
റിയാദ്: യു.എ.ഇയെ പിന്തുടര്ന്ന് ഇസ്റാഈലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതില്‍ സഊദി രാജാവും കിരീടാവകാശിയും തമ്മില്‍ കടുത്ത ഭിന്നതയെന്ന് റിപ്പോര്‍ട്ട്. മുഹമ്മദ് ബിന്‍ സല്മാന് കരാറിനെ അനുകൂലിക്കുമ്പോള്‍ സല്മാന് രാജാവ് സ്വതന്ത്രരാജ്യം വേണമെന്ന ഫലസ്തീനികളുടെ ആവശ്യത്തിനൊപ്പം നില്‍ക്കണമെന്ന നിലപാടിലാണെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. രാജാവ് ഇസ്റാഈലിനോട് ബഹഷ്കരണനയം തുടരണമെന്ന അഭിപ്രായക്കാരനാണ്. എന്നാല്‍ മകന് ജൂതന്മാരുമായി കരാറുണ്ടാക്കുക വഴി രാജ്യത്തിന് സാമ്പത്തിക പുരോഗതിയുണ്ടാകുമെന്നും പൊതു ശത്രുവായ ഇറാനെതിരേ സഖ്യമുണ്ടാക്കാനാവുമെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. ഇസ്റാഈലിന് സഊദി വ്യോമപാത തുറന്നുനല്‍കിയത് മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇടപെടല്‍ മൂലമാണെന്നാണ് റിപ്പോര്‍ട്ട്. യു.എ.ഇ-ഇസ്റാഈല്‍ കരാറിനെക്കുറിച്ച് ബിന്‍ സല്മാന് നേരത്തേ അറിയുമായിരുന്നെങ്കിലും എതിര്‍പ്പ് ഭയന്ന് സല്മാന് രാജാവിനോട് ഇതേക്കുറിച്ച് പറഞ്ഞിരുന്നില്ല. ഫലസ്തീന് രാജ്യമുണ്ടാക്കണമെന്ന സഊദിയുടെ നിലപാട് പ്രഖ്യാപിക്കാന്‍ രാജാവ് വിദേശകാര്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഫലസ്തീനോടുള്ള സഊദിയുടെ പ്രതിബദ്ധത വ്യക്തമാക്കുന്ന ലേഖനം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പത്രത്തില്‍ വന്നതും രാജാവിന്റെ നിര്‍ബന്ധം കൊണ്ടായിരുന്നു- വാള്‍സ്ട്രീറ്റ് ജേണല്‍ വ്യക്തമാക്കുന്നു.