
ന്യൂഡല്‍ഹി: ഗുജറാത്തിലെ ഉനയില്‍ പശുവിനെ അറുത്തെന്ന് ആരോപിച്ച് ദലിത് യുവാക്കളെ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളി.
ചത്ത പശുവിന്റെ ജീര്‍ണിച്ച അവശിഷ്ടത്തില്‍ നിന്ന് തൊലിയുരിഞ്ഞ് വില്പന നടത്തിയതിന് 2016 ജൂലൈ 11നാണ് ഏഴ് ദലിത് യുവാക്കളെ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ഗോരക്ഷക് സംഘം കെട്ടിയിട്ട് മര്‍ദിച്ചത്. ഇതിന് പുറമെ, ദലിത് യുവാക്കളെ കസ്റ്റഡിയിലെടുത്ത പൊലിസ് ഇവരെ ലോക്കപ്പിലിട്ട് മര്‍ദിക്കുകയും ചെയ്തിരുന്നു.
സംഭവം സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കാന്തി ഭായി ഭിഖാഭായി ചൗഡ എന്നയാളാണ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. ദലിതുകളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഗുജറാത്ത് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ഹരജിക്കാരന് ചൂണ്ടിക്കാട്ടി.
ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര് സുഭാഷ് റെഡ്ഡി, ജസ്റ്റിസ് വിപുല്‍ .എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് ഹരജി തള്ളുകയായിരുന്നു.
പ്രതികള്‍ ശക്തരും സ്വാധീനമുള്ളവരുമായതിനാല്‍ അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ട് പോകുന്നില്ലെന്നും അന്വേഷണം പക്ഷപാതപരമാണെന്നും സ്ഥാപിക്കുന്നതില്‍ ഹരജിക്കാരന് പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് കോടതി സി.ബി.ഐ അന്വേഷണമെന്ന ആവശ്യം തള്ളിയത്.