്തു.
സിന്‍ഡിക്കേറ്റംഗം ഡോ. പി.കെ. പദ്മകുമാര്‍ അധ്യക്ഷനായി. സിന്‍ഡിക്കേറ്റംഗങ്ങളായ പ്രൊഫ. ടോമിച്ചന് ജോസഫ്, ഡോ. എ. ജോസ്, പരീക്ഷ കണ്ട്രോളര് പ്രൊഫ. ബി. പ്രകാശ്കുമാര് എന്നിവര്‍ പങ്കെടുത്തു.