
ലിഗയുടെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവിനും സഹോദരിക്കുമൊപ്പം നിന്ന് നീതിക്ക് വേണ്ടി പോരാടിയ സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാലക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ട നടപടി ഒരു മുന്നറിയിപ്പാണ്. ഗുജറാത്ത് കലാപത്തില്‍ കുടുംബം മുഴുവന്‍ ചുട്ടുചാമ്പലായപ്പോള് അവശേഷിച്ച ഏക പെണ്തരി സാഹിറാ ശൈഖിന് നീതി ലഭ്യമാക്കാന്‍ ഇറങ്ങിത്തിരിച്ച സാമൂഹിക പ്രവര്‍ത്തക ടീസ്ത സെറ്റല്‍വാദിനെ മോദി സര്‍ക്കാര്‍ വേട്ടയാടിയ അതേ രീതി. ഇന്നും ടീസ്ത നിയമനടപടികളുടെ കുരുക്കില്‍ കിടന്ന് ഞെരിയുകയാണ്. സാമ്പത്തിക ക്രമക്കേടാണ് അവര്‍ക്കെതിരേ ചുമത്തിയത്. അശ്വതിക്കെതിരെയുള്ള ആരോപണവും സമാനമാണ്.
മുമ്പ് മഅ്ദനി വിഷയത്തില്‍ സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിയെടുപ്പിച്ചെന്ന സത്യം ലോകത്തോട് വിളിച്ചു പറഞ്ഞ അന്വേഷണാത്മക പത്രപ്രവര്‍ത്തക ഷാഹിനക്കെതിരേ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി കേസെടുത്ത് വിരട്ടിയിരുന്നു.
ഇരകള്‍ക്ക് വേണ്ടി ശബ്ദിക്കുന്നവരെ വേട്ടയാടുന്ന രീതി തന്നെയാണ് പിണറായി സര്‍ക്കാരും സ്വീകരിക്കുന്നത്. കോര്‍പറേറ്റ് വികസനത്തിന്റെ ഇരകളായി തീരുന്നവരുടെ കൂടെ നില്ക്കുന്ന നവരാഷ്ട്രീയ പാര്‍ട്ടികളെയും തീവ്രവാദ, മാവോ ബന്ധം ആരോപിച്ചു കൊണ്ടിരിക്കുന്നതിന്റെ പിന്നിലും ഈ മുന്നറിയിപ്പ് തന്നെയാണ്, ഇരകള്‍ക്ക് വേണ്ടി ആരും ശബ്ദിച്ചു പോകരുത്!