2021 January 23 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇശലുകള്‍ കൂടുതല്‍ ഔന്നത്യത്തിലെത്തട്ടെ

എന്‍ കെ മൊയ്തീന്‍. ചേറൂര്‍ ,ജിദ്ദ

‘മാണിക്യമലരായ പൂവി ‘എന്നു തുടങ്ങുന്ന പഴയ മാപ്പിളപ്പാട്ട് ‘ഒരു അഡാര്‍ ലവ് ‘എന്ന സിനിമയില്‍ ചേര്‍ത്ത സംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണല്ലോ. അതിലെ തെറ്റും ശരിയും അവിടെ നില്‍ക്കട്ടെ. ഈ വിവാദം ഉടലെടുത്തതോടെ ഈ ഗാനം മാത്രമല്ല, മാപ്പിളപ്പാട്ടുകള്‍ തന്നെ കൂടുതല്‍ ജനശ്രദ്ധ പിടിച്ചുപറ്റാനും നിരൂപണവിധേയമാകാനും തുടങ്ങിയെന്നത് ആഹ്ലാദകരമാണ്.
ഭൂമിമലയാളത്തില്‍ മാത്രമല്ല ലോകരാജ്യങ്ങളില്‍വരെ മാപ്പിളപ്പാട്ട് ചര്‍ച്ചയായി. പാകിസ്താനിലും ബംഗ്ലാദേശിലുമൊക്കെ ചര്‍ച്ച നടക്കുന്നു. ഇക്കഴിഞ്ഞ ദിവസം ഒരു അറബി പൗരന്‍ ഗള്‍ഫിലെ വേദിയില്‍ തെറ്റുകൂടാതെ വരികള്‍ ആലപിക്കുന്നതു സാമൂഹ്യമാധ്യമങ്ങളില്‍ കണ്ടു.
ഇതൊക്കെയാണെങ്കിലും ആ വരികള്‍ക്കൊപ്പിച്ച് അവതരിപ്പിച്ച രംഗപശ്ചാത്തലം ഉചിതമായില്ലെന്നാണ് അഭിപ്രായം. ഈണത്തിനൊത്തു കൊടുത്ത സഭ്യതയ്ക്കു നിരക്കാത്ത അംഗവിക്ഷേപം ഒഴിവാക്കാമായിരുന്നു. വിശ്വാസത്തെ വ്രണപ്പെടുത്തുന്ന തരത്തിലാവരുത് കലയും ആവിഷ്‌കാരവും.
ഏതായാലും കുട്ടിക്കാലം മുതല്‍ ആസ്വാദിച്ച മാപ്പിളപ്പാട്ടുകള്‍ കൂടുതല്‍ മേഖലയിലേക്കു വ്യാപിക്കന്നതു കാണുമ്പോള്‍ എന്നിലെ മാപ്പിളപ്പാട്ടു പ്രേമി സന്തോഷവാനാണ്. പ്രവാചകന്‍(സ)യുടെയും മഹതി ഖദീജാബീവി (റ)യുടെയും അപദാനങ്ങള്‍ വാഴ്ത്തുന്ന ഈ ഇശല്‍ ലോകം മുഴുവന്‍ കേള്‍ക്കട്ടെ.
നിരവധി സവിശേഷത നിറഞ്ഞ ദാമ്പത്യജീവിതമായിരുന്നു അവരുടേത്. പ്രവാചകനു നേരിടേണ്ടി വന്ന പല പ്രയാസഘട്ടങ്ങളിലും താങ്ങും തണലുമായി നിന്നു ആ മഹതി.
ഇതുപോലുള്ള ഇസ്‌ലാമിക ചരിത്രസംഭവങ്ങളെ ഇതിവൃത്തമാക്കിയുള്ളതാണു പഴയ മാപ്പിളപ്പാട്ടുകളൊക്കെയും. അവ നല്‍കുന്ന സന്ദേശങ്ങള്‍ നമ്മുടെ ഓര്‍മയില്‍ എന്നെന്നും നിലനില്‍ക്കും. മാപ്പിളപ്പാട്ടിന് ഇങ്ങനെയൊക്കെയുള്ള മഹത്തായ പാരമ്പര്യമാണുള്ളത്.തനിമയുള്ള ഇശലുകളാണു മാപ്പിളപ്പാട്ടുകള്‍.
അതിന് അതിന്റേതായ പ്രാസവും താളവും വൃത്തവും അര്‍ഥവുമൊക്കെയുണ്ട്. ഇന്നും ഭക്ത്യാദരപൂര്‍വം കേട്ടിരിക്കുന്ന എത്രയോ പഴയ മാപ്പിളപ്പാട്ടുകളുണ്ട്.
ഇസ്‌ലാമികചരിത്രം പഠിച്ചിരുന്നത് ഓത്തുപള്ളിയില്‍ നിന്നു മാത്രമായിരുന്നില്ല. അനുവാചകരില്‍ ആത്മീയജ്ഞാനം നല്‍കുന്ന ഇശലുകളില്‍ നിന്നു കൂടിയായിരുന്നു. ഇശലുകള്‍ ഇനിയും കൂടുതല്‍ കൂടുതല്‍ ഔന്നത്യത്തിലെത്തട്ടെ .

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.