കഴിഞ്ഞ ചൊവ്വാഴ്ച രാത്രി കേന്ദ്രസര്‍ക്കാര്‍ കള്ളപ്പണക്കാരെയും അഴിമതിക്കാരെയും ലക്ഷ്യംവച്ചു നടത്തിയ ഇരുട്ടടി കൊണ്ടത് അനേകലക്ഷം പാവങ്ങള്‍ക്കാണ്. അഴിമതി-കള്ളപ്പണ വിരുദ്ധ ചാട്ടവാര്‍ കേന്ദ്രസര്‍ക്കാര്‍ വീശിയപ്പോള്ത്തന്നെ വന്‍സ്രാവുകള്‍ ഒഴിഞ്ഞുമാറിയിട്ടുണ്ടാകാം. ആരോരുമില്ലാത്തവര്‍ക്ക് ‘മാരകമായി’ പരിക്കേല്‍ക്കുകയും ചെയ്തു.
ഒരുരാത്രി ഇരുട്ടിവെളുത്തപ്പോഴേയ്ക്കും കൂലിപ്പണിക്കാരുടെയും തൊഴിലാളികളുടെയും കൈയിലെ ആയിരവും അഞ്ഞൂറും കടലാസു കഷണങ്ങളായി. എഴുപതുകളിലും ഇതുപോലെ നോട്ടുകള്‍ മരവിപ്പിച്ചിരുന്നു. പക്ഷേ, അന്നത്തെ ഇരുപതു രൂപയുടെ മൂല്യം മാത്രമേ ഇന്നത്തെ അഞ്ഞൂറു രൂപയ്ക്കുള്ളൂ. ആരുടെ കൈയിലാണ് ഇന്ന് അഞ്ഞൂറും ആയിരവുമില്ലാത്തത്. കള്ളപ്പണക്കാരും ഉദ്യോഗസ്ഥരിലെ അഴിമതിക്കാരും ആയിരവും അഞ്ഞൂറും അട്ടിവച്ച് അതിന്മേല് കെട്ടിപ്പിടിച്ചിരിക്കുകയാണെന്നാണോ സര്‍ക്കാര്‍ മനസ്സിലാക്കിയിരിക്കുന്നത്.
അതെല്ലാം അപ്പപ്പോള്‍ വിദേശബാങ്കുകളിലും ഭൂമിയിലും സ്വര്‍ണത്തിലും നിക്ഷേപിക്കുന്നവരാണു കള്ളപ്പണക്കാരും അഴിമതിക്കാരും. ആധുനികകള്ളന്മാരായ അഴിമതിയുദ്യോഗസ്ഥര്ക്ക് കക്കാനറിയാവുന്നപോലെ പൂഴ്ത്താനുമറിയാം. കള്ളപ്പണക്കാര്ക്കുമതേ. വന്‍സ്രാവുകള്‍ കണക്കില്‍പ്പെടാത്ത പണം ഇങ്ങനെ സുരക്ഷിതമാക്കുമ്പോള്‍ ഒരുദിവസത്തെ കൂലിയായി കിട്ടുന്ന ആയിരവും അഞ്ഞൂറും കൈയില്‍വച്ചു ദരിദ്രര്‍ പരക്കം പായുകയാണ്. കുഞ്ഞുങ്ങളുടെ വിശപ്പുമാറ്റാനാവാതെ അവര്‍ നെടുവീര്‍പ്പിടുന്നു.
ഇന്ത്യന്‍ കറന്‍സി പാകിസ്താന് കണ്ടമാനം അച്ചടിച്ച് ഇവിടെ വിതരണംചെയ്ത് നമ്മുടെ സാമ്പത്തികനില അപകടപ്പെടുത്തിക്കൊണ്ടിരിക്കുന്നതും ഭീകരവാദികളും തീവ്രവാദികളും കള്ളപ്പണമുപയോഗിച്ച് ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നതും തീര്‍ച്ചയായും തടയപ്പെടേണ്ടതാണ്. രാജ്യസുരക്ഷയ്ക്ക് അത് അനിവാര്യവുമാണ്.
അതിനു സാധാരണക്കാരന്റെ കൊങ്ങയ്ക്കു പിടിക്കേണ്ടതുണ്ടോ. കിട്ടിയ കൂലിയുമായി കടകളില്ച്ചെന്നാല് അരിയും മുളകും കിട്ടുന്നില്ല. മെഡിക്കല്‍ഷോപ്പില്‍ ചെന്നാല്‍ മരുന്നു കിട്ടുന്നില്ല. ഹോട്ടലുകളില്‍ ഭക്ഷണം കിട്ടുന്നില്ല. ‘അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ എടുക്കുകയില്ലെ’ന്ന ബോര്‍ഡുകള്‍ എവിടെയും തൂക്കിയിട്ടിരിക്കുന്നു.
കാന്‍സര്‍രോഗികളും കരള്രോഗികളും കിഡ്നി രോഗികളും രാജ്യത്തു മുമ്പെങ്ങുമില്ലാത്തവിധം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. രോഗികളില്‍ ഏറിയപങ്കും നിര്ധനരാണു താനും. ഇവരുടെ ചികിത്സക്കാവശ്യമായ പണം സ്വരൂപിക്കുന്നത് അതതു നാടുകളിലെ സാമൂഹ്യ,സാംസ്കാരിക പ്രവര്‍ത്തകരാണ്. പത്രമാധ്യമങ്ങളില്‍ നിത്യേനയെന്നോണം ഇത്തരം സഹായാഭ്യര്ഥനകളുടെ പരസ്യങ്ങള്‍ വരാറുണ്ട്. പല ബസ്സുകളും ഒരു ദിവസത്തെ സര്‍വ്വീസ് നടത്തുന്നതും ഇത്തരം രോഗികള്‍ക്കു പണം സ്വരൂപിക്കാനാണ്.
ഓട്ടോറിക്ഷക്കാരും കൂലിത്തൊഴിലാളികളും നല്കുന്ന സംഭാവനകളാണ് അശരണരായ രോഗികള്‍ക്കു ചികിത്സക്കാവശ്യമായ മുപ്പതും അമ്പതും ലക്ഷം ഒരുക്കൂട്ടുന്നത്. ഈ തുക ലഭിക്കുന്ന രോഗികളെങ്ങനെയാണ് പണത്തിന്റെ ഉറവിടം അധികൃതരെ ബോധ്യപ്പെടുത്തുന്നത്. എവിടെച്ചെന്നാണ് ഇവര്‍ക്കിതു മാറ്റിയെടുക്കാനാവുക. ആയിരങ്ങളുടെ നോട്ടുകെട്ടുകള്‍ കൈയിലിരുന്നിട്ടും മാരകരോഗം ചികിത്സിക്കാനാവാതെ കഴിയുന്നവരെ കണ്ണീരുകുടിപ്പിക്കാനായിരുന്നോ ഈ സാമ്പത്തികപരിഷ്കരണം.
വന്കിടക്കാരൊക്കെയും നേരത്തെതന്നെ സര്‍ക്കാറിന്റെ ഇത്തരമൊരു പദ്ധതി മണത്തറിഞ്ഞിരിക്കാനുള്ള സാധ്യതയേറെയാണ്. അതിന്റെ ഫലമായി അവര്‍ വലയ്ക്കുള്ളില്‍ കയറാതെ രക്ഷപ്പെട്ടിരിക്കാം. ഏതൊരു പരിഷ്കരണവും നടപ്പിലാക്കുമ്പോള്‍ രാജ്യത്തെ സാധാരണക്കാരെ അതു വേദനിപ്പിക്കുന്നതാകരുത്. ജനം അല്‍പ്പം പ്രയാസപ്പെടുമെങ്കിലും കള്ളപ്പണത്തിനെതിരായ പോരാട്ടമാണിതെന്ന സര്‍ക്കാര്‍ വീരവാദം സമൂഹത്തിന്റെ താഴെക്കിടയിലുള്ളവര്‍ക്ക് എന്താശ്വാസമാണു നല്‍കുക. വിശക്കുന്നവന് ആഹാരവും രോഗികള്‍ക്കു മരുന്നും നിഷേധിക്കപ്പെടുന്ന പരിഷ്കരണം കൊടിയ ദ്രോഹമായി മാത്രമേ കാണാനാകൂ.