2020 October 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഉഡുപ്പിയില്‍ 13 ഗോരക്ഷാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഉഡുപ്പി: കര്‍ണാടകയിലെ ഉഡുപ്പിയില്‍ പശുവിനെ കൊന്നെന്ന് ആരോപിച്ച് മൂന്ന് ആദിവാസികള്‍ക്കുനേരെ ഗോരക്ഷാ പ്രവര്‍ത്തകരുടെ ആക്രമണം. ഉഡുപ്പി ജില്ലയിലെ ഹൊസാദുവിലാണ് കോരാഗ ആദിവാസി ഗോത്രത്തില്‍പെട്ട മൂന്ന് യുവാക്കള്‍ക്ക് മര്‍ദനമേറ്റത്. സംഭവത്തില്‍ 13 ഗോരക്ഷാ പ്രവര്‍ത്തകരെ കര്‍ണാടക പൊലിസ് അറസ്റ്റ് ചെയ്തു.
ദിവസങ്ങള്‍ക്കു മുന്‍പ് അര്‍ധരാത്രി സുനില്‍ പൂജാരി, ചന്ദ്രകാന്ത് പൂജാരി, ഗുരുരാജ ആചാര്യ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോരക്ഷാ സംഘം കോരാഗ കോളനിയിലെ വീടുകളില്‍ ആക്രമണമഴിച്ചുവിടുകയായിരുന്നു.
സംഭവത്തില്‍ ഹരീഷ്, മഹേഷ്, ശ്രീകാന്ത് എന്നീ യുവാക്കള്‍ക്ക് സാരമായി പരുക്കേറ്റിരുന്നു. ഇവര്‍ വീടിനടുത്തുവച്ച് ഗോവധം നടത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് വീട്ടമ്മ ശകുന്തള പൊലിസിനോട് പറഞ്ഞു.
അതേസമയം, കര്‍ണാടക ഗോവധ നിരോധന നിയമപ്രകാരം ഗോവധം ആരോപിച്ച് ഹരീഷ്, മഹേഷ്, ശ്രീകാന്ത് എന്നിവര്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്.
ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടതായും ആക്രമണത്തില്‍ പങ്കാളികളായ കൂടുതല്‍ പേരെ അന്വേഷിച്ചുവരികയാണെന്നും ഉഡുപ്പി ജില്ലാ പൊലിസ് അഡിഷനല്‍ സൂപ്രണ്ട് എന്‍. വിഷ്ണുവര്‍ധന്‍ പറഞ്ഞു.
അടുത്തുള്ള മോവാദി ത്രാസി ഗ്രാമത്തിലെ ഗോരക്ഷാ പ്രവര്‍ത്തകരാണ് ആദിവാസി യുവാക്കള്‍ക്കെതിരേ പൊലിസിന് പരാതി നല്‍കിയത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.