2023 March 26 Sunday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഇറാഖില്‍ ചാവേര്‍ സ്‌ഫോടനങ്ങളില്‍ 70 മരണം

ബഗ്ദാദ്: ഇറാഖ് തലസ്ഥാനത്തുണ്ടായ മൂന്ന് ചാവേര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ 70 പേര്‍ കൊല്ലപ്പെട്ടു. 100 ലേറെ പേര്‍ക്ക് പരുക്കേറ്റു. ശിഈ ഭൂരിപക്ഷ ജില്ലയായ വടക്കന്‍ ബഗ്്ദാദിലെ അല്‍ ശാബ് ജില്ലയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടു. 70 പേര്‍ക്ക് പരുക്കേറ്റു. സമീപ പ്രദേശമായ സദര്‍ സിറ്റിയിലുണ്ടായ മറ്റൊരു ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അല്‍ ശാബിലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. ഇറാഖിയായ അബൂ ഖതാബ് എന്ന യുവാവാണ് ആക്രമണം നടത്തിയതെന്ന് ഐ.എസ് പറയുന്നു.

ഗ്രനേഡുകള്‍ വലിച്ചെറിഞ്ഞ ശേഷം ദേഹത്ത്ഘടിപ്പിച്ച ബോംബ് പൊട്ടിച്ചാണ് ചാവേര്‍ സ്‌ഫോടനം നടത്തിയത്. എന്നാല്‍ ബഗ്്ദാദ് കമാന്റഡന്റ് ഓപറേഷന്‍ വക്താവിന്റെ പ്രസ്താവനയില്‍ ചാവേര്‍ സ്ത്രീയാണെന്ന് സംശയിക്കുന്നതായി പറയുന്നു. ശിഈ-സുന്നി പ്രദേശമായ തെക്കന്‍ ബഗ്്ദാദിലെ അല്‍ റഷീദിലാണ് മറ്റൊരു കാര്‍ബോംബ് സ്‌ഫോടനമുണ്ടായത്. ആറു പേര്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്ന് സൈനിക വക്താവ് പറഞ്ഞു. അല്‍ റഷീദ്, സദര്‍ സിറ്റി ആക്രമണങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
എന്നാല്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ നൂറിലേറെ പേരാണ് ഐ.എസ് നടത്തിയ ചാവേര്‍ ആക്രമണങ്ങളില്‍ ബഗ്ദാദില്‍ കൊല്ലപ്പെട്ടത്. ശിഈ മേഖലയിലാണ് കൂടുതല്‍ ആക്രമണങ്ങളും നടന്നത്. ബഗ്ദാദില്‍ ആക്രമണം രൂക്ഷമായതോടെ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പ്രതിസന്ധിയിലാണ്. ഇറാഖ് സേന ഐ.എസിനെതിരേ ആക്രമണം രൂക്ഷമാക്കിയ സാഹചര്യത്തിലാണ് ബഗ്ദാദില്‍ ആക്രമണം വര്‍ധിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.