
കോഴിക്കോട്: ഉപഭോക്താക്കള്‍ക്ക് സ്വാതന്ത്ര്യദിന സമ്മാനങ്ങളുമായി ബി.എസ്.എന്‍.എല്‍. വെറും 49 രൂപയ്ക്ക് എക്സ്പീരിയന്‍സ് എല്‍ എല്‍ 49 എന്ന പേരില്‍ 49 രൂപ പ്രതിമാസ വാടകക്ക്(ആദ്യത്തെ ആറുമാസം) ലാന്‍ഡ് ഫോണ്‍ കണക് ഷന് നല്‍കും. എന്നാല്‍ സെക്യൂരിറ്റി ഡെപ്പോസിറ്റായി 600 രൂപ അടക്കണം. കണക്ഷന് എടുത്ത് ആറുമാസത്തിന് ശേഷമെ ജനറല്‍ പ്ലാനിലേക്ക് കണക്ഷന് മാറുകയുള്ളൂ. ഇതിനു പുറമെ ഞായറാഴ്ചകളില്‍ ലാന്‍ഡ്ലൈന്‍ വരിക്കാര്‍ക്ക് 24 മണിക്കൂറും രാജ്യത്തെ എല്ലാ മൊബൈല്‍ നെറ്റ് വര്‍ക്കിലേക്കും എത്ര വേണമെങ്കിലും സൗജന്യമായി വിളിക്കാം.
ഈ മാസം15 മുതല്‍ ഈ ഓഫര്‍ നിലവില്‍ വരും. ലാന്‍ഡ് ഫോണുകളുടെ പ്രസക്തി വീണ്ടെടുക്കുന്നതിന്റെ ഭാഗമായി നേരത്തെ ബി.എസ്.എന്‍.എല്‍ രാത്രി ഒമ്പതു മുതല്‍ രാവിലെ ഏഴു വരെ എല്ലാ നെറ്റ് വര്‍ക്കിലേക്കും സൗജന്യ നൈറ്റ് കോള്‍ ഫ്രീ പദ്ധതി തുടങ്ങിയിരുന്നു. ഇതിനു വ്യാപകമായ പ്രതികരണമുണ്ടായ സാഹചര്യത്തിലാണ് പുതിയ പദ്ധതിയുമായി എത്തിയത്. ഞായറാഴ്ചകളില്‍ 24 മണിക്കൂറും സൗജന്യമായി വിളിക്കാന്‍ കഴിയുന്നതോടെ ലാന്ഡ്ലൈനിനോട് പ്രിയം കൂടുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. വര്‍ഷങ്ങളായി വ്യാപകമായി ബി.എസ്.എന്‍.എല്‍ ലാന്ഡ്ഫോണ് കണക്ഷന് ഉപേക്ഷിച്ചിരുന്നു. ലക്ഷക്കണക്കിന് പേരാണ് ലാന്ഡ്ഫോണ് ഉപേക്ഷിച്ചത്.
ഈ സാഹചര്യത്തിലായിരുന്നു ജനപ്രിയ ഓഫറുകളുമായി എത്തുന്നത്. ഇപ്പോഴുള്ള എല്ലാ സ്വകാര്യ മൊബൈല്‍ കമ്പനികളും ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ഫോണുകള്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. റിലയന്‍സ് ജിയോ അടക്കമുള്ള മിക്ക കമ്പനികളും അണ് ലിമിറ്റഡ് 4 ജിയുമായി നേരത്തെ എത്തിയിട്ടുണ്ട്.
എന്നാല്‍ ബി.എസ്.എന്‍.എല്ലിന്റെ 4ജി സംവിധാനം എപ്പോള്‍ വരുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. സംസ്ഥാനത്ത് 90 ശതമാനം ദേശങ്ങളും കവര്‍ ചെയ്യുന്ന 3ജി ടവറുകള്‍ അടുത്ത വര്‍ഷത്തോടെ മാത്രമേ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ.
ലാന്‍ഡ് ലൈന്‍ വഴി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കൊടുക്കുന്നുണ്ടെങ്കിലും ഇത് പ്രതീക്ഷിച്ച വിജയം കണ്ടതുമില്ല. സ്വാതന്ത്ര്യ ദിന ഓഫറുകള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്ന പ്രതീക്ഷയിലാണ് ബി.എസ്.എന്‍.എല്‍.