2021 December 06 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

‘ഉന’ നല്‍കുന്ന മുന്നറിയിപ്പ്


രാജ്യം എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍ ഗുജറാത്തിലെ ദലിത് സമൂഹം അവരുടെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുകയായിരുന്നു ഗുജറാത്തിലെ ‘ഉന’യില്‍. ചത്ത പശുവിന്റെ തൊലിയുരിച്ചു എന്നാരോപിച്ച് ദലിത് യുവാക്കളെ ഗോസംരക്ഷകരെന്നു പറയപ്പെടുന്ന ഏതാനും ചിലര്‍ കെട്ടിയിട്ട് മര്‍ദിച്ചത് ഉനയില്‍ വച്ചായിരുന്നു. അതേസ്ഥലത്താണ് ആയിരക്കണക്കിന് ദലിതര്‍ ഒന്നിച്ചുകൂടി സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്. ഹൈദരാബാദ് യൂനിവേഴ്‌സിറ്റി അധികൃതരുടെ പീഡനങ്ങളില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ മാതാവ് ആയിരുന്നു ദലിത് സ്വാതന്ത്ര്യ പ്രഖ്യാപനത്തെ തുടര്‍ന്ന് ഉനയില്‍ ദേശീയ പതാക ഉയര്‍ത്തിയത്. ചരിത്രത്തില്‍ ഇടം പിടിക്കേണ്ട ഒരുമഹാസംഭവത്തെ മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും അവഗണിച്ചിട്ടും ദേശീയതലത്തില്‍ വമ്പിച്ച വാര്‍ത്താ പ്രാധാന്യമാണ് ഉനയില്‍ ദലിതര്‍ നടത്തിയ സ്വാതന്ത്ര്യപ്രഖ്യാപനറാലി നേടിയത്. നിരാലംബരായ ഒരു ജനത അവരുടെ നിരാലംബതയില്‍ നിന്ന് കൊണ്ടാണ് സമരം ചെയ്യുന്നത്. മാലിന്യം നീക്കുന്നതില്‍ നിന്നും ഓടയില്‍ ഇറങ്ങുന്നതില്‍ നിന്നും ചത്ത പശുക്കളെ സംസ്‌കരിക്കുന്നതില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ടാണ് ദലിതര്‍ ‘ഉന’ എന്ന പ്രദേശത്തെ ഐതിഹാസിക സമരഭൂമിയാക്കിയത്.

ദലിതരെ അടിമകളാക്കിവയ്ക്കുന്ന സവര്‍ണ ഫാസിസ്റ്റ് തന്ത്രം അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ദലിതുകള്‍ ആവലാതികളുയര്‍ത്തുമ്പോള്‍ രാജ്യത്തെ വിഭജിക്കാനുള്ള പുറപ്പാടാണെന്നു പറഞ്ഞ് തളര്‍ത്തുകയായിരുന്നു ഇത്രയും കാലം സവര്‍ണര്‍. ഭരണഘടന അനുവദിച്ചിട്ടുള്ള അടിസ്ഥാന അവകാശങ്ങള്‍ പോലും കാലങ്ങളായി ഉത്തരേന്ത്യയിലെ സവര്‍ണര്‍ ദലിതുകള്‍ക്ക് വകവച്ചുകൊടുക്കുന്നില്ല. ഒരു നൂറ്റാണ്ടുമുന്‍പ് കേരളത്തിലുണ്ടായിരുന്ന ജാതിവെറിയും തൊട്ടുകൂടായ്മയും ഇന്നും ഉത്തരേന്ത്യയില്‍ കൊടികുത്തിവാഴുമ്പോള്‍ ചെങ്കോട്ടയിലെ വര്‍ണപ്പൊലിമയില്‍ രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിന പ്രസംഗം പ്രധാനമന്ത്രി നരേന്ദ്രമോദി കെങ്കേമമായി നടത്തുന്നതിലെന്തര്‍ഥം? പ്രസംഗത്തില്‍ അദ്ദേഹം തൊട്ടുകൂടായ്മക്കെതിരേയും ജാതീയതക്കെതിരേയും പോരാട്ടം നടക്കേണ്ടതിനെക്കുറിച്ചും പ്രസംഗിച്ചു. അതു പക്ഷേ, ഉത്തരേന്ത്യയിലെ സവര്‍ണസമൂഹം ചെവികൊള്ളുമെന്നു തോന്നുന്നില്ല. ദലിതരെ ആക്രമിക്കുന്നതിന് പകരം എന്നെ ആക്രമിക്കൂ, അവരെ വെടിവയ്ക്കുന്നതിനു പകരം എന്നെ വെടിവയ്ക്കൂ എന്ന് നരേന്ദ്രമോദി ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് പ്രസ്താവിച്ചിട്ടു പോലും ദലിതര്‍ക്കു നേരെയുള്ള ആക്രമണം കുറയ്ക്കാതെ മൂര്‍ച്ചകൂട്ടിക്കൊണ്ടിരിക്കുകയാണ് സവര്‍ണര്‍.

ഓഗസ്റ്റ് നാലിന് ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നും പുറപ്പെട്ട ദലിത് മഹാറാലി 350 കിലോമീറ്റര്‍ താണ്ടിയാണ് ഗുജറാത്തിലെ ഉനയില്‍ സംഗമിച്ചത്. അവിടെ എത്തുംവരെ സവര്‍ണരായ ബി.ജെ.പി പ്രവര്‍ത്തകരും മറ്റു സംഘ്പരിവാര്‍ സംഘടനകളും വഴിനീളെ അവര്‍ക്കെതിരേ കല്ലേറും ആക്രമണങ്ങളും വെടിവയ്പ്പുവരെ നടത്തുകയുണ്ടായി. ഇതില്‍നിന്നുതന്നെ നരേന്ദ്രമോദിയുടെ ഉപദേശമോ പ്രസംഗമോ ബി.ജെ.പിയിലും സംഘ്പരിവാരിലും അല്‍പംപോലും ഏശിയിട്ടില്ല എന്നു മനസ്സിലാക്കാം. ഈ സന്ദര്‍ഭത്തില്‍ ‘ഉന’യില്‍ ദലിതര്‍ നടത്തിയ സ്വാതന്ത്ര്യ പ്രഖ്യാപനം ചരിത്ര മുഹൂര്‍ത്തത്തിനാണ് നാന്ദികുറിച്ചിരിക്കുന്നത്.

തൊഴിലെടുത്ത് ജീവിക്കുവാന്‍ രാജ്യത്തെ സവര്‍ണര്‍ അനുവദിക്കാത്തതിനാല്‍ കൃഷിപ്പണി ചെയ്ത് ജീവിക്കാന്‍ ഓരോ ദലിത് കുടുംബത്തിനും അഞ്ച് ഏക്കര്‍ ഭൂമിവേണമെന്നും സവര്‍ണ ഉപദ്രവം മൂലം നേരത്തേ ചെയ്തുപോന്ന ജോലികളൊന്നും മേലില്‍ ചെയ്യുകയില്ലെന്നും ‘ഉന’യില്‍ അവര്‍ ശപഥം ചെയ്യുമ്പോള്‍ രാജ്യം തന്നെ ഒരു വഴിത്തിരിവിലാണെന്ന് കരുതേണ്ടിയിരിക്കുന്നു. ഇത്തരമൊരു മഹാസംരംഭത്തെ ദലിതരുടെ മിശിഹാ ആയി സ്വയം അവരോധിച്ച മായാവതിയും മറ്റു പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ നേതാക്കളായ ലാലുപ്രസാദ് യാദവ്, മുലായം സിങ് യാദവ്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ എന്നിവരൊക്കെയും അവഗണിച്ചത് ശരിയായില്ല. പരമ്പരാഗത രാഷ്ട്രീയ നേതാക്കളെയൊന്നും സമരപരിസരത്ത് കണ്ടില്ല എന്നത് കൊണ്ട് ഇത്തരം പ്രതിരോധ നീക്കങ്ങള്‍ ശക്തിപ്രാപിക്കാതിരിക്കില്ല. വിശ്വസിക്കുന്ന സംഘടനകളൊന്നും രക്ഷക്കെത്തുകയില്ലെന്ന് ദലിതരും മറ്റു പിന്നോക്ക വിഭാഗങ്ങളും ചിന്തിച്ചു തുടങ്ങുമ്പോള്‍ ഉനയില്‍ ഇപ്പോള്‍ ആരംഭിച്ച ദലിത് സമൂഹത്തിന്റെ ഉണര്‍ച്ച രാജ്യമൊട്ടാകെ പടരുക തന്നെ ചെയ്യും. അവരുടെ ഉല്‍ക്കര്‍ഷത്തിനെന്ന പേരില്‍ ജന്മം കൊണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളൊക്കെയും അപ്രസക്തമാവുകയും ചെയ്യും.

ഭരണഘടനപരമായ അവകാശങ്ങള്‍ ഒരുസമൂഹത്തിന് നിഷേധിക്കുന്നത് ഒരിക്കലും അംഗീകരിക്കുവാന്‍ പറ്റുകയില്ല. ഉനയിലെ റാലി കഴിഞ്ഞ് സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങുവാനുള്ള സുരക്ഷയ്ക്കായി ഉനയിലെ പൊലിസ് സ്‌റ്റേഷനില്‍ രണ്ടുമണിക്കൂര്‍ വരെ റാലിയില്‍ പങ്കെടുത്ത ദലിതര്‍ക്ക് കുത്തിയിരിക്കേണ്ടിവന്നു എന്നതില്‍ നിന്നും ഈ രാജ്യം ദലിതരോടും പിന്നോക്കവിഭാഗങ്ങളോടും എന്തുമാത്രം അനീതിയാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നത് വ്യക്തമാണ്. ദലിതര്‍ മാത്രമല്ല, ഉനയിലെ റാലിയില്‍ പങ്കെടുത്തത്. സമാനമായ ഭീഷണിക്കും ആക്രമണങ്ങള്‍ക്കും വിധേയരായിക്കൊണ്ടിരിക്കുന്ന മുസ്‌ലിംകളടക്കമുള്ള മറ്റു പിന്നോക്ക വിഭാഗങ്ങളും തൊഴിലാളികളും കര്‍ഷകരും ഇടതുപക്ഷ പ്രവര്‍ത്തകരും ഈ റാലിയില്‍ പങ്കുചേര്‍ന്നു.

ഗുജറാത്തിലെ പട്ടേല്‍വിഭാഗങ്ങളും ഇപ്പോള്‍ ദലതരും പിന്നോക്കക്കാരും സ്വന്തം നിലയില്‍ സംഘടിച്ച് അവകാശങ്ങള്‍ നേടിയെടുക്കുവാനായി സമര രംഗത്തേക്കിറങ്ങുമ്പോള്‍ അതൊരു വലിയ പ്രക്ഷോഭമായി മാറുകതന്നെ ചെയ്യും. ബി.ജെ.പിക്ക് കോര്‍പറേറ്റുകള്‍ നല്‍കുന്ന പിന്തുണ കൊണ്ടാകാം മുഖ്യധാരാ മാധ്യമങ്ങള്‍ ഈ സമരത്തുടക്കത്തെ അവഗണിച്ചത്. എന്നാല്‍ ദലിത് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഈ തുടക്കമായി വേണം ഉനയിലെ ദലിതരുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തെ കാണാന്‍. പ്രഖ്യാപനത്തോടെ അവസാനിക്കുന്നില്ല ഇത്തരം പോരാട്ടങ്ങള്‍ എന്നതിന് ചരിത്രത്തില്‍ തന്നെ ധാരാളം തെളിവുകളുണ്ട്. ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍റെയില്‍ തടയുകയും അതുവഴി ജയില്‍ നിറയ്ക്കല്‍ സമരം തുടങ്ങുമെന്നും ദലിതര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സമരങ്ങള്‍ ആളിപ്പടരാതിരിക്കുവാനും അഭ്യന്തര യുദ്ധത്തിലേക്ക് അവ മാറാതിരിക്കുവാനും ഭരണകൂടം കണ്ണുതുറക്കേണ്ടതുണ്ട്. ‘ഉന’ നല്‍കുന്ന മുന്നറിയിപ്പ് അതാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.