2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഇരകള്‍ക്ക് നീതി ഉറപ്പു വരുത്തണമെന്ന് എം.ഡി.എഫ് ആക്ഷന്‍ കൗണ്‍സില്‍

 

കോഴിക്കോട്: കരിപ്പൂര്‍ എയര്‍ ഇന്ത്യ വിമാന ദുരന്തത്തിലെ ഇരകള്‍ക്ക് പ്രഖ്യാപിക്കപ്പെട്ട ആനുകൂല്യങ്ങളും അര്‍ഹതപ്പെട്ട അവകാശങ്ങളും ഉടനെത്തിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര ശ്രദ്ധ ചെലുത്തണമെന്ന് മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം ആക്ഷന്‍ കൗണ്‍സില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മരണപ്പെട്ടവര്‍ക്ക് എയര്‍ ഇന്ത്യ ഇപ്പോള്‍ നല്‍കിയ പ്രാഥമിക സഹായം വ്യോമയാന മന്ത്രി പ്രഖ്യാപിച്ച അടിയന്തിര സഹായത്തില്‍ ഉള്‍പ്പെടുത്തിയതാണോ എന്നത് ഉറപ്പ് വരുത്തണമെന്ന് എം.ഡി.എഫ് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ടി.വി ഇബ്രാഹിം എം.എല്‍.എ പറഞ്ഞു. ഇന്‍ഷുറന്‍സ് തുക വ്യോമയാന മന്ത്രാലയത്തിന് കൈമാറിയതായി അറിയാന്‍ കഴിഞ്ഞു. എന്നാല്‍ അത് എന്നു ലഭിക്കുമെന്നതില്‍ വ്യക്തതയില്ല. അതേസമയം ഈ അപകടത്തിന്റെ പേരില്‍ കരിപ്പൂരിനെ ഞെക്കിക്കൊല്ലാനുള്ള ഗൂഢാലോചനയും നടക്കുന്നുണ്ട്. ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഴുവന്‍ യാത്രക്കാരുടെയും കിട്ടാനുള്ള ലഗേജിനെ കുറിച്ചും അതിന്റെ ഇന്‍ഷുറന്‍സിനെ പറ്റിയും വ്യക്തത വരുത്തണം. നഷ്ടപ്പെട്ടതും കേടുപാടുകള്‍ വന്നതുമായ യാത്രക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ ഉടനെ മാറ്റി നല്‍കാന്‍ നടപടിയുണ്ടാവണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ പാട്രണ്‍ യു.എ നസീര്‍, വര്‍ക്കിങ് ചെയര്‍മാന്‍ എസ്.എ അബൂബക്കര്‍, ജനറല്‍ കണ്‍വീനര്‍ ആഷിഖ് പെരുമ്പാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.