2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഇഴച്ചുനീക്കി, ഒടുവില്‍ ഇല്ലാതാക്കി

 

ന്യൂഡല്‍ഹി: 28 വര്‍ഷം പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ത്ത കേസ് ലഖ്‌നോയിലെ അതിവേഗ കോടതിയില്‍ ഇല്ലാതായത് അതിന്റെ ഇഴഞ്ഞുനീങ്ങല്‍ മൂലം. സാക്ഷികളില്‍ പലരും മരിച്ചുപോയതും ജീവിച്ചിരിക്കുന്നവരുടെ പ്രായാധിക്യവും കാരണം കേസ് ദുര്‍ബലമായ അവസ്ഥയിലായിരുന്നു. കേസ് വേഗത്തിലാക്കാന്‍ സി.ബി.ഐ താല്‍പര്യമെടുത്തില്ല. വിചാരണ നടക്കവെ 1,026 പ്രോസിക്യൂഷന്‍ സാക്ഷികളില്‍ 134 പേര്‍ മരിച്ചതായി സ്ഥിരീകരിക്കുകയും മരണസര്‍ട്ടിഫിക്കറ്റ് കോടതിയില്‍ സി.ബി.ഐ ഹാജരാക്കുകയും ചെയ്തു. 200 സാക്ഷികള്‍ മാത്രമാണ് ആകെ മൊഴി നല്‍കിയത്. ബാക്കി സാക്ഷികളില്‍ പലരും എവിടെയാണെന്നു പോലും സി.ബി.ഐക്ക് അറിയില്ലായിരുന്നു. പലരുടെയും വീട്ടുവിലാസം മാറി. 40 സാക്ഷികള്‍ പ്രായാധിക്യം കാരണം കോടതിയില്‍ ഹാജരാകാന്‍ പോലും കഴിയാത്തവരായിരുന്നു. നോട്ടിസയച്ചിട്ടും ഹാജരാകാത്ത സാക്ഷികള്‍ക്കെതിരേ വാറന്റ് പുറപ്പെടുവിക്കേണ്ടതുണ്ടായിട്ടും സി.ബി.ഐ ഇതുവരെ അതിനായി അപേക്ഷ നല്‍കിയില്ല.
സാക്ഷികള്‍ സ്വാധീനിക്കപ്പെടുന്നതു തടയാനോ അവരെ ബ്രീഫ് ചെയ്യാനോ സി.ബി.ഐ ഒന്നും ചെയ്തില്ല. ഒരു സാധാരണ കേസില്‍ പോലും അന്വേഷണ ഏജന്‍സികള്‍ ഇതെല്ലാം ചെയ്യുന്നതാണ്. സാക്ഷികളില്‍ ചിലര്‍ അന്നു സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരാണ്. കേന്ദ്രത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ബി.ജെ.പി- ആര്‍.എസ്.എസ് നേതാക്കള്‍ക്കെതിരേ മൊഴി നല്‍കുന്നത് തൊഴിലിനെ ബാധിക്കുമെന്നതിനാല്‍ അവരില്‍ പലരും പിന്മാറി. സര്‍വിസില്‍ നിന്ന് വിരമിച്ച് മറ്റു പലയിടങ്ങളിലും വിശ്രമജീവിതം നയിക്കുന്ന ഉദ്യോഗസ്ഥരാണ് സാക്ഷികളില്‍ പലരും. ഹാജരാകാന്‍ അവര്‍ക്കു താല്‍പര്യമില്ലായിരുന്നു. മറ്റു പലര്‍ക്കും 28 കൊല്ലം മുമ്പ് നടന്ന കാര്യങ്ങള്‍ അതേപടി ഓര്‍ത്തെടുത്ത് പറയാന്‍ കഴിയില്ലായിരുന്നു. വിഡിയോ തെളിവുകളാണ് കേസില്‍ സി.ബി.ഐയുടെ കൈവശമുള്ള പ്രധാനപ്പെട്ട രേഖ. ഇതെല്ലാം മാധ്യമങ്ങളില്‍ നിന്ന് സമ്പാദിച്ചതായിരുന്നു.
എന്നാല്‍ ഒരു വീഡിയോ പോലും ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയില്ല. അതിനാല്‍ പ്രതിഭാഗം എതിര്‍പ്പുന്നയിച്ചതോടെ പലതും തെളിവായി സ്വീകരിച്ചില്ല. കോടതിയില്‍ ഹാജരാക്കിയ ആറു വിഡിയോ ടേപ്പുകള്‍ പഴക്കം മൂലം പ്രവര്‍ത്തിച്ചില്ല. പ്രവര്‍ത്തിച്ച ടേപ്പിലൊന്നില്‍ ആദ്യ സെക്കന്‍ഡില്‍ ബാബരി മസ്ജിദ് തകര്‍ക്കുന്ന ദൃശ്യമുണ്ടെങ്കിലും തൊട്ടുപിന്നാലെ വരുന്നത് മന്‍മോഹന്‍സിങ്ങുമായുള്ള അഭിമുഖമാണ്. മസ്ജിദ് തകര്‍ത്തതിലെ ഗൂഢാലോചന സംബന്ധിച്ച് 198ാം നമ്പറിലും തകര്‍ത്തതുമായി ബന്ധപ്പെട്ട് 197ാം നമ്പറിലുമായി രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒരേ കേസില്‍ രണ്ട് എഫ്.ഐ.ആര്‍ തന്നെ അസാധാരണമായിരുന്നു. രണ്ടു കേസുകളും ഒന്നാക്കാന്‍ 2017ലെ സുപ്രിംകോടതി വിധി വരെ കാത്തിരിക്കേണ്ടിവന്നു. അതിവേഗ കോടതിയാണ് കേസ് പരിഗണിച്ചതെങ്കിലും ഓരോ ഘട്ടത്തിലും കേസ് തീര്‍ക്കാനുള്ള കാലാവധി മേല്‍ക്കോടതി നീട്ടി നല്‍കി.
സാക്ഷികള്‍ ഹാജരാകുമ്പോള്‍ പ്രതിഭാഗം വക്കീല്‍ കോടതിയില്‍ ഹാജരാകാതെ നീട്ടിച്ചു. ക്രാലമേറെ കഴിഞ്ഞതിനാല്‍ കോടതിയില്‍ രേഖകള്‍ തിരിച്ചറിയാന്‍ സാക്ഷികള്‍ക്കു കഴിഞ്ഞില്ല. കൂടുതല്‍ സാക്ഷികളെ ഹാജരാക്കാന്‍ സി.ബി.ഐ താല്‍പര്യം കാട്ടിയതുമില്ല. കേസിലെ 10ലധികം സുപ്രധാന സാക്ഷികളെ സി.ബി.ഐ ഇത്തരത്തില്‍ ഒഴിവാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.