പ്രധാന നഗരത്തിന്റെ 70 ശതമാനവും പിടിച്ചു
മോസ്‌കോ
മൂന്നുമാസം പിന്നിട്ട അധിനിവേശം കൊണ്ട് ഉക്രൈനിൽ സമ്പൂർണവിജയം കൈവരിക്കാൻ സാധിക്കാത്തതിനാൽ കൂടുതൽ സൈനിക വിന്യാസത്തിനൊരുങ്ങി റഷ്യ. ഇതിന്റെ ഭാഗമായി ഉക്രൈനിലെ ഇവാനോവോ പ്രവിശ്യയിൽ റഷ്യ സൈനികാഭ്യാസം നടത്തി. ആയിരത്തോളം റഷ്യൻ സൈനികരും ബാലിസ്റ്റിക് മിസൈൽവാഹക വിമാനങ്ങളും അടക്കം നൂറോളം വാഹനങ്ങൾ സൈനികാഭ്യാസത്തിൽ പങ്കെടുത്തതായി പ്രതിരോധമന്ത്രാലയങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അതേസമയം, ലുഹാൻസ്‌ക് പ്രവിശ്യയിലെ തന്ത്രപ്രധാന നഗരമായ സീവ്യർഡോന്റെസ്‌കിന്റെ 70 ശതമാനത്തിലേറെ റഷ്യ പിടിച്ചെടുത്തു. ഡോൺബസിലെ രണ്ടുപ്രവിശ്യകളിലൊന്നാണ് സീവ്യർഡോന്റെസ്‌ക്. നഗരത്തിലുണ്ടായിരുന്ന ഉക്രൈൻ സൈനികർ പിൻവാങ്ങിയതായും കൂടുതൽ സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറിയതായും ലുഹാൻസ് ഗവർണർ പറഞ്ഞു.
നഗരത്തിലെ പ്രധാനപ്പെട്ട മിക്ക അടിസ്ഥാനസൗകര്യങ്ങളും റഷ്യൻ സൈന്യം നശിപ്പിച്ചിട്ടുണ്ട്. ജനവാസകേന്ദ്രങ്ങളിൽ 65 ശതമാനവും പുനഃനിർമിക്കാൻ കഴിയാത്തവിധം തകർത്തതായും ഗവർണർ ആരോപിച്ചു.
ഉക്രൈൻ കൂടുതൽ പ്രതിരോധത്തിലായതോടെ അവർക്ക് ആധുനിക ആയുധങ്ങൾ നൽകുമെന്ന് യു.എസ് അറിയിച്ചു. 80 കിലോമീറ്റർ ദൂരപരിധിയിൽ ആക്രമണം നടത്താൻ ശേഷിയുള്ള മിസൈൽ നൽകുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു. മിസൈൽ റഷ്യയിൽ പ്രയോഗിക്കില്ലെന്ന ഉറപ്പ് ഉക്രൈനിൽനിന്ന് വാങ്ങിയ ശേഷമാണ് യു.എസിന്റെ നടപടിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു.
എന്നാൽ ഉക്രൈന് ആയുധം നൽകാനുള്ള യു.എസ് നടപടിക്കെതിരേ കടുത്ത ഭാഷയിലാണ് റഷ്യ പ്രതികരിച്ചത്. എരിതീയിൽ എണ്ണ ഒഴിക്കുകയാണ് യു.എസ് ചെയ്യുന്നതെന്ന് റഷ്യൻ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.
Comments are closed for this post.