2021 January 17 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇറാന്‍ ആണവശാസ്ത്രജ്ഞന്റെ കൊലപാതകം ഉപയോഗിച്ചത് റിമോട്ട് കണ്‍ട്രോള്‍ മെഷിന്‍ ഗണ്‍

.

തെഹ്‌റാന്‍: ഉന്നത ഇറാന്‍ ആണവശാസ്ത്രജ്ഞന്‍ മുഹ്‌സിന്‍ ഫഖ്‌രിസാദെയെ കൊലപ്പെടുത്താന്‍ ഇസ്‌റാഈല്‍ ഉപയോഗിച്ചത് റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണമാണെന്ന് ഇറാന്‍ ദേശീയ സുരക്ഷാ സമിതി സെക്രട്ടറി അലി ഷംഖാനി. നേരത്തെ റോഡരികില്‍ നിന്നും വെടിയുതിര്‍ക്കുകയായിരുന്നുവെന്നും സ്‌ഫോടനം നടത്തിയെന്നുമാണ് ഇറാന്‍ പറഞ്ഞിരുന്നത്.
ശത്രു തീര്‍ത്തും നൂതനവും പ്രഫഷനലും പ്രത്യേകമായുണ്ടാക്കിയതുമായ സാങ്കേതികവിദ്യയും രീതിയുമാണ് ഉപയോഗിച്ചിരിക്കുന്നത്. വളരെ സങ്കീര്‍ണമായ ആക്രമണമാണ് നടന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളാണ് അതിനായി ഉപയോഗിച്ചത്. ആ സമയം സംഭവസ്ഥലത്ത് മറ്റാരും ഉണ്ടായിരുന്നുമില്ല- ഷംഖാനി വ്യക്തമാക്കി.
മറ്റൊരു കാറിലിരുന്നുകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന റിമോട്ട് കണ്‍ട്രോള്‍ ഉപകരണമാണ് കൊലയ്ക്ക് ഉപയോഗിച്ചതെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു. ബുള്ളറ്റ് പ്രൂഫ് കാറിലാണ് ഭാര്യക്കും മൂന്ന് അംഗരക്ഷകര്‍ക്കുമൊപ്പം ഫഖ്‌രിസാദെ യാത്രചെയ്തിരുന്നത്. പെട്ടെന്ന് കാറിനു നേരെ വെടിവയ്പ് നടക്കുന്ന ശബ്ദം കേട്ട് അദ്ദേഹം പുറത്തിറങ്ങി. അപ്പോള്‍ അദ്ദേഹത്തിന്റെ കാറില്‍ നിന്ന് 150 മീറ്റര്‍ അകലെയുണ്ടായിരുന്ന വാഹനത്തില്‍ നിന്ന് റിമോട്ട് കണ്‍ട്രോള്‍ മെഷീന്‍ ഗണ്‍ വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ആ വാഹനം സ്‌ഫോടനത്തില്‍ കത്തിയമര്‍ന്നു. എല്ലാം മൂന്ന് മിനുട്ടിനകം കഴിഞ്ഞു- ഫാര്‍സ് പറയുന്നു.
ഫഖ്‌രിസാദെയുടെ മൃതദേഹം തിങ്കളാഴ്ച 2010ല്‍ കൊല്ലപ്പെട്ട ആണവശാസ്ത്രജ്ഞന്‍ മാജിദ് ഷഹ്‌രിയാരിയുടെ ഖബറിടത്തിനടുത്ത് തെഹ്‌റാനില്‍ ഖബറടക്കി.

ഇസ്‌റാഈല്‍ നിര്‍മിത
ആയുധമെന്ന് ഇറാന്‍

തെഹ്‌റാന്‍: ഇറാന്‍ ആണവശാസ്ത്രജ്ഞന്‍ മുഹ്‌സിന്‍ ഫഖ്‌രിസാദെയെ വധിക്കാന്‍ ഉപയോഗപ്പെടുത്തിയ ആയുധം ഇസ്‌റാഈല്‍ നിര്‍മിതമെന്ന് ദേശീയ മാധ്യമമായ ഇറാന്‍ പ്രസ് ടി.വി. കൊല നടന്ന സ്ഥലത്തുനിന്ന് കണ്ടെടുത്ത ആയുധത്തില്‍ ഇസ്‌റാഈലി സൈന്യത്തിന്റെ ലോഗോയും അവരുടെ പ്രത്യേകതകളും കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ ഇറാന്‍ പ്രസ് ടി.വിയുടെ റിപ്പോര്‍ട്ടിനെ കുറിച്ച ചോദ്യത്തിന് ആരാണ് കൊലയ്ക്കു പിന്നിലെന്ന് തനിക്കറിയില്ലെന്നായിരുന്നു ഇസ്‌റാഈല്‍ ഇന്റലിജന്റ്‌സ് മന്ത്രി എലി കോഹന്റെ പ്രതികരണം.
അതേസമയം കൊലപാതകത്തിനു പിന്നില്‍ ഇസ്‌റാഈലാണെന്നും തിരിച്ചടി നല്‍കുമെന്നും ഇറാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ യു.എസില്‍ ജോ ബൈഡന്‍ പുതിയ പ്രസിഡന്റായി സ്ഥാനമേല്‍ക്കാനിരിക്കെ ഇസ്‌റാഈലിനു നേരെ ആക്രമണം നടത്തുന്നത് ആണവകരാറില്‍ യു.എസ് തിരിച്ചെത്തുന്നതിനും ഇറാനു മേലുള്ള ഉപരോധം പിന്‍വലിക്കുന്നതിനും തടസമാകുമെന്നാണ് വിലയിരുത്തല്‍.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.