2022 May 20 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇറാനെതിരായ യു.എന്‍ ഉപരോധം  പുനഃസ്ഥാപിച്ചെന്ന് യു.എസ്

 
 
ജനീവ: ഇറാനെതിരായ യു.എന്‍ ഉപരോധം പുനസ്ഥാപിച്ചതായി പ്രഖ്യാപിച്ച് യു.എസ്. അതേസമയം യു.എന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളാരും യു.എസിന്റെ നിലപാടിനൊപ്പം നിന്നില്ല. 
നിയമപരമായ അംഗീകാരമില്ലാത്തതിനാല്‍ ഇതിനെ പിന്തുണയ്ക്കാനാവില്ലെന്ന് സഖ്യരാജ്യങ്ങളായ ഫ്രാന്‍സും ബ്രിട്ടനും ഉള്‍പ്പെടെ അറിയിച്ചതോടെ യു.എസ് ഒറ്റപ്പെടുകയായിരുന്നു. യു.എന്‍ ഉപരോധം പുനസ്ഥാപിച്ചതായി പ്രഖ്യാപിക്കാന്‍ യു.എസിന് നിയമപരമായി അവകാശമില്ലെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി.  
ഇറാനെതിരേ വീണ്ടും യു.എന്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കാത്ത രാജ്യങ്ങള്‍ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുടെ ഭീഷണി ആരും വിലവച്ചില്ല. ഇക്കാര്യത്തില്‍ പോംപിയോ നല്‍കിയ അന്തിമ തീയതി ഇന്നലെ അവസാനിച്ചതോടെയാണ് ഉപരോധവുമായി യു.എസ് ഒറ്റയ്ക്ക് മുന്നോട്ടുപോകുമെന്ന് പോംപിയോ പ്രഖ്യാപിച്ചത്. 
2015ല്‍ ആറു ലോകശക്തികളും ഇറാനുമായുണ്ടാക്കിയ ആണവകരാറില്‍ നിന്ന് പിന്നീട് പിന്മാറിയ യു.എസ് ഇറാനെതിരേ ഉപരോധം പ്രഖ്യാപിക്കുകയായിരുന്നു. ഇറാനെതിരേ യു.എന്‍ ഏര്‍പ്പെടുത്തിയ ആയുധ ഉപരോധം അടുത്ത മാസത്തോടെ അവസാനിക്കും. എന്നാല്‍ അതും നീട്ടണമെന്നാണ് യു.എസിന്റെ നിലപാട്. ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം, ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം തുടങ്ങിയവ നടത്തുന്നത് തടയണമെന്നാണ് യു.എസിന്റെ ആവശ്യം. എന്നാല്‍ ചൈനയും റഷ്യയും ഇതിനോട് വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. 
ഇറാനെതിരായ യു.എന്‍ ഉപരോധങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ഒരുമാസം മുമ്പേ പോംപിയോ ആവശ്യപ്പെട്ടിരുന്നു. അതേസമയം 2015ലെ ആണവകരാറില്‍ നിന്ന് ഏകപക്ഷീയമായി പുറത്തുപോയ യു.എസിന് ഇതുമായി ബന്ധപ്പെട്ട് ഉപരോധമേര്‍പ്പെടുത്താന്‍ നിയമപരമായ അവകാശമില്ലെന്ന നിലപാടാണ് യു.എന്‍ രക്ഷാസമിതിയിലെ മറ്റു നാലു സ്ഥിരാംഗങ്ങളും സ്വീകരിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.