മുന്‍കേന്ദ്രമന്ത്രിയും തലമുതിര്‍ന്ന പാര്‍ലമെന്റേറിയനുമായ ഇ.അഹമ്മദിന്റെ മരണത്തിലെ ദുരൂഹത പാര്‍ലമെന്റ് സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ പ്രതിപക്ഷം പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധ ധര്‍ണ നടത്തിയിരിക്കുകയാണ്. വിഷയത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതില്‍ അനുമതി നിഷേധിക്കുകയും ശൂന്യവേളയില്‍ സ്പീക്കര്‍ സുമിത്ര മഹാജന് ചോദ്യം അനുവദിക്കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കേരള എം.പിമാരുടെ നേതൃത്വത്തില്‍ പ്രതിപക്ഷം ഒന്നടങ്കം സഭ ബഹിഷ്കരിച്ചത്. പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് ഗാന്ധി പ്രതിമയ്ക്ക് മുന്പില് കേരള എം.പിമാര്‍ ഒറ്റക്കെട്ടായി പ്രതിഷേധ ധര്‍ണ നടത്തുകയുണ്ടായി.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതിപക്ഷ പ്രതിഷേധ സമരത്തിനൊപ്പം ചേര്‍ന്നതിലൂടെ വിഷയത്തിന് ദേശീയ ശ്രദ്ധയും ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച സഭ ആരംഭിച്ചപ്പോള്‍ തന്നെ വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ നിരാകരിക്കുകയായിരുന്നു. ശൂന്യവേളയില്‍ ചോദ്യം ഉന്നയിക്കാനുള്ള അവസരം കോണ്‍ഗ്രസ് എം.പി കെ.സി വേണുഗോപാലിനു ഉണ്ടായിരുന്നതും സ്പീക്കര്‍ തടഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സഭ ചേരുമ്പോഴും പ്രശ്നം ഉന്നയിക്കുമെന്ന് കേരള എം.പിമാര്‍ ഒന്നടങ്കം പ്രഖ്യാപിച്ചിരുന്നതുമാണ്. അന്വേഷണത്തിന് സര്‍ക്കാര്‍ വിമുഖത കാട്ടുന്നതില്‍ നിന്ന് തന്നെ സര്‍ക്കാരിന്റെ അറിവോടെയാണ് രാം മനോഹര്‍ ലോഹ്യ ആശുപത്രി അധികൃതര്‍ ഇ.അഹമ്മദിന്റെ മരണം മറച്ചുവച്ചു മക്കളെപോലും കാണാന്‍ അനുവദിക്കാതിരുന്നതെന്ന് വ്യക്തമാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇ.അഹമ്മദിന്റെ ഭൗതികശരീരം സന്ദര്‍ശിച്ച വേളയില്‍ അന്വേഷണം നടത്തുമെന്ന് മക്കള്‍ക്ക് ഉറപ്പ് നല്കിയതായിരുന്നു. അതും ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഇനി പ്രധാനമന്ത്രി സഭയില്‍ പ്രസ്താവന നടത്തിയാലും നീതിയുക്തവും സത്യസന്ധവുമായ അന്വേഷണം നടന്നുകൊള്ളണമെന്നില്ല. പ്രധാനമന്ത്രി സഭയില്‍ നല്കിയ പല ഉറപ്പുകളും പാലിക്കപ്പെട്ടിട്ടില്ല എന്ന മുന്‍ അനുഭവം ഉണ്ട്. അതിനാല്‍ പ്രതിപക്ഷം ആവശ്യപ്പെടുന്ന പാര്‍ലമെന്റ് സമിതിയുടെ അന്വേഷണം തന്നെ നടക്കണം.
രണ്ട് കാര്യങ്ങളിലാണ് പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെടുന്നത്. ഒന്ന് മരണത്തിലെ ദുരൂഹത ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സ്പീക്കര്‍ അവസരം നല്‍കണം. രണ്ട് രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്ക്കുള്ള ദുരൂഹതകള്‍ അന്വേഷിക്കുവാന്‍ പാര്‍ലമെന്റ് സമിതിയെ നിയോഗിക്കണം. ഈ രണ്ട് ആവശ്യങ്ങള്‍ക്കു നേരെയും സര്‍ക്കാര്‍ മുഖം തിരിഞ്ഞു നില്ക്കുന്നതില് നിന്ന് തന്നെ വ്യക്തമാണ് ബജറ്റ് അവതരിപ്പിക്കാനായി ലോകം അറിയപ്പെടുന്ന ഒരു നേതാവിന്റെ മരണം പൊതു സമൂഹത്തില്‍ നിന്നും സര്‍ക്കാര്‍ മറച്ചുവയ്ക്കുകയായിരുന്നുവെന്ന്. അക്ഷന്തവ്യമായ ഈ അപരാധം സര്‍ക്കാര്‍ എത്ര മൂടി വച്ചാലും പുറത്തു വരും.
മരണദിവസം തന്നെ ബജറ്റ് അവതരിപ്പിക്കണമെന്നുണ്ടായിരുന്നുവെങ്കില് പ്രതിപക്ഷത്തെ കക്ഷി നേതാക്കളുമായി ചര്‍ച്ച ചെയ്ത് സമന്വയത്തിന്റെ വഴി തേടുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. അതുണ്ടായില്ല. ധാര്‍ഷ്ട്യം ഫാസിസത്തിന്റെ മുഖമുദ്രയാണ്. അതാണ് അഹമ്മിന്റെ മരണത്തെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരില്‍ ദൃശ്യമായത്. അദ്ദേഹത്തിന്റെ പേര് എടപ്പകത്ത് അഹമ്മദ് എന്നതായിപ്പോയി എന്നത് മാത്രമാണ് സര്‍ക്കാരിന്റെ ക്രൂരതയ്ക്ക് നിദാനം.
കേരള എം.പിമാര്‍ക്ക് പുറമെ മുഴുവന്‍ പ്രതിപക്ഷ അംഗങ്ങളും പാര്‍ലമെന്റ് സമിതി അന്വേഷിക്കണമെന്നാവശ്യപ്പെടുന്നത് സര്‍ക്കാര്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാന്‍ കൂടിയാണ്. അതാണ് ഈ സമരത്തിന്റെ സവിശേഷതയും. കേരള എം.പിമാര്‍ വായ മൂടിക്കെട്ടി മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് മുന്പില് പ്രതിഷേധ ധര്‍ണ നടത്തുന്നത് നീതിക്കു വേണ്ടിയാണ്. രാജ്യം അഭിമാനത്തോടെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച ഒരു മഹദ് വ്യക്തിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാനാണ്.
ഈ സമരത്തില്‍ നിന്നും പ്രതിപക്ഷം പുറകോട്ടു പോയാല്‍ നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളെല്ലാം പരാജയപ്പെടുകയേയുള്ളൂ. ഇ. അഹമ്മദിന്റെ മരണത്തോടെ രാജ്യത്തെ മതേതരത്വവും മരണപ്പെട്ടുവെന്ന് ചരിത്രം രേഖപ്പെടുത്തും. അതിനാല്‍ തന്നെ പാര്‍ലമെന്റ് സമിതി അന്വേഷിക്കണമെന്ന ആവശ്യത്തില്‍ നിന്നും പ്രതിപക്ഷം പുറകോട്ടു പോകരുത്. അത് കഴിഞ്ഞു മതി ബജറ്റ് ചര്‍ച്ചയിലെ പങ്കാളിത്തം. രാജ്യത്തിന്റെ മതേതരത്വം നഷ്ടപ്പെടുത്തിയിട്ട് എന്തിനൊരു ബജറ്റ് ചര്‍ച്ച.