2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഉക്രൈനിൽ 50 ലക്ഷം പേർ രാജ്യം വിട്ടതായി യു.എൻ റഷ്യയുടെ അന്ത്യശാസന കാലാവധി പിന്നിട്ടു

കീവ്
റഷ്യ അധിനിവേശം തുടങ്ങിയതുമുതൽ 50 ലക്ഷം പേർ ഉക്രൈൻ വിട്ടതായി യു.എൻ. ഇതിൽ 28 ലക്ഷം ആളുകളും പോളണ്ടിലേക്കാണ് പോയത്. പോളണ്ടിൽനിന്ന് മറ്റിടങ്ങളിലേക്ക് സുരക്ഷിതത്വം തേടി പോയവരും ഉണ്ട്.
70 ലക്ഷം പേരാണ് ഭവനരഹിതരായത്. അധിനിവേശം തുടങ്ങിയ ഫെബ്രുവരി 24 മുതലുള്ള കണക്കാണിതെന്ന് അഭയാർഥികൾക്കായുള്ള യു.എൻ ഹൈക്കമ്മിഷനർ അറിയിച്ചു. 4.4 കോടിയാണ് ഉക്രൈനിലെ ജനസംഖ്യ.
അതിനിടെ റഷ്യയുമായുള്ള ചർച്ചയെ തുടർന്ന് മരിയപോളിൽ മാനുഷിക ഇടനാഴി തുറന്നതായി ഉക്രൈൻ അറിയിച്ചു.
പ്രായമായവർ, കുട്ടികൾ, സ്ത്രീകൾ എന്നിവർക്ക് സുരക്ഷിത ഇടം തേടാനായി ഇന്നലെ ഉച്ചയ്ക്ക് ശേഷമുള്ള സമയം നിശ്ചയിച്ച് മരിയപോൾ നഗരഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്.
ദിവസങ്ങളായി രൂക്ഷമായ ആക്രമണം നടക്കുന്ന ഉക്രൈൻ പ്രദേശമാണ് തുറമുഖനഗരമായ മരിയപോൾ.
അതേസമയം, മരിയപോളിലെ സൈന്യത്തോട് കീഴടങ്ങാനായി റഷ്യ പ്രഖ്യാപിച്ച സമയപരിധി ഇന്നലെ അവസാനിച്ചു.
ഇതിനിടെ വടക്ക് കിഴക്കൻ നഗരമായ ഇസുമിൽ നിന്ന് സ്ലൊവ്യാൻസ്‌ക് ലക്ഷ്യംവച്ച് മുന്നേറാനുള്ള റഷ്യൻ സൈന്യത്തിന്റെ നീക്കം ഉക്രൈൻ സേന തടഞ്ഞു. പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട്‌ചെയ്തത്.
ഉക്രൈനിൽനിന്ന് പിടികൂടിയവരോട് മാനുഷികപരിഗണന കാണിക്കണമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ റഷ്യയോട് അഭ്യർഥിച്ചു. ഉക്രൈൻ സൈന്യത്തോടൊപ്പം ചേർന്ന് പോരാടിയ ബ്രിട്ടിഷ് പൗരൻ അസ്ലിൻ ഷോൺ പിന്നർ റഷ്യൻ സൈന്യത്തിന്റെ പിടിയിലായ പശ്ചാത്തലത്തിലാണ് ജോൺസൻ്റെ പ്രസ്താവന.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.