2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

ഉദ്യോഗസ്ഥപ്പോര്: വേണ്ടത് ധീരമായ ഇടപെടല്‍


ഐ.എ.എസ്, ഐ.പി എസ് ഉദ്യോഗസ്ഥ മേധാവികള്‍ക്കിടയില്‍ ഉരുണ്ടുകൂടിയിരിക്കുന്ന താന്‍പോരിമ തര്‍ക്കം സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെയും ക്രമസമാധാന പാലനത്തെയും ബാധിച്ചുതുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളും നടപടികളും പ്രവൃത്തി പഥങ്ങളില്‍ കൊണ്ടുവരേണ്ടത് എക്‌സിക്യൂട്ടീവ് വിഭാഗമായ ഉദ്യോഗസ്ഥരാണ്. അവര്‍ അവരുടെ സ്ഥാനങ്ങളിലിരുന്ന് പരസ്പരം ചെളി വാരിയെറിയാനും പ്രതികാരം തീര്‍ക്കാനും തുടങ്ങിയാല്‍ നിരവധി ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ബാധ്യതയേറ്റെടുത്ത് അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാരിനെ അത് പിറകോട്ടടിപ്പിക്കും.

പറയത്തക്ക ആരോപണങ്ങളില്ലാതെ ഭരണത്തിന്റെ 100 ദിവസം മികച്ച രീതിയില്‍ നിര്‍വഹിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഭരണകൂടത്തിന് ഉദ്യോഗസ്ഥര്‍ക്കിടയിലെ പടലപ്പിണക്കം ഇനിയങ്ങോട്ടു വലിയ വിനയായിത്തീരാനാണ് സാധ്യത. മുഖ്യമന്ത്രിയുടെയും സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും സ്വന്തം ആള്‍ക്കാരാണെന്ന് പറഞ്ഞു ക്വട്ടേഷന്‍ ഏറ്റെടുത്തുകൊണ്ടിരിക്കുന്ന സി.പി.എം പ്രാദേശിക നേതാക്കളടക്കമുള്ള ഗുണ്ടാ സംഘങ്ങള്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുത്തുകൊണ്ടിരിക്കുന്ന സര്‍ക്കാരിന് അതേ നിലപാട് തുടരണമെങ്കില്‍ ഉദ്യോഗസ്ഥ തലത്തില്‍ കെട്ടുറപ്പും ഐക്യവും അനിവാര്യമാണ്. ഗുണ്ടകളെ അമര്‍ച്ച ചെയ്യുവാന്‍ സംസ്ഥാനാടിസ്ഥാനത്തില്‍ പൊലിസിന്റെ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് നടപ്പിലാക്കേണ്ടത് പൊലിസ് മേധാവികളാണ്. പൊലിസുകാരില്‍ പലരും ഗുണ്ടകളുമായും രാഷ്ട്രീയ നേതാക്കളുമായും അവിശുദ്ധ ബന്ധം തുടരുന്ന പശ്ചാത്തലത്തിലും ഐ പി എസുകാര്‍ തമ്മില്‍ നടക്കുന്ന ശീതയുദ്ധത്താലും ഐ പി എസുകാരും ഐ എ എസുകാരും തമ്മില്‍ നടക്കുന്ന വടംവലിയും ഇത്തരം പദ്ധതികളെ വിജയിപ്പിക്കുമോ എന്നത് സംശയമാണ്.

ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം ഏബ്രഹാമിന്റെ വീട്ടില്‍ അദ്ദേഹമില്ലാത്ത സമയത്ത് വിജിലന്‍സ് റെയ്ഡ് നടത്തിയത് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് ഏബ്രഹാമിനോടുള്ള പകകൊണ്ടാണെന്ന് ഏബ്രഹാം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ്. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ നടത്തിയതായി കണ്ടെത്തിയ ക്രമക്കേടുകളുടെ പേരില്‍ ധനകാര്യ പരിശോധനാ വിഭാഗം അദ്ദേഹത്തിനെതിരേ നടപടി ശുപാര്‍ശ ചെയ്തതാണ് ജേക്കബ് തോമസിന് തന്നോടുണ്ടായ പകയുടെ അടിസ്ഥാനമെന്നാണ് കെ എം ഏബ്രഹാം മുഖ്യമന്ത്രിയെ ധരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ റെയ്ഡ് നടത്തിയിട്ടില്ലെന്നും വീടിന്റെ അളവെടുക്കുക മാത്രമേ ഉണ്ടായിട്ടുള്ളുവെന്നാണ് വിജിലന്‍സ് വിശദീകരണം.

ജോമോന്‍ പുത്തന്‍പുരക്കല്‍ വിജിലന്‍സിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് കെ എം ഏബ്രഹാമിന്റെ ഫ്‌ളാറ്റിലെത്തി തറയുടെ വിസ്തീര്‍ണ്ണം അളന്നത്. ഇതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് തന്റെ ഔദ്യോഗിക ഫോണ്‍കോളുകളും ഇ-മെയിലുകളും ചോര്‍ത്തുന്നുവെന്നും ഇതന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഡി ജി പി ലോക്‌നാഥ് ബെഹ്‌റക്ക് പരാതി നല്‍കിയത്. ഡി ജി പിയുടെ റാങ്കില്‍ കുറയാത്ത പൊലിസുദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും പരാതിയില്‍ ജേക്കബ് തോമസ് എടുത്തു പറഞ്ഞിരുന്നു. പരാതി ക്രൈംബ്രാഞ്ചിന്റെ ചുമതല വഹിക്കുന്ന ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കുവാന്‍ ഡി ജി പി ഉത്തരവായിരിക്കുകയാണ്. ക്രൈം ബ്രാഞ്ചിന്റെ തലപ്പത്ത് ഡി ജി പി റാങ്കിലുള്ള പൊലിസ് ഉദ്യോഗസ്ഥന്‍ ഇല്ലാത്തതിനാലാണ് ഐ ജി റാങ്കിലുള്ള ബല്‍റാം കുമാര്‍ ഉപാധ്യായയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നത്.

ആഭ്യന്തര സെക്രട്ടറിയുടെ അനുമതി പ്രകാരം ആരുടെയും ഫോണും ഇ-മെയിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അറുപത് ദിവസം വരെ ചോര്‍ത്താവുന്നതാണെന്ന് ഇന്ത്യന്‍ ടെലഗ്രാഫ് നിയമത്തിലുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ ഐ ജി റാങ്കിലുള്ള പൊലിസ് ഉദ്യോഗസ്ഥര്‍ക്കും ആരുടെയും ഫോണ്‍കോളുകള്‍ ചോര്‍ത്താവുന്നതാണ്. പിന്നീട് മുന്‍കാലപ്രാബല്യത്തോടെ ആഭ്യന്തര വകുപ്പില്‍ നിന്നും അനുമതി വാങ്ങണം. ജേക്കബ് തോമസിന്റെ പരാതിയുടെ ഉള്ളടക്കം പരിശോധിക്കുകയാണെങ്കില്‍ ഇവിടെ ആ നിലക്കുള്ള നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ലെന്നു വേണം കരുതാന്‍. ആഭ്യന്തര വകുപ്പ് ഇത്തരമൊരു ഫോണ്‍ ചോര്‍ത്തലിന് അനുവാദം കൊടുക്കാത്തതിനാലാണല്ലോ മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ ഇത് സംബന്ധിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് പറഞ്ഞത്. ആധുനിക കാലത്തെ ഫോണുകളായ ആന്‍ഡ്രോയ്ഡ്, സ്മാര്‍ട്ടു ഫോണുകള്‍ ഉപയോഗിക്കുന്നവരുടെ കോളുകള്‍ ചോര്‍ത്താന്‍ വലിയ പ്രയാസമില്ലെന്ന് ഐ ടി രംഗത്തെ വിദഗ്ധര്‍ പറയുന്നുണ്ട്.

അതീവ ഗുരുതരമായ കേസന്വേഷണത്തിന് ചോര്‍ത്തല്‍ നിര്‍ബന്ധമായി വരുന്ന അവസ്ഥയിലും രാജ്യത്തെ ബാധിക്കുന്നതുമായ കാര്യങ്ങളിലും മാത്രമേ ഫോണ്‍ ചോര്‍ത്തല്‍ അനിവാര്യമായി വരാറുള്ളു. ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെങ്കില്‍ അത് അതീവ ഗൗരവമേറിയതാണ്. ഉദ്യോഗസ്ഥ മേധാവികള്‍ക്കിടയിലുള്ള കുടിപ്പക തന്നെയായിരിക്കണം ഈ രീതിയിലുള്ള ഒരു പരാതി കൊടുക്കുവാന്‍ ജേക്കബ് തോമസിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ഔദ്യോഗിക വിഷയങ്ങള്‍ മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചതു വരെ ചോര്‍ത്തപ്പെട്ടിരിക്കുന്നുവെന്ന അദ്ദേഹത്തിന്റെ ആശങ്ക പരിഹരിക്കപ്പെടേണ്ടതാണ്. അതേ സമയം കെ എം ഏബ്രഹാമിന്റെ ഫ്‌ളാറ്റില്‍ വിജിലന്‍സ് നടത്തിയ റെയ്ഡ് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നുള്ള അദ്ദേഹത്തിന്റെ ആരോപണവും മുഖവിലക്കെടുക്കേണ്ടതുണ്ട്.

ഭരണരംഗത്തെ മേലാവുകള്‍ക്കിടയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന ഈ പോര് സംസ്ഥാന ഭരണ ചക്രത്തെ നിശ്ചലമാക്കുവാനും ക്രമസമാധാന പാലന രംഗത്ത് വമ്പിച്ച വീഴ്ച വരുത്താനും അതുവഴി അരാജകത്വം പടര്‍ന്നുപിടിക്കാനുമുള്ള സാധ്യതയേറെയാണ്. ആരെയും കൂസാത്ത നിലയിലേക്ക് ഗുണ്ടാ സംഘങ്ങള്‍ക്ക് വളരണമെങ്കില്‍ അത് പൊലിസിലെ ഇപ്പോഴത്തെ കുത്തഴിഞ്ഞ അവസ്ഥ തന്നെയായിരിക്കണം കാരണം. ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടു തടവില്‍ കഴിയുന്ന നിസാം എന്ന കൊലക്കേസ് പ്രതിക്ക് ജയിലറ സുഖവാസകേന്ദ്രമാക്കി കൊടുക്കുന്നതില്‍  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പൊലിസുകാര്‍ മത്സരിക്കുകയാണെന്ന് പറയപ്പെടുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വാഗ്ദാനം ചെയ്ത ഇടതുപക്ഷം വരും എല്ലാം ശരിയാകുമെന്ന സുന്ദര മുദ്രാവാക്യമാണ് ജലരേഖയായി മാറുന്നത്.

ഉദ്യോഗസ്ഥര്‍ക്കിടയിലെ തമ്മില്‍തല്ലും പകപോക്കലും അഴിമതിയും ഒരിക്കലും വകവച്ചുകൊടുക്കാന്‍ പാടുള്ളതല്ല. കൊച്ചി വെണ്ണലയിലെ വ്യവസായിയെ തട്ടിക്കൊണ്ടുപോയി തടഞ്ഞുവച്ചതിന് സി പി എം കളമശ്ശേരി ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ സി പി എം നേതാവിനെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യാന്‍ ചങ്കൂറ്റം കാണിച്ച മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഐ എ എസ് , ഐ പി എസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ കിടമത്സരം തീര്‍ക്കുവാനും ധീരമായ നടപടിയാണ് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.