2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഇരമ്പട്ടെ, മഞ്ഞക്കടൽ

ജലീൽ അരൂക്കുറ്റി
കൊച്ചി • കൊവിഡ് പ്രതിസന്ധിയിൽ ഗോവയിൽ തളച്ചുപോയ ഇന്ത്യൻ സൂപ്പർ ലീഗ് ഇത്തവണ കൊച്ചിയിൽനിന്ന് ഭാരതയാത്രയ്ക്ക് തുടക്കം കുറിക്കുകയാണ്. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഒഴുകിയെത്തുന്ന പതിനായിരങ്ങൾക്ക് മുന്നിൽ കേരളത്തിന്റെ മഞ്ഞപ്പട ഉദ്ഘാടന മത്സരത്തിന് ഇറങ്ങുമ്പോൾ ലക്ഷ്യം വിജയത്തിൽ തുടങ്ങുന്ന സീസൺ. രാത്രി 7.30ന് ആരംഭിക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി ഈസ്റ്റ് ബംഗാൾ എഫ്.സിയെയാണ് നേരിടുന്നത്.

ഐ.എസ്.എല്ലിലെ മൂന്നാം ഉദ്ഘാടന മത്സരത്തിനാണ് കൊച്ചി സാക്ഷ്യം വഹിക്കുന്നതെന്ന പ്രത്യേകതയുണ്ട്. ആവേശമായി എത്തുന്ന ആരാധകർക്ക് മുന്നിൽ ജയത്തോടെ സീസൺ തുടങ്ങാനുള്ള തന്ത്രങ്ങൾക്കാണ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ നേതൃത്വത്തിലുള്ള സംഘം രൂപം നൽകിയിരിക്കുന്നത്. ഇതുവരെ ഈസ്റ്റ് ബംഗാളുമായി നാലു മത്സരങ്ങളിൽ നേർക്കുനേർ പോരടിച്ചപ്പോൾ മൂന്നിൽ സമനില കണ്ടെത്തിയെങ്കിലും ഒന്നിൽ വിജയിക്കാൻ കഴിഞ്ഞതും കഴിഞ്ഞ സീസണിൽ ഒരു വിജയത്തിൽ മാത്രം എതിരാളികൾ ഒതുങ്ങിയതുമെല്ലാം ബ്ലാസ്‌റ്റേഴ്‌സിന് പ്രതീക്ഷ നൽകുന്നതാണ്. കഴിഞ്ഞ സീസണിൽ 34 പോയിന്റ് നേടിയ ബ്ലാസ്‌റ്റേഴ്‌സ്, ജംഷഡ്പൂരിനെ തോൽപ്പിച്ച് ഫൈനലിൽ കടന്നെങ്കിലും അന്തിമ പോരാട്ടത്തിൽ ഹൈദരാബാദിനോട് തോറ്റു. 2016ന് ശേഷം ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു കഴിഞ്ഞ സീസണിലേത്. കഴിഞ്ഞ സീസണിനെക്കാൾ മികച്ച പ്രകടനം പുറത്തെടുക്കാനാണ് കൊമ്പൻമാരുടെ സ്വന്തം ആശാനും ശിശ്യരും ശ്രമിക്കുക. കൊച്ചിയിലെ മഞ്ഞക്കടൽ അതു തന്നെയാണ് പ്രതീക്ഷിക്കുന്നതും. പരിശീലകനെയും, 16 താരങ്ങളെയും നിലനിർത്തി ടീം ഒരുക്കിയ ബ്ലാസ്റ്റേഴ്‌സിൽനിന്ന് കിരീടത്തിൽ കുറഞ്ഞതൊന്നും ഇത്തവണ ആരാധകർ പ്രതീക്ഷിക്കുന്നില്ല.

പത്ത് പുതുമുഖങ്ങളും ആറ് മലയാളികളുമായി കൊമ്പന്മാർ

മഞ്ഞപ്പടയിൽ ആറ് മലയാളികളാണ് ഇത്തവണ ഇടംപിടിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിൽ കളിച്ച താരങ്ങളെ നിലനിർത്തി 10 പുതുമുഖങ്ങൾക്ക് അവസരം നൽകി പുത്തൻ ഉണർവുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സിന്റെ അരങ്ങേറ്റം. രാഹുൽ കെ.പി, സഹൽ അബ്ദുൽ സമദ്, ശ്രീക്കുട്ടൻ, സച്ചിൻ സുരേഷ്, നിഹാൽ സുധീഷ്, ബിജോയ് വർഗീസ് എന്നിവരാണ് മലയാളി താരങ്ങൾ. 14 യുവതാരങ്ങളാണ് ടീമിലുള്ളത്. ഇതുവഴി ലീഗിന്റെ നിർബന്ധിത ഡെവലപ്‌മെന്റ് പ്ലയേഴ്‌സ് മാനദണ്ഡം പൂർണമായി പാലിക്കാനും ക്ലബ്ബിനായി. കഴിഞ്ഞ സീസണിൽ മുന്നേറ്റം നയിച്ച അൽവാരൊ വാസ്‌കസ്, ജോർജ് പെരേര ഡയസ് എന്നിവർ ഇത്തവണ ടീമിനൊപ്പമില്ല. എന്നാൽ ഗ്രീക്ക് താരമായ ദിമിത്രിയോസ് ഡയമാന്റകോസും ആസ്‌ത്രേലിയൻ താരമായ അപ്പൊസ്‌തോലസ് ജിയാനുവും ഇരുവർക്കും പകരക്കാരായി. ഇവരുടെ അനുഭവ സമ്പത്ത് കേരളത്തിന്റെ സ്‌ട്രൈക്കിങ് പവർ കൂട്ടും. അതേസമയം ഇന്ത്യൻ താരങ്ങളുടെ നിരയിൽ കാര്യമായ മാറ്റങ്ങളില്ല. ഗോൾകീപ്പർ പ്രഭ്‌സുഖൻ ഗിൽ മുതൽ സഹൽ അബ്ദുൽ സമദ് വരെയുള്ള സീനിയർ താരങ്ങളും, ആയുഷ് അധികാരി, ഹോർമിപം റൂയിവ, സൗരവ് മൊണ്ഡൽ, ബ്രൈസ് മിറാൻഡ തുടങ്ങിയ യുവതാരങ്ങളും ടീമിന് പ്രതീക്ഷയാണ്. ക്യാപ്റ്റൻ ജെസെൽ കാർനെയ്‌റോ, പ്രഭ്‌സുഖൻ സിങ് ഗിൽ, വിക്ടർ മോംഗിൽ, അപ്പോസ്‌തോലോസ് ജിയാനു, ഇവാൻ കലിയൂസ്‌നി, സഹൽ അബ്ദുൽ സമദ്, അഡ്രിയാൻ ലൂണ, ഹർമൻജോത് ഖബ്ര, മാർകോ ലെസ്‌കോവിച്ച്, എന്നിവർ ആദ്യ ഇലവനിൽ ഉറപ്പാണ്.

മാറ്റം കൊതിച്ച് ഈസ്റ്റ് ബംഗാൾ

ഐ.എസ്.എൽ ചരിത്രത്തിൽ മൂന്നാം സീസണിന് ഇറങ്ങുന്ന ഈസ്റ്റ് ബംഗാളിന്റെ കഴിഞ്ഞ രണ്ട് സീസണിലെയും പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ആദ്യ സീസണിലെ ഒമ്പതാം സ്ഥാനത്തു നിന്ന് കഴിഞ്ഞ സീസണിൽ 11ാം സ്ഥാനത്തായിട്ടാണ് ഈസ്റ്റ് ബംഗാൾ ഫിനിഷ് ചെയ്തത്. ഇത്തവണ മുൻ ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ കീഴിലാണ് ഈസ്റ്റ് ബംഗാൾ കളിക്കാനിറങ്ങുന്നത്. മൂന്ന് വർഷത്തിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ കോൺസ്റ്റന്റൈൻ വലിയ പ്രതീക്ഷയോടെയാണ് ഈസ്റ്റ് ബംഗാളിനൊപ്പം ആദ്യ സീസണിനെത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.