2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘ഇ-ടോയ്‌ലെറ്റ്’ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി നടപ്പാക്കിയ പദ്ധതി: ഡോ. സിദ്ദീഖ് അഹമ്മദ്

അക്ബർ വേങ്ങാട്ട്

റിയാദ്: സാമൂഹിക പ്രതിബദ്ധതയിലൂന്നി നടപ്പാക്കിയ അതിനൂതന പദ്ധതിയാണ്‌ ‘ഇ-ടോയ്‌ലറ്റെ’ന്നും ശുചിത്വവും ജലോപയോഗത്തിന്റെ കുറവുമാണ്‌ ഈ പദ്ധതിയെ വേറിട്ടതാക്കുന്നതെന്നും പ്രമുഖ പ്രവാസി വ്യവസായിയും ഈ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ ഡോ.സിദ്ദീഖ് അഹമ്മദ് പറഞ്ഞു. റിയാദ് ഇന്ത്യൻ മീഡിയാ ഫോറം ഹയാത്ത് റീജൻസി ഹോട്ടലിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിനൊന്ന് വർഷം മുമ്പ് ‘ഇലക്ട്രോണിക് ടോയ്‌ലറ്റ്’ എന്ന ആശയവുമായി മുന്നോട്ട് വന്നപ്പോൾ പലരും കളിയാക്കിയിരുന്നു. ടോയ്‌ലെറ്റിനെ കുറിച്ച് പറയുന്നത് മോശമാണെന്ന കാഴ്ചപ്പാട് വെച്ച് പുലർത്തുന്ന ഒരു സമൂഹത്തിനിടയിലേക്ക് പദ്ധതിയുമായി കടന്ന് വരുമ്പോൾ ഇത് പ്രതീക്ഷിച്ചിരുന്നതുമാണ്‌. എന്നാൽ അതിനെയെല്ലാം അവഗണിച്ച് ശുഭാപ്തി വിശ്വാസത്തോടെയാണ്‌ പദ്ധതിയിൽ മുതലിറക്കാൻ തീരുമാനിച്ചത്. പൊതുവെ ശുചിത്വത്തിന്റെ കാര്യത്തിൽ നാം അവഗണിക്കുന്ന രണ്ടിടങ്ങളാണ്‌ ടോയ്‌ലെറ്റും അടുക്കളയും. ഇരു ഇടങ്ങളിലും നമ്മുടെ ശ്രദ്ദയും പരിചരണമുണ്ടെങ്കിൽ മാത്രമെ ആരോഗ്യ പരിരക്ഷ സാധ്യമാവൂ. ഇ-ടോയ്‌ലറ്റിന്റെ ഘടനയും ഉപയോഗവും ശുചിത്വ പരിപാലനത്തിന്‌ ഏറ്റവും അനുയോജ്യമാണെന്നും ഈയൊരു സാങ്കേതിക വിദ്യ ഫലപ്രദമാക്കി നടപ്പിലാക്കാനായത് മൂലമാണ്‌ തന്നെ അവാർഡിനായി കേന്ദ്ര സർക്കാർ പരിഗണിച്ചതെന്ന് അറിയുന്നതിൽ അഭിമാനമുണ്ടെന്നും സിദ്ദീഖ് അഹമ്മദ് പറഞ്ഞു.

കച്ചവട താല്പര്യത്തോടെയല്ല, സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായിട്ടാണ്‌ ഇറാം ഗ്രൂപ്പ് സാനിറ്റേഷൻ രംഗത്തെ ഈ നൂതന സാങ്കേതിക വിദ്യയുമായി രംഗത്തെത്തിയത്. പൊതു ശൗചാലയങ്ങളുടെ വൃത്തിഹീനമായ ചുറ്റുപാട് സമൂഹത്തിലുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ വളരെ വലുതാണ്‌. അതോടൊപ്പം അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന വീടുകളോടനുബന്ധിച്ച് ഉണ്ടാക്കുന്ന ശൗചാലയങ്ങൾ കുടിവെള്ള സ്ത്രോതസ്സുകളെ മലിനമാക്കുന്ന സാഹചര്യവും നമ്മുടെ നാട്ടിലുണ്ട്. വിഷയത്തിൽ പ്രായോഗികമായ പരിഹാരം തേടിയപ്പോൾ സുഹൃത്തുക്കളും നാട്ടുകാരുമായ രണ്ട് നിലമ്പൂർ സ്വദേശികളാണ്‌ ഇ-ടോയ്‌ലെറ്റ് എന്ന ആശയം ആദ്യമായി മുന്നൊട്ട് വെച്ചത്. പിന്നീട് അതിന്റെ സാധ്യതയെയും അതിന്‌ വേണ്ട സാങ്കേതിക വിദ്യയെയും കുറിച്ചും പഠിച്ചു. ഏറ്റവും കുറഞ്ഞ ജലോപയോഗമാണ്‌ ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത. ഇത് വഴി ജലോപയോഗം ഏഴിലൊന്നായി കുറയ്ക്കാമെന്നത് പൊതുവെ ജല ദൗലഭ്യത രൂക്ഷമാകുന്ന ഇക്കാലഘട്ടത്തിൽ ചെറിയ കാര്യമല്ല. മാത്രവുമല്ല, ഉപയോഗിക്കപ്പെട്ട വെള്ളം ശുദ്ദീകരിച്ച് വീണ്ടും ഉപയോഗിക്കാനാവുമെന്നത് ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകതയാണ്‌.

   

ഇ-ടോയ്‌ലെറ്റ് എന്നത് ഇലക്ട്രോണിക് ടോയ്‌ലെറ്റ് എന്നതിനോടൊപ്പം ഇറാം ഗ്രൂപ്പിന്റെ ബ്രാന്റിനെയും പ്രതിനിധാനം ചെയ്യുന്നുണ്ട്. ആഗോള തലത്തിൽ ഇതിന്റെ പേറ്റെന്റ് ഇറാം ഗ്രൂപ്പിനാണ്‌. ചിലയിടങ്ങളിൽ ഇതേ പേരിൽ മറ്റു ചിലർ പദ്ധതി നടപ്പിലാക്കുന്നത് അറിയാമെങ്കിലും സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി അവർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.  കേന്ദ്ര സർക്കാർ ശൗചാലയം പ്രധാന വിഷയമാക്കി മാറ്റിയത് അതിന്റെ സാമൂഹിക പ്രാധാന്യം കണക്കിലെടുത്താണ്‌. ചൈനയും അമേരിക്കയുമെല്ലാം ഇ-ടോയ്‌ലെറ്റ് പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുന്നുണ്ട്.   ഇത് വരെ പൊതു ശൗചാലയങ്ങൾ എന്ന നിലയിലായിരുന്നു ഇ-ടോയ്‌ലെറ്റ് സംവിധാനം നടപ്പാക്കിയിരുന്നതെങ്കിൽ ഈ വർഷം മുതൽ വീടുകളിലും ഉപയോഗിക്കാവുന്ന ഇ-ടോയ്‌ലെറ്റുകൾ വിപണിയിലെത്തിക്കും.

വിവിധ രാജ്യങ്ങളിലായി ബിസിനസ് ശൃംഖലയുള്ള ഗ്രൂപ്പിന്‌ കീഴിൽ ഒട്ടേറെ പദ്ധതികൾ നടന്നു വരുന്നുണ്ടെങ്കിലും ഇ-ടോയ്‌ലെറ്റ് എന്ന മഹത്തായ പദ്ധതിയെ ഗ്രൂപ്പിന്റെ കഴിവനുസരിച്ച് കൂടുതൽ വിപുലപ്പെടുത്തും.  നവീകരണത്തിന്റെ ഭാഗമായി കാലിഫോർണിയ യൂണിവേർസിറ്റിയും ബിൽ ഗേറ്റ്സും ഇറാം സയന്റിഫിക്കും ചേർന്ന് കോയമ്പത്തൂർ ആയുർവേദ യൂണിവേർസിറ്റിയിൽ ഒരു റിയാക്ടർ സ്ഥാപിച്ചിട്ടുണ്ട്. രണ്ട് വർഷമായി അതിന്റെ ടെസ്റ്റ് നടന്നു വരികയാണ്‌. ഇത് വഴി സീറോ വേസ്റ്റ് എന്ന നിലയിൽ വെള്ളം പുനരുപയോഗത്തിന്‌ സാധ്യമാണെന്ന് മാത്രമല്ല അത് കുടിക്കാവുന്നരൂപത്തിൽ ശുദ്ദീകരിക്കാനുമാവും. വെള്ളത്തിന്റെ സുലഭമായ ലഭ്യതയുള്ള അവസരത്തിൽ ഇതിന്റെ സാധ്യതകൾ നാം തള്ളിക്കളയുമെങ്കിലും ആഫ്രിക്കൻ രാജ്യങ്ങളടക്കം വെള്ളത്തിന്റെ ദൗർലഭ്യം രൂക്ഷമായ ഇടങ്ങളിൽ ഇതിന്‌ വ്യക്തമായ സ്വീകാര്യത ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാതാപിതാക്കളിൽ നിന്നു ലഭിച്ച അനുഭവങ്ങളും അറിവുകളുമാണ്‌ തനെ മൂലധനം. തന്റെ കുടുംബത്തോടൊപ്പം ജീവനക്കാരും സഹകാരികളുമാണ്‌ എന്നെ വളർച്ചയുടെ പിറകിൽ. ലക്ഷക്കണക്കിന്‌ പ്രവാസികൾക്ക് ആശ്രയമായി മാറിയ സഊദി അറേബ്യയിൽ നിന്നും വളർന്ന് വന്ന വ്യക്തിയെന്ന നിലയിൽ ഈ അവാർഡ് അവർക്കായി സമർപ്പിക്കുന്നുവെന്നും ഡോ.സിദ്ദീഖ അഹമ്മദ് പറഞ്ഞു. റിയാദ് ഇന്ത്യൻ മീഡിയാ ഫോറം പ്രസിഡണ്ട് സുലൈമാൻ ഊരകം അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി ഉബൈദ് എടവണ്ണ അദ്ദേഹത്തെ ബൊക്കെ നൽ കി സ്വീകരിച്ചു. സെക്രട്ടറി ഹാരിസ് ചോല നന്ദി പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.