പ്രത്യേക ലേഖകൻ
തിരുവനന്തപുരം • വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ തള്ളിയിട്ട എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരേ കേസെടുത്തു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിൻ്റെ ഉത്തരവനുസരിച്ച് തിരുവനന്തപുരം വലിയതുറ പൊലിസാണ് മനഃപൂർവമല്ലാത്ത നരഹത്യ, വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പഴ്‌സനൽ അസിസ്റ്റന്റ് സുനീഷ് വി.എം എന്നിവർക്കെതിരേയും കേസെടുത്തു.
വിമാനത്തിൽ പ്രതിഷേധിച്ച കേസിൽ പ്രതികളായ ഫർസീൻ മജീദും ആർ.കെ നവീൻ കുമാറും നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. പ്രതിഷേധിച്ചവരെ ഇ.പി മർദിച്ചെന്നും പൊലിസിൽ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ഹരജിയിൽ പറഞ്ഞിരുന്നു. പ്രതിഷേധിച്ചവർക്ക് രണ്ടാഴ്ചയും ഇ.പി ക്ക് മൂന്നാഴ്ചയും വിമാന കമ്പനി യാത്ര വിലക്കിയിട്ടും പൊലിസ് കേസെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി വിമാനത്തിലെ ദൃശ്യങ്ങൾ അടക്കമാണ് ഹരജി നൽകിയത്.
ജാമ്യവ്യവസ്ഥ പ്രകാരം ഇന്നലെ ശബരീനാഥൻ ഹാജരായി. ചാണ്ടി ഉമ്മനടക്കം യൂത്ത് കോൺഗ്രസ് നേതാക്കൾക്കൊപ്പമാണ് വലിയതുറ അസിസ്റ്റന്റ് കമ്മിഷണർ ഓഫീസിൽ ഹാജരായത്.
വാട്‌സ്ആപ്പ് ചാറ്റിൽ വധശ്രമത്തിന് തെളിവില്ലെന്ന് കോടതി ശബരീനാഥൻ്റെ ജാമ്യഉത്തരവിൽ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധമായി മാത്രമേ ഇത് കാണാൻ സാധിക്കൂവെന്നും സെഷൻസ് കോടതി പറഞ്ഞു.
Comments are closed for this post.