
കാലിഫോര്‍ണിയ: മൂന്ന് ദിവസം നീണ്ട പസഫിക് സമുദ്രത്തിനു മുകളിലൂടെയുള്ള ചരിത്ര പറക്കല്‍ പൂര്‍ത്തിയാക്കി സോളാര്‍ വിമാനം ഇംപള്‍സ്-2 തെക്കന്‍ സാന്ഫ്രാന്സികോയിലെ സിലിക്കണ്‍ വാലിയില്‍ ലാന്റ് ചെയ്തു. ഹവായിയില്‍ നിന്ന് മൂന്നു ദിവസത്തെ പറക്കലിനൊടുവിലാണ് സോളാര്‍ വിമാനത്തിന് പസഫിക് സമുദ്രം മുറിച്ചുകടക്കാനായത്. കനത്ത കാറ്റിനെ തുടര്‍ന്ന് വൈകിയാണ് വിമാനത്തിന് ലാന്റ് ചെയ്യാനായത്. 62 മണിക്കൂറാണ് ഇന്ധനമില്ലാതെ വിമാനം തുടര്‍ച്ചയായി പറന്നത്.
വൈമാനികരുടെ സാധനസാമഗ്രികളാണ് വിമാനത്തിലുണ്ടായിരുന്നത്. പാലം കടന്നുവെന്നും ഞങ്ങള്‍ ഔദ്യോഗികമായി അമേരിക്കയിലെത്തിയെന്നും പൈലറ്റ് സാന്ഫ്രാന്സികോ ബേയിലെത്തിയപ്പോള് പറഞ്ഞു. പൈലറ്റ് പിക്കാര്‍ഡാണ് പലതവണത്തെ ശ്രമത്തിനു ശേഷം വിമാനം വിജയകരമായി ഇറക്കിയത്. സ്വിറ്റ്സര്‍ലാന്റുകാരനായ പൈലറ്റ് ആന്‍ഡ്രേ ബ്രോഷ്ബെര്ഗ് ആണ് അബൂദബിയില്‍ നിന്ന് സോളാര്‍ വിമാനത്തിന്റെ ലോകം ചുറ്റലിന് തുടക്കം കുറിച്ചത്. 2015 മാര്‍ച്ചിലാണ് വിമാനം അബൂദബിയില്‍ നിന്ന് യാത്രതിരിച്ചത്. 8924 കിലോമീറ്ററാണ് വിമാനം താണ്ടിയത്.
ഭാരം- 2,268 കിലോ ഗ്രാം
വേഗത- 28 എം.പി.എച്ച്
കാര്‍ബണ്‍ ഫൈബര്‍ നിര്‍മിത ബോഡി
ബോയിങ് 747 ന്റെ ചെറുരൂപം
17,000 സോളാര്‍ സെല്ലുകളാണ് വിമാനത്തിലുള്ളത്
പദ്ധതിയുടെ ചെലവ് 100 ദശലക്ഷം ഡോളര്‍
ഒമാന്‍, ഇന്ത്യ, മ്യാന്മര്, ചൈന, ജപ്പാന് തുടങ്ങിയ രാജ്യങ്ങള്‍ താണ്ടിയാണ് വിമാനം അമേരിക്കയിലെത്തിയത്. ട്രാന്‍സ് പസഫിക് മേഖലയിലായിരുന്നു വിമാനത്തിന്റെ ഏറ്റവും അപകടകരമായ പറക്കല്‍.
ഇവിടെ എമര്‍ജന്‍സി ലാന്റിങ് കേന്ദ്രങ്ങളില്ലാത്തതിനാല്‍ സാധാരണ വിമാനങ്ങളുടെ സര്‍വിസും ഈ മേഖലയില്‍ അപകടകരമായ ദൗത്യമാണ്. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് വിമാനങ്ങള്‍ക്ക് സൗരോര്‍ജത്തിലേക്ക് എളുപ്പത്തില്‍ മാറാനാകുമെന്ന പ്രതീക്ഷയാണ് സോളാര്‍ വിമാനം നല്‍കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.