
അഞ്ചല്‍: കുളത്തൂപ്പുഴ-തെന്മല റോഡില്‍ എര്‍ത്ത് ഡാമിനു സമീപം കിടന്ന രണ്ട് വയസ് പ്രായമുള്ള ഉടുമ്പിനെ ഓട്ടോ കയറ്റി കൊന്നവര്‍ വനപാലകരുടെ പിടിയില്‍. തിങ്കള്‍ കരിക്കം 12 സെന്റില്‍ മിന്ഹാമന്സിലില് ബഷീര്‍ (60), കുളത്തൂപ്പുഴ ഗവ. ആശുപത്രിയ്ക്കു സമീപം താമസിക്കുന്ന ജോയി (38)എന്നിവരാണ് പിടിയിലായത്. ഇയാള്‍ ഓടിച്ചിരുന്ന ഇയാളുടെ തന്നെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയും വനപാലകര്‍ കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞദിവസം വൈകിട്ട് നാലോടെയായിരുന്നു സംഭവം. റോഡിന്റെ വശത്ത് കിടന്ന ഉടുമ്പിന്റെ തലഭാഗത്തു കൂടി പലതവണ ഓട്ടോ കയറ്റിയിറക്കി ക്കൊന്നശേഷം കടത്തികൊണ്ടുപോകാന്‍ ശ്രമിക്കുന്ന വിവരം സ്ഥലവാസികള്‍ മൊബൈലില്‍ ചിത്രമെടുത്ത് അഞ്ചല്‍ ഫോറസ്റ്റ് റെയിഞ്ചോഫിസറെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പട്രോളിങ്ങിലുണ്ടായിരുന്ന വനപാലക സംഘം ഇവരെ പിടികൂടുകയായിരുന്നു. വനപാലകര്‍ വരുന്നതറിഞ്ഞ് ഇവര്‍ ഉടുമ്പിനെ ഉപേക്ഷിച്ച് സ്ഥലം വിട്ടിരുന്നു. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുത്തി അതീവ ജാഗ്രതയോടുകൂടി സംരക്ഷിച്ചു വരുന്നതാണ് ഉടുമ്പ്. ഇതിനെ വേട്ടയാടി കൊല്ലുന്നത് അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെ തടവുശിക്ഷയും 10,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
അഞ്ചല്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ബി.ആര് ജയന്റെ നേതൃത്വത്തില്‍ കളംകുന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ സജിമോന്‍ പി.സി, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എസ്. മനോജ് കുമാര്‍, റിസര്‍വ്വ് ഫോറസ്റ്റ് വാച്ചര്‍ ജയശ്രീ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത് . കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.