
ഫെബ്രുവരി 10നു
അടുത്ത വിചാരണ നടക്കും
കണ്ണൂർ
കണ്ണൂർ നഗരത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ അസി. സെഷൻസ് കോടതി ജഡ്ജി രാജീവൻ വാച്ചാലിന്റെ മുമ്പാകെ വിചാരണ ആരംഭിച്ചു.
ഇന്നലെ ഒന്നാം സാക്ഷി കണ്ണൂർ ടൗൺ മുൻ എസ്.ഐ കെ. സനൽകുമാറിന്റെ മൊഴി രേഖപ്പെടുത്തി.
ഫെബ്രുവരി 10നു അടുത്ത വിചാരണ നടക്കും. ടൗൺ സ്റ്റേഷൻ സി.പി.ഒ മനോജ്കുമാറിനോട് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. മൂന്നു മുതൽ ആറു വരെയുള്ള സാക്ഷികൾക്ക് നോട്ടിസ് അയക്കാനും കോടതി നിർദേശിച്ചു.
സി.പി.എം നേതാവും ധർമടം മുൻ എം.എൽ.എയുമായിരുന്ന കെ.കെ നാരായണൻ, ഒ.കെ ബിനീഷ്, ബിനോയ് കുര്യൻ, ബിജു കണ്ടക്കൈ, രാജേഷ് പ്രേം തുടങ്ങി 88 പ്രതികളാണ് ഇന്നലെ കോടതിയിൽ ഹാജരായത്. 144 എൽ.ഡി.എഫ് പ്രവർത്തകരാണ് പ്രതിസ്ഥാനത്തുള്ളത്.
2013 ഒക്ടോബർ ഏഴിനു കണ്ണൂരിൽ നടന്ന സംസ്ഥാന പൊലിസ് മേളയുടെ സമാപനത്തിൽ പങ്കെടുക്കാനെത്തിയ ഉമ്മൻ ചാണ്ടിയെ സംഘമായെത്തി കല്ലെറിയുകയായിരുന്നു. മുഖ്യമന്ത്രിയുടെ നെഞ്ചിനും തലയ്ക്കും പരുക്കേറ്റിരുന്നു.