കൈറോ: പുരാതന ഈജിപ്ഷ്യന്‍ തലസ്ഥാനമായ സഖാറയിലെ മൂന്നു കിണറുകളില്‍ നിന്ന് 2,600 വര്‍ഷം പഴക്കമുള്ള 59 മമ്മികള്‍ കണ്ടെത്തി. യുനസ്കോയുടെ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലുള്ള പ്രദേശമാണീ പീഠഭൂമി.
മമ്മിയാക്കി സൂക്ഷിച്ച ശവശരീരങ്ങള്‍ ശവപ്പെട്ടിക്കുള്ളില്‍ തുണികൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു. ഈ തുണികളില്‍ കടുത്ത നിറത്തില്‍ ചില ലിഖിതങ്ങള്‍ കുറിച്ചിട്ടുമുണ്ട്. 4,700 വര്‍ഷം പഴക്കമുള്ള ജോസര്‍ പിരമിഡിന്റെ സമീപത്തു നിന്നാണ് ഇവ കണ്ടെത്തിയത്.
‘ഇവയില്‍ ഒരു ശവപ്പെട്ടി തുറക്കുന്നതിന് ഞാന്‍ സാക്ഷിയായിട്ടുണ്ട്. ഈ മമ്മി കണ്ടപ്പോള്‍ ഇന്നലെ അടക്കം ചെയ്തതു പോലെയാണ് തോന്നുന്നത്’- ഈജിപ്ത് ടൂറിസം, പുരാവസ്തു വകുപ്പ് മന്ത്രി ഖാലിദ് അല്‍ അനാനി പറഞ്ഞു. കണ്ടെത്തിയ ശവപ്പെട്ടികളില്‍ ഒന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചു.
കഴിഞ്ഞയാഴ്ച സമാനമായി 13 ശവപ്പെട്ടികള്‍ കണ്ടെത്തിയിരുന്നു. ഇനിയും ഇത്തരത്തില്‍ ഒരുപാട് ശവശരീരങ്ങള്‍ മമ്മിയാക്കി ഇവിടെ കുഴിച്ചിട്ടിട്ടുണ്ടാകുമെന്നാണ് മന്ത്രി അനാനി പറയുന്നത്. ഇപ്പോള്‍ കണ്ടെത്തിയ മമ്മികളെ ഗ്രാന്റ് ഈജിപ്ഷ്യന്‍ മ്യൂസിയത്തിലേക്ക് മാറ്റുമെന്ന് അദ്ദേഹം അറിയിച്ചു.
മൃതദേഹത്തെ മമ്മിയായി രൂപാന്തരപ്പെടുത്തുന്ന രീതി ലോകത്തിലെ എക്കാലത്തെയും അത്ഭുതകരമായ ശാസ്ത്രീയ വിദ്യയാണ്. ശവശരീരം അഴുകാതിരിക്കാന്‍ മൃതദേഹത്തിലെ ജലാംശം മുഴുവന്‍ പുറംതള്ളുന്നതാണ് ആദ്യ പടി. തുടര്‍ന്ന് അത്യപൂര്‍വമായ സുഗന്ധ തൈലങ്ങളും മറ്റും ഉപയോഗിച്ച് മൃതദേഹത്തെ കുളിപ്പിക്കുന്നു. സുഗന്ധദ്രവ്യങ്ങള്‍ പൂശിയ തുണിയില്‍ പൊതിയുന്ന മൃതദേഹങ്ങള്‍ 1000 കൊല്ലം കഴിഞ്ഞാലും കേടുകൂടാതെ കിടക്കും.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.