2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഉപ്പ് അധികം കഴിച്ചാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും

 

ചുക്കില്ലാത്ത കഷായമില്ലെന്നപോലെ ഉപ്പ് ചേരാത്ത വിഭവങ്ങളില്ലെന്നുവേണം പറയാന്‍. ലോകത്തെല്ലായിടത്തും ഉപ്പ് ഭക്ഷണസാധനങ്ങളുടെ അവിഭാജ്യഘടകമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. രുചിക്ക് ഉപ്പില്ലാതെ പറ്റില്ല. അമൃതും അധികമാകുന്നത് ആപത്താണെന്നതുപോലെതന്നെയാണ് ഉപ്പിന്റെ കാര്യവും. അമിതമായി ഉപയോഗിച്ചാല്‍ കുഴപ്പമുണ്ടാക്കും. ഉപ്പിന്റെ അമിതോപയോഗം അസുഖമുണ്ടാക്കുമെന്നു പറഞ്ഞാല്‍ വിശ്വാസമില്ലാത്തവരേറെയുണ്ട്. ശരീരത്തില്‍ സോഡിയം കുറയുമോ എന്നു ഭയന്ന് എന്തിന്റെ കൂടെയും വലിയ അളവിലും ഉപ്പ് അകത്താക്കുന്നവരുമേറെ. ഇവര്‍ക്ക് ഒരു മുന്നറിയിപ്പുണ്ട്. അമിതമായ ഉപ്പുപയോഗം നിങ്ങളുടെ കിഡ്‌നിയെ തകരാറിലാക്കും. അതുപോലെ കിഡ്‌നി സ്‌റ്റോണിനും വയറില്‍ അള്‍സറിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും അത് കാരണമാകുമെന്ന് മനസിലാക്കണം. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണരീതിയിലാകുന്നതിന് ഉപ്പിന്റെ ഉപയോഗം ക്രമപ്പെടുത്തേണ്ടതുണ്ട്.
എന്നാലും ചിലര്‍ ചോറിനൊപ്പം അല്‍പം ഉപയോഗിക്കുന്നതായി കാണുന്നു. അതു കൂടുതലാണോ എന്ന ചോദ്യം പ്രസക്തവുമാണ്. നിങ്ങള്‍ ഉപ്പ് അമിതമായാണോ ഉപയോഗിക്കുന്നത് എന്നതിന് ചില സൂചനകള്‍ നല്‍കാം. ഈ സൂചനകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതുവഴി രോഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കും.

 

മഞ്ഞുകാലത്ത് ദാഹം

വേനല്‍ക്കാലത്ത് എപ്പോഴും ദാഹമാണ്. എന്നാല്‍ മഞ്ഞുകാലത്തും നിങ്ങള്‍ക്ക് എപ്പോഴും ദാഹമുള്ള അവസ്ഥയുണ്ടോ. എങ്കില്‍ സൂക്ഷിച്ചോളൂ നിങ്ങള്‍ അമിതമായി ഉപ്പ് അകത്താക്കുന്നുണ്ട്. കൂടുതല്‍ ഉപ്പ് കഴിക്കുമ്പോള്‍ ശരീരകോശങ്ങളില്‍ നിന്ന് കൂടുതല്‍ വെള്ളം നഷ്ടപ്പെടാന്‍ ഇടയാക്കുന്നു. ഇതാണ് ദാഹം കൂടാന്‍ കാരണം.

 

ക്ഷീണം, തളര്‍ച്ച

 

ക്ഷീണം, തളര്‍ച്ച, ആലസ്യം, മന്ദത തുടങ്ങിയ അവസ്ഥകളെല്ലാം ഉപ്പിന്റെ അമിതോപയോഗം മൂലമുണ്ടാകുന്നതാണ്. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്ന അവസ്ഥ (നിര്‍ജലീകരണം) ഉണ്ടാകുന്നതോടെ ശരീരത്തിന് തളര്‍ച്ച തോന്നുകയും ഉന്‍മേഷക്കുറവ് അനുഭവപ്പെടുകയും ചെയ്യും.

 

 

മുഴ, തടിപ്പ്, വീക്കം

 

നിങ്ങളുടെ സന്ധികളില്‍ തടിപ്പോ മുഴ പോലെയോ കാണുന്നുണ്ടോ. കണ്ണുകള്‍ക്ക് താഴെ ചീര്‍ത്തിരിക്കുന്നതായോ വീര്‍ത്ത് പൊങ്ങിയതായോ (എഡിമ എന്ന അസുഖം) കാണുന്നുണ്ടോ. എങ്കില്‍ നിങ്ങള്‍ അമിതമായി ഉപ്പ് കഴിക്കുന്നുണ്ട്. കാരണം നിങ്ങള്‍ അമിതമായി കഴിക്കുന്ന ഉപ്പിന്റെ അളവിന് സമമായി ശരീരം വെള്ളം ശേഖരിക്കാന്‍ തുടങ്ങും. ഇതാണ് സന്ധികളിലും കണ്ണിനു താഴെയും മറ്റും വീക്കമായി മാറുന്നത്.
വയറ്റില്‍ വീക്കമുണ്ടാകുന്നതിനും ഇത് കാരണമാകുന്നു. മാത്രമല്ല, ശരീരഭാരം കൂടാനും അമിത ഉപ്പ് ഉപയോഗം കാരണമാകുന്നെന്നും തെളിഞ്ഞിട്ടുണ്ട്.

 

 

കിഡ്‌നി സ്റ്റോണ്‍

 

ഉപ്പിന്റെ അമിതോപയോഗം മൂത്രത്തിലെ പ്രോട്ടീനിന്റെ അളവ് വര്‍ധിക്കുന്നതിന് കാരണമാകും. ഇതുമൂലം കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാവാനുള്ള സാധ്യതയേറുമെന്ന് വേള്‍ഡ് ആക്ഷന്‍ ഓണ്‍ സാള്‍ട്ട് ആന്‍ഡ് ഹെല്‍ത്ത് (വാഷ്) നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്്.

 

വയറ്റില്‍ അള്‍സര്‍

ഉപ്പിന്റെ അമിതോപയോഗം അള്‍സറിനും കാരണമാകുന്നു. അമിതമായെത്തുന്ന ഉപ്പ് വയറ്റിലെ ഉള്‍ശീല (ലൈനിങ്) തകരാറിലാക്കും. ഇത് വയറ്റിലെ അള്‍സറിലേക്ക് നയിക്കും. മനുഷ്യരിലും മൃഗങ്ങളിലും ഇത് ഉണ്ടാവുന്നു. ഇന്‍ഫെക്ഷന്‍ ആന്‍ഡ് ഇമ്യൂണിറ്റി എന്ന ആരോഗ്യ പ്രസിദ്ധീകരണമാണ് വയറ്റില്‍ അള്‍സര്‍ ഉണ്ടാവാനുള്ള സാധ്യതകളിലേക്ക്് വെളിച്ചം വീശുന്ന പഠനം നടത്തിയത്.

 

ഉയര്‍ന്ന രക്തസമ്മര്‍ദം

ഉപ്പിന്റെ അമിതോപയോഗം നിങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടാക്കാന്‍ പോന്നതാണ്. നിങ്ങള്‍ പ്രതിദിനം 1500 മില്ലിഗ്രാമെങ്കിലും ഉപ്പാണ് കഴിക്കുന്നതെന്ന് കരുതുക. എങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമായിരിക്കും പരിണിത ഫലം. ഉപ്പ് അമിതമായി ഉപയോഗിക്കുന്നതിലൂടെ ശരീരത്തില്‍ ഫഌയിഡ് അധികരിക്കുന്നതായാണ് വെളിപ്പെട്ടിട്ടുള്ളത്. ഇങ്ങനെ രൂപപ്പെടുന്ന ഫഌയിഡ് ഹൃദയമിടിപ്പിന്റെ വേഗത വര്‍ധിപ്പിക്കുന്നു. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിക്കുന്നു.

 

തലവേദന

 

തലവേദന ഉണ്ടാകാത്തവരായി ആരുമില്ല. എന്നാല്‍ നിങ്ങള്‍ക്ക് നിരന്തരം തലവേദന ഉണ്ടാകുന്നു എങ്കില്‍ ഒരു പുനര്‍ചിന്ത ആവശ്യമാണ്. ഉപ്പിന്റെ അമിതമായ ഉപയോഗം തലവേദനയ്ക്ക് കാരണമാകുന്നു. ഇതിന് കാരണം ലളിതമാണ്. ഉപ്പ് അധികരിക്കുന്നതോടെ ശരീരത്തിലെ ജലാംശം കുറയുന്നു. ഇത് നിര്‍ജലീകരണത്തിലേക്കും അതിലൂടെ തലവേദനയിലേക്കും മാറുന്നു.

 

പേശികഴപ്പും കോച്ചിവലിക്കലും

ഉപ്പ് അധികമായി ശരീരത്തില്‍ എത്തുന്നതിന്റെ പരിണിത ഫലമാണ് പേശികള്‍ക്കുണ്ടാവുന്ന കഴപ്പ്. പേശികള്‍ കോച്ചിവലിക്കുന്നതിനുള്ള കാരണവും ഇങ്ങനെ അമിതമായി ഉപ്പ് ശരീരത്തിലെത്തുന്നതുകൊണ്ടാണ്. ഇതുകൂടാതെ പേശികളില്‍ വേദനയും ഉണ്ടാവാറുണ്ട്. ഉപ്പിന്റെ അളവ് കുറച്ചുകൊണ്ടുവന്ന് ഇതില്‍ നിന്ന് രക്ഷനേതാനാവുമെന്നാണ് ഉപദേശം.
മൂത്രശങ്ക
നിരന്തരം മൂത്രശങ്ക ഒരു ശാപമായവരുണ്ട്. എന്തുകൊണ്ടാണ് ഇത് നിയന്ത്രിക്കാന്‍ കഴിയാത്തതെന്ന് വ്യാകുലപ്പെടുന്നതിനു പകരം നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ ആരായാന്‍ ആര്‍ക്കും താല്‍പര്യമില്ല. തുടര്‍ച്ചയായ മൂത്രശങ്ക അമിതമായ ഉപ്പുപയോഗത്തിന്റെ പരിണിതഫലമാണ് എന്നു മനസിലാക്കണം, മറ്റ് അസുഖങ്ങളൊന്നുമില്ലെങ്കില്‍. അമിത ഉപ്പ് ഉപയോഗം കിഡ്‌നിയിലെ സമ്മര്‍ദ്ദം കൂട്ടുന്നു. ഇതോടെ അമിതമായുള്ള ഉപ്പ് പുറന്തള്ളാനുള്ള കിഡ്‌നിയുടെ ശ്രമമാണ് നിരന്തരമുള്ള മൂത്രശങ്ക.

 

മഞ്ഞുകാലത്തെ
ആരോഗ്യ സംരക്ഷണം

കാലാവസ്ഥാ മാറ്റം ചര്‍മത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ നിരവധിയാണ്. പാദം വിണ്ടുകീറുക, ചര്‍മം മൊരിയുക, തൊലിപ്പുറം വരണ്ടിരിക്കുക അങ്ങനെ നീളുന്നു അത്. ഈ പ്രശ്‌നങ്ങളിലേറെയുമുണ്ടാവുന്നത് മഞ്ഞുകാലത്താണ്. ത്വക്കിന് എണ്ണമയം നല്‍കുന്ന ഗ്രന്ഥികളുടെ പ്രവര്‍ത്തനം മഞ്ഞുകാലത്തു മന്ദീഭവിക്കുന്നതുകൊണ്ടാണിത്. ഡിസംബര്‍ പകുതിയായപ്പോള്‍ത്തന്നെ നല്ല തണുപ്പാണ് പലേടത്തും. ഇതുകൊണ്ടുതന്നെ ചര്‍മസംരക്ഷണത്തിനുള്ള പൊടിക്കൈകള്‍ പരീക്ഷിക്കേണ്ട സമയവുമായിരിക്കുന്നു.
എണ്ണ തേച്ചുകുളിച്ചാല്‍ ചര്‍മം മൊരിയുന്നത് ഒരു പരിധിവരെ തടയാനാവും. ചര്‍മത്തിന് മൃദുത്വവും കിട്ടും. മഞ്ഞുകാലത്തു ചര്‍മം വരണ്ടു പോകുന്ന അവസ്ഥ പരിഹരിക്കുന്നതിന് ഏതെങ്കിലും മോയിസ്ചറൈസിങ് ക്രീം പുരട്ടിയാല്‍ മതി. മോയിസ്ചറൈസിങ് ക്രീം ചര്‍മത്തില്‍ ഒരു കവചം പോലെ പ്രവര്‍ത്തിക്കുന്നു.
ശരീരത്തിലെ ഈര്‍പ്പം നഷ്ടപ്പെടാതെ സംരക്ഷിക്കുകയും ചെയ്യുന്നു. കഴിയുന്നതും സോപ്പ് ഉപയോഗിക്കാതിരിക്കുന്നതാണ് ചര്‍മത്തിന്റെ ആരോഗ്യത്തിന് നല്ലത്. സോപ്പു തേച്ചാല്‍ ചര്‍മം കൂടുതല്‍ വരളാന്‍ സാധ്യതയുണ്ട്.
തൊലിപ്പുറം വരളുന്നതിനു പ്രധാനകാരണം ശരീരത്തിലെ ജലാംശം കുറയുന്നതാണ്. അതിനാല്‍ ധാരാളം വെള്ളം കുടിക്കുക. കൂടാതെ പഴങ്ങളും ജ്യുസുമൊക്കെ ധാരാളം കഴിക്കുക. പുറത്ത് പോകുമ്പോള്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടുക. ചുണ്ടുകള്‍ പൊട്ടുന്നുണ്ടെങ്കില്‍ ലിപ് ബാം ഉപയോഗിക്കാവുന്നതാണ്.
ചര്‍മ സംരക്ഷണം പോലെ തന്നെ പ്രധാനമാണ് മുടിയുടെ സംരക്ഷണവും. മഞ്ഞുകാലത്ത് മുടിയില്‍ താരന്‍, മുടിയുടെ അറ്റം പൊട്ടുക, കൊഴിച്ചില്‍ തുടങ്ങി പല പ്രശ്‌നങ്ങളും ബാധിക്കാറുണ്ട്. ഇതിനു പരിഹാരമായി മുടിയില്‍ ഹോട്ടര്‍ മസാജിങ് ചെയ്യുക. വെളിച്ചെണ്ണ ചെറുതായി ചൂടാക്കി തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുന്നതാണ് ഹോട്ടര്‍ മസാജിങ്. മുടിയില്‍ പ്രോട്ടീന്‍ ട്രീറ്റ്‌മെന്റ് നടത്തുന്നതും ഈ കാലാവസ്ഥയില്‍ നല്ലതായിരിക്കും.
യാത്ര പോകുമ്പോള്‍ മുടിയില്‍ കാറ്റേല്‍ക്കുന്നത് ദോഷകരമാണ്. അതുണ്ടാകാതിരിക്കാന്‍ സ്‌കാര്‍ഫോ മറ്റോ ഉപയോഗിച്ച് മുടി മറയ്ക്കുന്നത് നല്ലതായിരിക്കും. മഞ്ഞുകാലത്ത് കഴിവതും ഷാംപൂ ഉപയോഗിക്കാതിരിക്കുക. ചെമ്പരത്തി താളിയോ, കുറുന്തോട്ടി താളിയോ ഉപയോഗിച്ച് മുടി കഴുകുക.
മഞ്ഞുകാലത്ത് ചിലര്‍ക്ക് പാദം വിണ്ടു കീറാറുണ്ട്്. ഇതു ഗുരുതരമായ അവസ്ഥയില്‍ വരെ ചെന്നെത്തിയേക്കാം. രാത്രി കിടക്കുന്നതിനു മുന്‍പ് ഇളം ചൂടുവെള്ളത്തില്‍ ഉപ്പു കലര്‍ത്തി കാല്‍പാദം അതില്‍ മുക്കിവയ്ക്കുക. അതിനുശേഷം ഒലിവ് ഓയില്‍, നാരങ്ങാനീര് മിശ്രിതം കാലില്‍ പുരട്ടുക. അതുകൂടാതെ ഗഌസറിനും റോസ് വാട്ടറും ചേര്‍ന്ന മിശ്രിതവും ഉപയോഗിക്കാം. കാലുകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രധാനം.
ശ്രദ്ധയോടെയുള്ള പരിചരണം വഴി മഞ്ഞുകാലത്തുണ്ടാകുന്ന സൗന്ദര്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.