
മറയൂര്‍: വീടിനുള്ളില്‍ കടന്ന മോഷ്ടാവ് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ രണ്ടുപവന്‍ സ്വര്‍ണമാല പൊട്ടിച്ചു കടന്നുകളഞ്ഞു. മറയൂര്‍-കോവില്‍ക്കടവ് റോഡില്‍ കോട്ടക്കുളം ഭാഗത്ത് താമസക്കാരായ തടിയിലേത്ത് വീട്ടില്‍ സുനില്‍ തോമസിന്റെ ഭാര്യ വത്സലയുടെ മാലയാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ കവര്‍ച്ച ചെയ്യപ്പെട്ടത്.
കഴുത്തിലെ മാല വലിച്ച് പൊട്ടിക്കുന്നതറിഞ്ഞ വീട്ടമ്മ നോക്കിയപ്പോള്‍ വീടിന്റെ പിന്‍വശത്തെ വാതില്‍ തുറന്ന് കിടക്കുന്നതാണ് ശ്രദ്ധയില്‍പ്പെട്ടത്. രാത്രി ആയതിനല് മോഷ്ടാവിനെ കാണാന്‍ സാധിച്ചതുമില്ല. വിവരം അറിയിച്ചതിനെ തുടര്‍ന്ന് രാത്രി തന്നെ അയല്‍വാസികളും പൊലിസും തിരച്ചില്‍ നടത്തി. പശുവളര്‍ത്തലും തയ്യല്‍ തൊഴിലും ചെയ്ത് ഉപജീവനം നടത്തുന്ന കൂടുംബമാണ് സുനിലിന്റേത് . സംഭവം നടക്കുമ്പോള്‍ ഇവരെ കൂടാതെ രണ്ട് പെണ്മക്കളും അടുത്ത മുറിയില്‍ ഉണ്ടായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എത്തിയ ഇടുക്കി ഡോഗ് സ്ക്വാഡിന്റെ സ്റ്റെഫി എന്ന നായ മണം പിടിച്ച് വീടിനൂള്ളിലെ മുറികളിലും വീടിന് ചുറ്റിലും മാത്രമാണ് നടന്നത്.ഇടുക്കി ഫിംഗര്‍ പ്രിന്റ് വിഭാഗത്തില്‍ നിന്നൂം ബൈജു സേവ്യറിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവുകള്‍ ശേഖരിച്ചു.
മറയൂര്‍ ഇന്‍സ്പെക്ടര്‍ ഓഫ് പൊലിസ് വി .ആര് ജഗദീഷ്, അഡീഷണല്‍ എസ് ഐ റ്റി. പി. ജൂഡി, ജോളി ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് അന്വേഷണം നടത്തി വരുന്നത്.