ന്യൂയോര്‍ക്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെയും ഗസ്സ മുനമ്പിലെയും ഫലസ്തീനികളുടെ ഉടമസ്ഥതയിലുള്ള 500ലധികം കെട്ടിടങ്ങള്‍ ഈ വര്‍ഷം മാത്രം ഇസ്‌റാഈല്‍ അധികൃതര്‍ പൊളിച്ചുനീക്കിയതായി യു.എന്‍ ഓഫിസ് ഫോര്‍ കോഓര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് (യു.എന്‍.ഒ.സി.എച്ച്.എ) വെളിപ്പെടുത്തി. കെട്ടിടാനുമതിയില്ലെന്ന് ആരോപിച്ച് വെസ്റ്റ് ബാങ്കില്‍ മാത്രം 506 കെട്ടിടങ്ങള്‍ അധിനിവേശ സേന ഇക്കാലയളവില്‍ തകര്‍ത്തതായി യു.എന്‍ ഏജന്‍സി അറിയിച്ചു.
അതേസമയം, ഫലസ്തീനികള്‍ക്ക് വീട് വയ്ക്കാന്‍ അപൂര്‍വമായി മാത്രമാണ് ഇസ്‌റാഈല്‍ അധികൃതര്‍ അനുമതി നല്‍കാറുള്ളത്. എന്നാല്‍ ജൂതകുടിയേറ്റക്കാര്‍ക്ക് വന്‍തോതില്‍ താമസാനുമതി നല്‍കുകയും ചെയ്യുന്നു.
അധിനിവിഷ്ട കിഴക്കന്‍ ജറൂസലമില്‍ മാത്രം 2020ല്‍ 134 കെട്ടിടങ്ങളാണ് ഇസ്‌റാഈല്‍ തകര്‍ത്തുകളഞ്ഞത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 22 കെട്ടിടങ്ങള്‍ ഇസ്‌റാഈലികള്‍ പൊളിച്ചുനീക്കിയതായും 50 ഫലസ്തീനികള്‍ വഴിയാധാരമാക്കപ്പെട്ടതായും യു.എന്‍.ഒ.സി.എച്ച്.എ വ്യക്തമാക്കി.
ഇസ്‌റാഈല്‍ അധികൃതരുടെ കനത്ത പിഴയില്‍നിന്നും രക്ഷപ്പെടുന്നതിനായി കിഴക്കന്‍ ജറൂസലമിലെ 12 കെട്ടിടങ്ങളില്‍ എട്ടെണ്ണവും അതിന്റെ ഉടമകള്‍ തന്നെയാണ് പൊളിച്ചുനീക്കിയത്.
വെസ്റ്റ് ബാങ്കിന്റെ 61 ശതമാനത്തോളം വരുന്ന ഏരിയ സിയിലാണ് തകര്‍ക്കപ്പെട്ട മറ്റു 10 കെട്ടിടങ്ങള്‍ സ്ഥിതിചെയ്യുന്നത്. 1967ലെ യുദ്ധത്തിലാണ് കിഴക്കന്‍ ജറൂസലം ഉള്‍പ്പെടെയുള്ള വെസ്റ്റ് ബാങ്ക് പ്രദേശങ്ങള്‍ ഇസ്‌റാഈല്‍ കൈവശപ്പെടുത്തിയത്.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.