2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളുടെ മരണം മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനു കാരണം കാണിക്കല്‍ നോട്ടിസ്

 

മലപ്പുറം: ചികിത്സ നിഷേധിക്കപ്പെട്ടതിനാല്‍ സുപ്രഭാതം മഞ്ചേരി ലേഖകന്‍ എന്‍.സി ശരീഫ്-സഹല ദമ്പതികളുടെ ഇരട്ടകുഞ്ഞുങ്ങള്‍ മരിക്കാനിടയായ സംഭവത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും പ്രിന്‍സിപ്പലിനും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി.
മഞ്ചേരി മെഡിക്കല്‍ കോളജ് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് പൂര്‍ണ ഗര്‍ഭിണിയായ യുവതി സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി പോകേണ്ടി വരികയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇരട്ടക്കുട്ടികള്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് അധികൃതരുടെ ഭാഗത്തുനിന്നു ഗുരുതരമായ കൃത്യവിലോപം ഉണ്ടായതായി വിലയിരുത്തിയാണ് കലക്ടര്‍ കര്‍ശന നടപടിയിലേക്കു നീങ്ങിയത്.
നോട്ടിസ് ലഭിച്ച് 24 മണിക്കൂറിനകം രേഖാമൂലം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
മറുപടി നല്‍കിയില്ലെങ്കില്‍ യാതൊന്നും ബോധിപ്പിക്കാനില്ലെന്ന നിഗമനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടിസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
രോഗിക്ക് ചികിത്സ നിഷേധിക്കാന്‍ പാടില്ലായിരുന്നുവെന്ന് മാത്രമല്ല കൂടുതല്‍ സൗകര്യങ്ങളുളള മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണെങ്കില്‍ പാലിക്കേണ്ട നിര്‍ദേശങ്ങളും നടപടിക്രമങ്ങളും പാലിച്ചിട്ടില്ല.
ചികിത്സ നിഷേധിച്ച സംഭവം ജില്ലയിലെ ആരോഗ്യ സംവിധാനങ്ങളെക്കുറിച്ച് പൊതുസമൂഹത്തില്‍ അവമതിപ്പുളവാക്കുന്നതിനും കോവിഡ് പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ഥമായി ഏര്‍പ്പെട്ടിരുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുന്നതിനും കാരണമാകുകയും ചെയ്‌തെന്നും കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി വിലരുത്തി.

ക്രിമിനല്‍ കേസെടുക്കണം: ഹൈക്കോടതിയില്‍ ഹരജി

കൊച്ചി: കൊവിഡ് സര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്നു ചികിത്സ കിട്ടാതെ ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹരജി. മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.
കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ അടിയന്തിര ഘട്ടങ്ങളില്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. അഭിഭാഷകനായ ബാലു ഗോപാലകൃഷ്ണനാണ് ഹരജി സമര്‍പ്പിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.