
അടിമാലി: കാട്ടാന അക്രമിച്ച തെരഞ്ഞെടുപ്പ് സുരക്ഷ ഉദ്യോഗസ്ഥരെ രക്ഷിക്കാനെത്തിയവര്‍ ചേരിതിഞ്ഞ് സംഘര്‍ഷം. എട്ടു പേര്‍ക്ക് പരുക്ക്. ആവറുകുട്ടി വനത്തില്‍ ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. സി.പി.എം അനുഭാവികളായ ബിജു, മാത്യു, കോണ്‍ഗ്രസ് അനുഭാവികളായ ജയിംസ്, സോണി, സിനേഷ്, ഷാന്‍, സജി, രാജേഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത.് കുറത്തികുടിയിലെ തെരഞ്ഞെടുപ്പ് ഡ്യുട്ടിക്ക് ശേഷം രാത്രിയില്‍ വനത്തിലൂടെ മടങ്ങിയ പൊലിസിന്റെ അഞ്ചംഗ വയര്‍ലസ് സംഘത്തെയാണ് കാട്ടാന അക്രമിച്ചത്.
ഇവര്‍ സഞ്ചരിച്ച വാഹനം കാട്ടാന കുത്തിമറിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ വനത്തില്‍ കുടുങ്ങിയിരുന്നു. പിന്നാലെ എത്തിയ ജീപ്പ് ഇവിടെ നിയന്ത്രണം വിട്ട് മറിയുകയും ചെയ്തു. വിവരമറിഞ്ഞ് പൊലിസുകാരെയും ജീവനക്കാരെയും രക്ഷിക്കാന്‍ രാഷ്ട്രീയം മറന്ന് വനിത പഞ്ചായത്ത് അംഗത്തിന്റെ നേത്യത്വത്തില്‍ ഇരുപതോളം നാട്ടുകാരും വനപാലകരും പൊലിസും പഴമ്പിള്ളിച്ചാലില്‍ നിന്നും എത്തി.
സ്ഥലത്ത് നിലയുറപ്പിച്ചിരുന്ന കാട്ടാനകളെ വനത്തിലേക്ക് തുരുത്തി ഓടിച്ചശേഷം ഉദ്യോഗസ്ഥരെ രക്ഷിച്ച് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.എന്നാല്‍ അപകടത്തില്‍പ്പെട്ട വാഹനം വനത്തില്‍ നിന്ന് കെട്ടിവലിച്ച് മാത്രമെ കൊണ്ടുപോകാന്‍ കഴിയുമായിരുന്നുളളു. ഇതിനായി മറ്റൊരു വാഹനം എത്തിച്ചു. ഇതില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ ചിത്രം കണ്ടതോടെ രോക്ഷാകുലനായ സി.പി.എം നേതാവ് തങ്ങളെ അക്രമിക്കുകയായിരുന്നൂവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. വാഹനത്തില്‍ പതിച്ചിരുന്ന ചിത്രം പറിച്ചെറിയുകയും ചെയ്തു.ഇതോടെ വനത്തിനുളളില്‍ ഇരുപാര്‍ട്ടി അനുഭാവികളും ചേരിതിരിഞ്ഞ് സംഘട്ടനത്തിലേര്‍പ്പെടുകയായിരുന്നു.
പരുക്കേറ്റവര്‍ കോതമംഗലം, അടിമാലി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന വനിത പഞ്ചായത്ത് അംഗത്തോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോള്‍ തങ്ങളെ അക്രമിക്കുകയായിരുന്നൂവെന്ന് സി.പി.എം പ്രവര്‍ത്തകര്‍ പറയുന്നു. ആനത്താരയില്‍ കൈയ്യാങ്കളിയിലായത് നോക്കി നില്ക്കാനെ വനം പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞുളളു. ഇവരുടെ മൊഴിപ്രകാരം അടിമാലി പൊലിസ് കേസ് എടുത്തു.