
ന്യൂ ഡല്‍ഹി: കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുമ്പോള്‍ സമാശ്വാസ പാക്കേജുകള്‍ക്ക് വേണ്ടി ജന്തര്‍മന്തറില്‍ സമരം നടത്തുന്ന തങ്ങളെ അവഗണിക്കുന്ന കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കുമുന്പില് തമിഴ്നാട് കര്‍ഷകരിലൊരാള്‍ നഗ്നനായി ഓടി പ്രതിഷേധിച്ചു. നോര്‍ത്ത് ബ്ലോക്കിലാണ് കര്ഷകന് നഗ്നനായി ഓടി പ്രതിഷേധിച്ചത്.
പ്രധാനമന്ത്രിയെ കണ്ട് അപേക്ഷ സമര്‍പ്പിക്കാന്‍ തമിഴ് കര്‍ഷകരുടെ ഏഴംഗ പ്രതിനിധി സംഘം ശ്രമിച്ചെങ്കിലും അനുമതി നല്‍കിയില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ദിവസങ്ങളായി ഡല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ പുതിയ തലത്തിലേക്ക് സമരമെത്തിച്ചത്. പ്രധാനമന്ത്രിയെ കാണാനാവില്ലെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റി പുറത്താക്കിയതോടെ കര്‍ഷകരിലൊരാള്‍ വാഹനത്തില്‍ നിന്ന് ചാടി ഉടുതുണിയില്ലാതെ ഓടി. കര്‍ഷകരുടെ ആവശ്യങ്ങള്‍ ഉറക്കെ വിളിച്ചുപറഞ്ഞാണ് ഇയാള്‍ ജന്തര്‍മന്തറില്‍ ഉടുതുണിയില്ലാതെ ഓടി പ്രതിഷേധിച്ചത്.
പ്രധാനമന്ത്രിയുടെ ഓഫിസിന് പുറത്ത് കിടന്നുരുണ്ടും കര്‍ഷകര്‍ പ്രതിഷേധിച്ചു. മൂന്ന് പേരാണ് ഇവിടെ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് ഓഫിസിന് പുറത്ത് നിലത്തുകിടന്ന് പ്രതിഷേധിച്ചത്.
വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ടായി 40,000 കോടി രൂപ പ്രഖ്യാപിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കഴിഞ്ഞ കുറച്ച് ആഴ്ചകളായി കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രതിഷേധിച്ചുവരികയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. കര്‍ഷകര്‍ക്കായി സമാശ്വാസ പാക്കേജുകള്‍ പ്രഖ്യാപിച്ച് ദുരിതം ഇല്ലാതാക്കണമെന്നാണ് പ്രധാനമായും ആവശ്യപ്പെടുന്നത്.