
കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ മുമ്പ് സ്വീകരിച്ചിരുന്ന ഒരു രീതി ഉണ്ട്. ഏതെങ്കിലും ഒരു ചാനല്‍ ഒരു വാര്‍ത്ത എയര്‍ ചെയ്താല്‍ എല്ലാവരും അതേറ്റു പിടിക്കുക. ഒരേ വാര്‍ത്ത തന്നെ മത്സരിച്ച് കൊടുക്കുക. എന്നിട്ട് വാര്‍ത്ത ബ്രേക്ക് ചെയ്തവര്‍ തങ്ങളാണെന്ന് ഓരോരുത്തരും അവകാശപ്പെടുക. എന്നാല്‍ ഈ തട്ടിപ്പ് പുറത്തായതോണ്ടാണോ എന്നറിയില്ല ഈ രീതിക്ക് സമീപകാലത്ത് മാറ്റം വന്നിട്ടുണ്ട്. ഏതെങ്കിലും ഒരു ചാനല്‍ ഒരു ‘എക്സ്ക്ലൂസീവ് ‘ ബ്രേക്ക് ചെയ്താല്‍ ബാക്കി എല്ലാവരും ചേര്‍ന്ന് ആ വാര്‍ത്ത പൊളിക്കാന്‍ നോക്കും. ആ വാര്‍ത്ത തെറ്റാണെന്ന് സ്ഥാപിക്കും.
ശ്രീ.എ.കെ ശശീന്ദ്രന്റെ ഓഡിയോ പുറത്ത് വിട്ട കാര്യം എടുക്കൂ. ഇപ്പോ എല്ലാ ചാനലുകാരും മംഗളത്തിനെതിരെയാണ്. ധാര്‍മ്മികതയെ കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇവരെല്ലാം ഇത്തരം വാര്‍ത്തകള്‍ പുറത്ത് വിട്ടവരോ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ടെലികാസ്റ്റ് ചെയ്തവരോ ആണ്. അപവാദമായിട്ടുള്ളത് ചില ചാനലുകള്‍ മാത്രമാണ്. അതിന് കാരണം അവര്‍ വന്നിട്ട് അധികകാലമായിട്ടില്ല എന്നത് മാത്രമാണ്. എങ്കിലും അവരുടെ സത്യസന്ധത കാലമാണ് തെളിയിക്കേണ്ടത്. മാധ്യമ സുഹൃത്തുക്കളേ…ഈ കുളിമുറിയില്‍ എല്ലാവരും നഗ്നരാണ്.