2020 December 03 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളുടെ മരണം; നാല് ആഴ്ചക്കകം നടപടി സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

യുവതിക്ക് ചികിത്സ നിഷേധിച്ചതായി കണ്ടെത്തിയതായും കമ്മിഷന്‍
സംസ്ഥാന ഡി.എം.ഇക്കും ആരോഗ്യ കുടുംബക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കത്തയച്ചു

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൂര്‍ണ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍. സംഭവത്തില്‍ നാല് ആഴ്ചക്കകം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിയമ വിഭാഗം അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.കെ ശ്രീവാസ്തവ സംസ്ഥാന ഡി.എം.ഇക്കും ആരോഗ്യ കുടുംബക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കത്തയച്ചു. പുത്തനഴി സ്വദേശി ഡോ.സൈനുല്‍ ആബിദീന്‍ ഹുദവി നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവതിക്ക് ചികിത്സ നിഷേധിച്ചതായി കമ്മിഷന്റെ പരിശോധനയില്‍ കണ്ടെത്തിയതായി കത്തില്‍ പറയുന്നു. ചികിത്സാ നിഷേധം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും വിഷയത്തില്‍ ഇതുവരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.സുപ്രഭാതം മഞ്ചേരി ലേഖകനും കൊണ്ടോട്ടി മണ്ഡലം എം.എസ്.എഫ് ജനറല്‍ സെക്രട്ടറിയുമായ എന്‍.സി മുഹമ്മദ് ഷെരീഫ് – സഹല തസ്‌നീം ദമ്പതികളുടെ ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളാണ് സെപ്റ്റംബര്‍ 27ന് മരിച്ചത്. സംഭവം നടന്ന് ഇതുവരെ ആരോഗ്യ വകുപ്പ് അധികൃതരില്‍ നിന്ന് കുറ്റക്കാര്‍ക്കെതിരേ നടപടി ഉണ്ടായിട്ടില്ല. ഈ അവസരത്തിലാണ് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍.
എം.എസ്.എഫ് ദേശീയ കമ്മിറ്റി നല്‍കിയ പരാതിയെ തുടര്‍ന്ന് ദേശീയ ബാലവകാശ കമ്മിഷനും സൈനുല്‍ ആബിദീന്‍ ഹുദവിയുടെ പരാതിയില്‍ ദേശീയ വനിതാ കമ്മിഷനും സംഭവത്തില്‍ ഇടപെട്ടിരുന്നു. വനിതാ കമ്മിഷന്‍ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തു. പ്രസവ വേദന ഉണ്ടെന്ന് അറിയിച്ചിട്ടും ചികിത്സ നല്‍കാതെ യുവതിയെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് നിര്‍ബന്ധപൂര്‍വം മടക്കി അയച്ചെന്നാണ് ബന്ധുക്കളുടെ പരാതി. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നരഹത്യക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് എന്‍.സി ഷെരീഫ് ഒക്ടോബര്‍ ഏഴിന് മലപ്പുറം ജില്ലാ പൊലിസ് മേധാവിക്ക് നല്‍കിയ പരാതിയിലും നടപടി ഉണ്ടായിട്ടില്ല.
മലപ്പുറം ജില്ലാ കലക്ടര്‍ നേരത്തെ കുട്ടികളുടെ പിതാവില്‍ നിന്ന് മൊഴിയെടുത്തിരുന്നു. ചികിത്സാ വിവരങ്ങളും ശേഖരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.എം.പി ശശി, സൂപ്രണ്ട് ഡോ.നന്ദകുമാര്‍ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസും നല്‍കിയിരുന്നു. എന്നാല്‍ മലപ്പുറം എസ്.പിക്ക് നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം പോലും നടന്നിട്ടില്ല.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.